കനയ്യയെ അല്ല, തോക്കുവാങ്ങിയത് ഒവൈസിയെ കൊല്ലാനാണെന്ന് യുവാവ്
ദില്ലി: ജെഎന്‍യു കാമ്പസില്‍ നിന്നും തോക്ക് കണ്ടെടുത്തതുമായി ബന്ധപ്പെട്ട അന്വേഷണം വഴിത്തിരിവില്‍. ബസ്സില്‍ നിന്നും തോക്ക് കണ്ടെടുത്തതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുകൊണ്ടിരിക്കെ സംഭവത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഹിന്ദു സംഘടനാ പ്രവര്‍ത്തകന്‍ അമിത് ജാനിയുടേതെന്ന പേരിലുള്ള വാട്‌സ് മെസേജ് ഒരു മാധ്യമം പുറത്തുവിട്ടു.
മെസേജ് പ്രകാരം തോക്ക് വാങ്ങിയത് കനയ്യ കുമാറിനെയും ഉമര്‍ ഖാലിദിനെയും വകവരുത്താനല്ലെന്നും മുസ്ലീം സംഘടനാ പ്രസിഡന്റ് അസാദുദ്ദീന്‍ ഒവൈസിയെ കൊലപ്പെടുത്താനാണെന്നും വ്യക്തമാക്കുന്നു. ഏപ്രില്‍ പത്തിനാണ് ജെഎന്‍യു കാമ്പസിനുള്ളിലെ ബസ്സില്‍ നിന്നും പിസ്റ്റള്‍ കണ്ടെടുത്തത്. ഒപ്പം ഒരു ഭീഷണിക്കത്തും പോലീസിന് ലഭിച്ചിരുന്നു.

2015 സപ്തംബറിലാണ് തോക്ക് വാങ്ങിയതെന്ന് മാധ്യമം പറയുന്നു. രണ്ട് 9എംഎം തോക്കുകളാണ് വാങ്ങിയത്. മുസാഫര്‍ നഗറില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒവൈസി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുമ്പോള്‍ കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍, ഒവൈസിയുടെ സ്ഥാനാര്‍ഥിത്വം ഒഴിവാക്കിയതോടെ ശ്രമം പരാജയപ്പെട്ടു.
ഉത്തര്‍ പ്രദേശ് നവനിര്‍മാണ്‍ സേനാ പ്രവര്‍ത്തകനാണ് അമിത് ജാനി. വിവാദ പരാമര്‍ശങ്ങളുമായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇയാള്‍ കനയ്യ കുമാറിനെയും ഉമര്‍ ഖാലിദിനെയും ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. തോക്ക് കണ്ടെടുത്തശേഷം ഇയാള്‍ ഒളിവിലാണ്. പ്രതിക്കുവേണ്ടി പോലീസ് വ്യാപകമായ തെരച്ചില്‍ നടത്തുന്നുണ്ട്.












Click it and Unblock the Notifications