മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗ് രാജിവെച്ചു; നടപടി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെ
ന്യൂഡൽഹി: മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിംഗ് രാജിവെച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെയാണ് രാജി പ്രഖ്യാപനം. മണിപ്പൂരിനെ ഒന്നാകെ ദുരിതകളമാക്കിയ വംശീയ കലാപം തുടങ്ങി ഒന്നര വർഷത്തിന് ശേഷമാണ് ബീരേൻ സിംഗ് പദവി ഒഴിയുന്നത്. നേരത്തെ കലാപം രൂക്ഷമായ വേളയിൽ ഉൾപ്പെടെ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി പലവട്ടം ആവശ്യപ്പെട്ടിരുന്നു.
മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് മുഖ്യമന്ത്രി ബീരേൻ സിംഗ് രാജിക്കത്ത് കൈമാറി. കലാപ ബാധിത സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ അവിശ്വാസ പ്രമേയത്തിനും കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ വിശ്വാസവോട്ടെടുപ്പും നേരിടാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് രാജിയെന്നാണ് സൂചന.

മണിപ്പൂരിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് രാജിക്ക് ശേഷം ബീരേൻ സിംഗ് പറഞ്ഞു. മറ്റ് ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് രാജ്ഭവനിൽ എത്തി അദ്ദേഹം ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചത്. നേരത്തെ ഇന്ന് ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായും ബീരേൻ സിംഗ് രണ്ട് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
മണിപ്പൂർ നിയമസഭയിൽ ഉടൻ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത രാജി ഉണ്ടായിരിക്കുന്നത്. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ തൽ സ്ഥാനത്ത് തുടരാൻ ബീരേൻ സിംഗിനോട് ഗവർണർ അജയ് ഭല്ല ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നത് ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
മെയ് 2023 മുതൽ മെയ്തേയ്, കുക്കി സമുദായങ്ങൾ തമ്മിലുള്ള വംശീയ അക്രമങ്ങൾക്കിടയിൽ സിംഗ് രാജി വയ്ക്കണമെന്ന് പ്രതിപക്ഷം പലവട്ടം ആവശ്യം ഉയർത്തിയിരുന്നു. എന്നാൽ അന്നൊന്നും തന്നെ രാജി വയ്ക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. നിലവിൽ അവിശ്വാസ പ്രമേയം വന്നാലും ബിജെപിക്ക് ജയിക്കാനുള്ള സംഖ്യ സഭയിൽ ഉണ്ടെന്നതാണ് യാഥാർഥ്യം.
സഖ്യകക്ഷിയായ കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി പിന്തുണ പിൻവലിച്ചെങ്കിലും, സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യപ്പെട്ട എംഎൽഎമാർ വിശ്വാസവോട്ടെടുപ്പിൽ വിപ്പ് അവഗണിക്കുമോ എന്ന ഭയമാണ് ബിജെപിയെ നിലവിലെ നീക്കത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. ഇനി പകരം ആരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുക എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.












Click it and Unblock the Notifications