മണിപ്പൂര്‍ സംഘര്‍ഷം: ബിജെപി എംഎല്‍എയെ ആക്രമിച്ചു, നില ഗുരുതരം; കൂടുതല്‍ കേന്ദ്രസേന രംഗത്ത്
ഇംഫാല്‍: മണിപ്പൂരില്‍ ഇന്നലേയും സംഘര്‍ഷം മൂര്‍ധന്യാവസ്ഥയില്‍. ബി ജെ പി എം എല്‍ എ വുങ്സാഗിന്‍ വാല്‍ട്ടെയെ ഇന്നലെ പ്രതിഷേധക്കാര്‍ ആക്രമിച്ചു. ആക്രമണത്തില്‍ വുങ്സാഗിന്‍ വാല്‍ട്ടെയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് വുങ്സാഗിന്‍ വാല്‍ട്ടെയെ ആക്രമിച്ചത്.
ഫെര്‍സാള്‍ ജില്ലയിലെ തന്‍ലോണില്‍ നിന്ന് മൂന്ന് തവണ എം എല്‍ എയായ വുങ്സാഗിന്‍ വാല്‍ട്ടെ ഇംഫാലിലെ ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. വുങ്സാഗിന്‍ വാല്‍ട്ടെയേയും ഡ്രൈവറെയും രോഷാകുലരായ ജനക്കൂട്ടം ആക്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിഎസ്ഒ രക്ഷപ്പെടുകയായിരുന്നു. വുങ്സാഗിന്‍ വാല്‍ട്ടെ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ഇംഫാലിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ്.

കുക്കി സമുദായത്തില്‍ നിന്നുള്ളയാളാണ് വുങ്‌സാഗിന്‍ വാല്‍ട്ടെ. കഴിഞ്ഞ ബിജെപി സര്‍ക്കാരില്‍ മണിപ്പൂരിലെ ട്രൈബല്‍ അഫയേഴ്‌സ് & ഹില്‍സ് മന്ത്രിയായിരുന്നു. സംസ്ഥാനത്ത് ഗോത്രവര്‍ഗക്കാരും മെയ്തി സമുദായവും തമ്മില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് കലാപസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം അക്രമികളെ കണ്ടാല്‍ ഒരു വഴിയുമില്ലെങ്കില്‍ വെടിവെച്ചിടാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു.
സംസ്ഥാനത്തിന്റെ ക്രമസമാധാനപാലനം കേന്ദ്ര സേന ഏറ്റെടുത്തിരിക്കുകയാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 53 ശതമാനം വരുന്ന ഗോത്രവര്‍ഗക്കാരല്ലാത്ത മെയ്തികളെ എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം എന്നാണ് ഇവരുടെ ആവശ്യം. ഇതിന് എതിരെയാണ് ഗോത്രവര്‍ഗക്കാരുടെ പ്രതിഷേധം. ബുധനാഴ്ച സംസ്ഥാനത്തെ പത്ത് മലയോര ജില്ലകളില്‍ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന്‍ മണിപ്പൂര്‍ (എടിഎസ്യുഎം) 'ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്' സംഘടിപ്പിച്ചിരുന്നു.
ചുരാചന്ദ്പൂര്‍ ജില്ലയിലെ ടോര്‍ബംഗ് ഏരിയയില്‍ നടന്ന മാര്‍ച്ചിനിടെ, സായുധരായ ഒരു ജനക്കൂട്ടം മെയ്തി സമുദായത്തിലെ ആളുകളെ ആക്രമിച്ചുവെന്നാണ് ആരോപണം. ഇതിന് പിന്നാലെ മെയ്തി സമുദായക്കാര്‍ പ്രത്യാക്രമണവുമായി എത്തിയതോടെയാണ് സ്ഥിതി വഷളായത്. ടോര്‍ബംഗില്‍ നിരവധി കടകളും വീടുകളും നശിപ്പിക്കപ്പെടുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രംഗത്തെത്തിയിരുന്നു.
Vastu Tips: വീട്ടില്‍ വാഴയുണ്ടോ... എങ്കില്‍ സന്താനഭാഗ്യം കൈവരും, നടേണ്ടത് എവിടെയെന്നറിയാമോ?
അതേസമയം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തി. മണിപ്പൂരിലുടനീളം പൊട്ടിപ്പുറപ്പെട്ട വ്യാപകമായ കലാപം തടയാന്‍ സൈന്യത്തിന്റെയും അസം റൈഫിള്‍സിന്റെയും അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. അക്രമവും വിദ്വേഷ പ്രചരണങ്ങളും തടയുന്നതിനായി മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.












Click it and Unblock the Notifications