ഇന്ത്യ സഖ്യമുണ്ടാക്കിയത് ഞാനാണ്, സര്‍ക്കാരുണ്ടാക്കിയാല്‍ ഒപ്പമുണ്ടാവും; യൂടേണടിച്ച് മമത ബാനര്‍ജി
ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിന് പിന്തുണ നല്‍കുമോ എന്ന കാര്യത്തില്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ തിരുത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന തരത്തിലായിരുന്നു മമത മുമ്പ് സംസാരിച്ചത്. താനാണ് ഇന്ത്യ സഖ്യം ഉണ്ടാക്കിയതെന്ന് മമത അവകാശപ്പെട്ടു. ഇന്ത്യ സഖ്യത്തിനുള്ള പിന്തുണയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മമതയുടെ വിശദീകരണം.
കേന്ദ്രത്തില്‍ ഇന്ത്യ സഖ്യം സര്‍ക്കാരുണ്ടാക്കുമ്പോള്‍ താന്‍ അതിന്റെ ഭാഗമായിരിക്കുമെന്നും മമത പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന തരത്തിലായിരുന്നു മമതയുടെ പരാമര്‍ശം. താന്‍ പറഞ്ഞ കാര്യങ്ങള്‍ ഒരുപാട് പേര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഞങ്ങള്‍ ഇന്ത്യ സഖ്യത്തിലുണ്ട്. ഞാനാണ് ഇന്ത്യ സഖ്യമുണ്ടാക്കിയതെന്നും മമത പറഞ്ഞു.

ബംഗാളില്‍ നേരത്തെ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു മമത. കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന തര്‍ക്കങ്ങള്‍ക്ക് ശേഷമായിരുന്നു ഒറ്റയ്ക്ക് മത്സരിക്കാന്‍ മമത തീരുമാനിച്ചത്. പുറത്ത് നിന്ന് പിന്തുണ നല്‍കുമെന്നായിരുന്നു മമത നേരത്തെ വ്യക്തമാക്കി. ബിജെപി പരാജയപ്പെടുകയാണെങ്കില്‍ പ്രതിപക്ഷത്തിന് തന്റെ പിന്തുണയുണ്ടാവുമെന്നും അറിയിച്ചിരുന്നു.
അതേസമയം പ്രതിപക്ഷം വിജയിച്ചാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മമതയെ പരിഗണിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മമത ശക്തമായ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയെ ബംഗാളില്‍ പരോക്ഷമായി പിന്തുണയ്ക്കുകയാണെന്ന് മമത ആരോപിച്ചിരുന്നു.
അതേസമയം മമതയ്‌ക്കെതിരെ കടുത്ത പരാമര്‍ശങ്ങളുമായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി രംഗത്ത് വന്നു. എനിക്ക് മമതയെ ഒട്ടും വിശ്വാസമില്ല. അവര്‍ സഖ്യം വിട്ടതാണ്. ബിജെപിയിലേക്കും അവര്‍ പോകാമെന്നും അധീര്‍ ആരോപിച്ചു.
സഖ്യത്തിന് പുറത്തായാലും അകത്തായാലും അവര്‍ എന്താണ് ചെയ്യുക. എനിക്കറിയില്ല, അവരോട് നിങ്ങള്‍ തന്നെ ചോദിക്കൂവെന്നും മാധ്യമപ്രവര്‍ത്തകരോട് അധീര്‍ ചൗധരി പറഞ്ഞു. എന്തൊക്കെ പറഞ്ഞാലും മമതയെ ഞാന്‍ വിശ്വസിക്കില്ല. അവര്‍ ബിജെപിക്കൊപ്പം പോകുമെന്നും അധീര്‍ പറഞ്ഞു.
ഇന്ത്യ സഖ്യം ബംഗാള്‍ കോണ്‍ഗ്രസിനെ കണക്കിലെടുക്കുന്നില്ലെന്ന് മമത നേരത്തെ പറഞ്ഞിരുന്നു. മമതയ്ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അവര്‍ നേരത്തെ പറഞ്ഞ് തീര്‍ക്കണമായിരുന്നുവെന്ന് അധീര്‍ പറഞ്ഞു. നേരത്തെ കോണ്‍ഗ്രസിനെ തകര്‍ക്കുന്നതിനെ കുറിച്ചാണ് ബിജെപി പറഞ്ഞിരുന്നത്.
കോണ്‍ഗ്രസിന് 40 സീറ്റ്‌പോലും കിട്ടില്ലെന്ന് പറഞ്ഞു. ഇന്ന് മമത പറയുന്നത് കോണ്‍ഗ്രസും ഇന്ത്യ സഖ്യവും അധികാരത്തിലെത്തുമെന്നാണ്. ബിജെപി പരാജയപ്പെടുമെന്ന തിരിച്ചറിവിലാണ് മമത ഇപ്പോള്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാവാന്‍ എത്തിയിരിക്കുന്നതെന്നും അധീര്‍ പറഞ്ഞു.












Click it and Unblock the Notifications