കേംബ്രിഡ്‌ജിലെ പഠനകാലം, സദസിനെ ഞെട്ടിച്ച പ്രസംഗം; മൻമോഹൻ സിംഗിന്റെ നീല തലപ്പാവിന് പിന്നിലെ കഥ ഇതാണ്
ന്യൂഡൽഹി: ആധുനിക ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ പാത വെട്ടിത്തുറന്നുകൊണ്ട് രാജ്യത്തെ മുന്നോട്ട് നയിച്ച വ്യക്തിത്വമായിരുന്നു മൻമോഹൻ സിംഗിന്റേത്. പൊതുവേ മിതഭാഷി ആയിരുന്നെങ്കിലും സാമ്പത്തിക ശാസ്ത്രത്തിന്റെ തന്റെ അഗാധമായ പാണ്ഡിത്യവും അറിവും പകർന്നു നൽകുന്നതിൽ അദ്ദേഹം ഒട്ടും മടി കാണിച്ചിരുന്നില്ല. ഇക്കാരണങ്ങൾ ഒക്കെ കൂടിയാണ് അദ്ദേഹം ഇന്ത്യയുടെ ചരിത്രത്തിൽ വിസ്‌മരിക്കപ്പെടാത്ത പ്രധാനമന്ത്രിമാരിൽ ഒരാളായി എന്നും ജ്വലിച്ചു നിൽക്കുന്നത്.
പൊതുവേദികളിലും പ്രധാനമന്ത്രിയായി സേവനം അനുഷ്‌ഠിക്കുന്ന സമയത്തും ഒക്കെ പതിവായി മൻമോഹൻ സിംഗിനെ തേടിയെത്തിയിരുന്ന ഒരു ചോദ്യം അദ്ദേഹത്തിന്റെ അക്കാദമിക് നേട്ടങ്ങളെ കുറിച്ചോ കുടുംബ ജീവിതത്തെ കുറിച്ചോ ഉള്ളതായിരുന്നില്ല. അദ്ദേഹം ധരിച്ചിരുന്ന തലപ്പാവ് തന്നെയായിരുന്നു ഈ ചോദ്യത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം.

എപ്പോഴും ഇളംനീല നിറത്തിലുള്ള തലപ്പാവ് ധരിച്ചുകൊണ്ടാണ് ഡോ. മൻമോഹൻ സിംഗിനെ വേദികളിൽ നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്. ഇത് പലപ്പോഴും അഭ്യൂഹങ്ങൾക്കും ചിലരുടെയൊക്കെ പരിഹാസത്തിനും ഒക്കെ കാരണമായിരുന്നു. എന്നാൽ സംയമനം കൈവെടിയിടാതെ ഒരിക്കൽ അദ്ദേഹം തന്റെ തലപ്പാവിനെ കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നൽകി.
അന്ന് അദ്ദേഹത്തിന്റെ മറുപടി കേട്ട് സദസ് നിർത്താതെ കരഘോഷം മുഴക്കുന്ന സാഹചര്യവുമായി. കൃത്യം പതിനെട്ട് വർഷങ്ങൾക്ക് മുൻപായിരുന്നു തന്റെ തലപ്പാവിനെ സംബന്ധിച്ചുള്ള രഹസ്യം ഡോ. മൻമോഹൻ സിംഗ് പുറത്തുവിട്ടത്. 2006-ൽ ഡോക്‌ടറേറ്റ് ഓഫ് ലോ ഏറ്റുവാങ്ങി കൊണ്ടായിരുന്നു അദ്ദേഹം ഈ കാര്യത്തിൽ അധികമാർക്കും അറിയാതിരുന്ന രഹസ്യം വെളിപ്പെടുത്തിയത്.
ഇളം നീല തന്റെ പ്രിയപ്പെട്ട നിറങ്ങളിൽ ഒന്നാണെന്നും കേംബ്രിഡ്‌ജിലെ തന്റെ അവിസ്‌മരണീയ ദിനങ്ങളുടെ ഓർമ്മപ്പെടുത്തലാണെന്നും ഇതെന്നുമായിരുന്നു മൻമോഹൻ വിശദീകരിച്ചത്. ഒരു വലിയ സദസിന് മുന്നിൽ നടന്ന ചടങ്ങിൽ ഫിലിപ്പ് രാജകുമാരൻ മൻമോഹൻ സിംഗിന്റെ നീല തലപ്പാവ് ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു അദ്ദേഹം മറുപടി നൽകിയത്.
കേംബ്രിഡ്‌ജിൽ പഠിക്കുന്ന കാലത്ത് സമപ്രായക്കാർ അദ്ദേഹത്തെ സ്‌നേഹപൂർവ്വം "നീല തലപ്പാവ്" എന്ന് വിളിച്ചിരുന്നത് എങ്ങനെയാണെന്നും മുൻ പ്രധാനമന്ത്രി പിന്നീട് വിശദീകരിച്ചിരുന്നു. നിക്കോളാസ് കൽഡോർ, ജോവാൻ റോബിൻസൺ, അമർത്യ സെൻ തുടങ്ങിയ പ്രമുഖ സാമ്പത്തിക വിദഗ്‌ധരുമായി കേംബ്രിഡ്‌ജ് കാലത്തെ ബന്ധത്തെ കുറിച്ചും അദ്ദേഹം മനസ് തുറന്നിരുന്നു.
അതേസമയം, ഇന്നലെ രാത്രി ഒൻപതരയോടെ ആയിരുന്നു മൻമോഹൻ സിംഗിന്റെ അന്ത്യം. വസതിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് മരണത്തിന് കീഴടങ്ങി. അടുത്ത ഏഴ് ദിവസത്തേക്ക് രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ശനിയാഴ്‌ചയാണ് മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക.












Click it and Unblock the Notifications