ഛത്തീസ്ഗഢിൽ വീണ്ടും മാവോയിസ്‌റ്റ് വേട്ട; സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 8 പേർ കൊല്ലപ്പെട്ടു
റായ്‌പൂർ: ഛത്തീസ്ഗഢിൽ വീണ്ടും വൻ മാവോയിസ്‌റ്റ് വേട്ട. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്‌റ്റുകളെയാണ് വധിച്ചത്. ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. രാവിലെ 8.30ഓടെ ഗംഗളൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്‌സലൈറ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് വെടിവെപ്പ് ആരംഭിച്ചത്.
വെസ്‌റ്റ് ബസ്തർ ഡിവിഷനിൽ നിന്നുള്ള മാവോയിസ്‌റ്റ് കേഡറുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളെ തുടർന്നാണ് വെള്ളിയാഴ്‌ച ഓപ്പറേഷൻ ആരംഭിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതിന്റെ തുടർച്ചയായി നടന്ന ഏറ്റമുട്ടലിലാണ് ഇത്രയധികം മാവോയിസ്‌റ്റുകളെ സുരക്ഷാ സേന വധിച്ചത്.

ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സംസ്ഥാന പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), അതിന്റെ എലൈറ്റ് യൂണിറ്റ് കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ) എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഓപ്പറേഷനിൽ പങ്കെടുത്തിരുന്നു.
രാവിലെ മുതൽ മാവോയിസ്‌റ്റുകളുമായി സുരക്ഷാ സേന ഏറ്റുമുട്ടൽ നടത്തി വരികയാണ്. ഓപ്പറേഷൻ ഇപ്പോഴും തുടരുന്നതിനാൽ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരാൻ കാത്തിരിക്കുകയാണ്. സുരക്ഷ ഉറപ്പാക്കുന്നതിനും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി പ്രദേശത്ത് പട്രോളിംഗും മറ്റ് തിരച്ചിൽ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
ശനിയാഴ്‌ച നടന്ന ഏറ്റുമുട്ടലിൽ 600ഓളം സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെട്ടിരുന്നുവെന്നും കാട്ടിലെ മാവോയിസ്‌റ്റുകളുടെ ക്യാമ്പിലേക്ക് ഇരച്ചുകയറുകയായിരുന്നു എന്നുമാണ് ഇതുമായി അടുപ്പമുള്ള വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
ജനുവരി ഒന്ന് മുതൽ ഛത്തീസ്ഗഢിൽ നടന്ന വിവിധ ഏറ്റുമുട്ടലുകളിൽ 48 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസ്ഥാനത്തെ മാവോയിസ്‌റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി നടന്ന ഏറ്റുമുട്ടലുകളിലാണ് ഇത്രയധികം പേരെ വധിച്ചത്.
ഈ വർഷം ഒരു മാസം പിന്നിടുമ്പോഴേക്കും കൊല്ലപ്പെട്ടവരുടെ എണ്ണം അൻപതിനോട് അടുക്കുകയാണ്. 2026 മാർച്ചോടെ ഇന്ത്യയിൽ നിന്ന് ഇടതുപക്ഷ തീവ്രവാദത്തെ ഉന്മൂലനം ചെയ്യാൻ നിർദയമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷമാണ് കടുത്ത നടപടികളിലേക്ക് സംസ്ഥാന സർക്കാരുകൾ കടന്നത്.












Click it and Unblock the Notifications