പുതിയ ക്രിമിനല്‍ നിയമങ്ങള്‍ അര്‍ധ രാത്രി മുതല്‍; പുനപ്പരിശോധിക്കണമെന്ന് പ്രധാനമന്ത്രിയോട് മമത
ന്യൂഡല്‍ഹി: പുതിയ ക്രിമിനല്‍ നിയമം നടപ്പാക്കുന്നത് പുനപ്പരിശോധിക്കണമെന്ന് മമത ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് അര്‍ധ രാത്രിയോടെയ നിയമം പ്രാബല്യത്തില്‍ വരാന്‍ ഇരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് മമത. മൂന്ന് നിയമങ്ങളും നടപ്പാക്കുന്ന കാര്യത്തില്‍ വലിയ ആശങ്കയുണ്ടെന്ന് മമത കത്തില്‍ ചൂണ്ടിക്കാണിച്ചു.
തിരക്കിട്ട് പാസാക്കിയതാണ് ക്രിമിനല്‍ നിയമത്തിനായുള്ള മൂന്ന് ബില്ലുകളുമെന്ന് മമത ചൂണ്ടിക്കാണിച്ചു. 146 പ്രതിപക്ഷ എംപിമാര്‍ ആ സമയം സസ്‌പെന്‍ഷനിലായിരുന്നുവെന്നും മമത പറഞ്ഞു. യാതൊരു ചര്‍ച്ചയും ഈ ബില്ലില്‍ നടന്നിട്ടില്ല. പ്രതിപക്ഷ ശബ്ദമാകെ പാര്‍ലമെന്റിന് പുറത്തായിരുന്നുവെന്ന് മമത ചൂണ്ടിക്കാണിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായിട്ടാണ് ഈ ബില്‍ പാസാക്കിയത്. ലോക്‌സഭയിലെ 146 എംപിമാരെയാണ് ബില്‍ പാസാക്കിയ ദിവസം സസ്‌പെന്‍ഡ് ചെയ്തതെന്നും മമത പറഞ്ഞു. ബില്‍ പാസാക്കിയത് ജനാധിപത്യത്തിന്റെ ഏറ്റവും ഇരുണ്ട മണിക്കൂറിലാണ്. ഏകാധിപത്യപരമായ സമീപനമായിരുന്നു അത്.
ആ ബില്ലില്‍ തീര്‍ച്ചയായും പുനപ്പരിശോധന ആവശ്യമാണെന്നും മമത പറഞ്ഞു. ഈ നിയമം നടപ്പാക്കുന്നത് കുറച്ച് വൈകുമെന്നാണ് കരുതുന്നത്. ധാര്‍മികപരമായും പ്രാക്ടിക്കലായും ഇത് നടപ്പാക്കുന്നത് തെറ്റായ കാര്യമാണ്. അതിനാല്‍ തിയതി മാറ്റണമെന്നും മമത ആവശ്യപ്പെട്ടു.
പുതുതായി നിലവില്‍ വന്ന പാര്‍ലമെന്റിന് മുമ്പ് ഈ മാറ്റങ്ങള്‍ കൊണ്ടുവരണം. അവിടെ ഇത് പരിശോധനയ്ക്ക് വിധേയമാകണം, ചര്‍ച്ചകള്‍ നടക്കണമെന്നും മമത പറഞ്ഞു. ഈ നിയമങ്ങള്‍ക്കെതിരെ പൊതുമധ്യത്തില്‍ വളരെയധികം എതിര്‍പ്പുണ്ട്. കാരണം ഇവ തിരക്കിട്ട് പാസാക്കിയതാണ്. പാര്‍ലമെന്റില്‍ ഇത് പുനപ്പരിശോധിക്കപ്പെട്ടാല്‍ മാത്രമേ ജനാധിപത്യ തത്വങ്ങള്‍ പാലിക്കപ്പെടുകയുള്ളൂ.
ഇതിലൂടെ മാത്രമേ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ഈ നിയമങ്ങളെ ഇഴകീറി പരിശോധിക്കാന്‍ സാധിക്കൂവെന്നും മമത പറഞ്ഞു. ഇവ പുനപ്പരിശോധിക്കപ്പെട്ടാല്‍ നിയമസംവിധാനത്തില്‍ ജനങ്ങളുടെ വിശ്വാസം പുനസ്ഥാപിക്കപ്പെടും. രാജ്യത്ത് നിയമവ്യവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
164 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാ നിയമം അടക്കമുള്ള മൂന്ന് നിയമങ്ങളാണ് ഇതോടെ ചരിത്രമാകുക. ഐപിസിക്ക് പകരമായി ഭാരതീയ ന്യായ സംഹിതയും, സിആര്‍പിസിക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും, ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും നിലവില്‍ വരും.
ഞായറാഴ്ച്ച അര്‍ധാരാത്രിക്ക് ശേഷമുള്ള പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതും തുടര്‍ന്ന നടപടികള്‍ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമപ്രകാരമായിരിക്കും. അതേസമയം ഈ കാലയളവിന് മുമ്പുള്ള എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമപ്രകാരമായിരിക്കും നടപടി. അതുപോലെ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളിലെ നടപടിക്രമം പൂര്‍ത്തിയാക്കേണ്ടതും നിലവിലെ നിയമപ്രകാരമായിരിക്കും.












Click it and Unblock the Notifications