ഛത്തീസ്ഗഢിൽ വീണ്ടും മാവോയിസ്‌റ്റ് വേട്ട; 12 പേരെ വധിച്ച് സുരക്ഷാ സേന, ഏറ്റമുട്ടൽ നടന്നത് ബീജാപൂരിൽ
റായ്‌പൂർ: ഛത്തീസ്ഗഢിൽ വീണ്ടും വൻ മാവോയിസ്‌റ്റ് വേട്ട. സുരക്ഷാ ഏറ്റുമുട്ടലിൽ 12 നക്‌സലുകൾ കൊല്ലപ്പെട്ടു. ബീജാപൂർ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പുറത്തുപോയ സമയത്താണ് തെക്കൻ ബീജാപൂരിലെ വനത്തിൽ രാവിലെ 9 മണിയോടെ വെടിവെയ്പ്പ് തുടങ്ങിയത്. ഏറ്റുമുട്ടൽ വൈകീട്ട് വരെ നീണ്ടുനിന്നു എന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
മൂന്ന് ജില്ലകളിൽ നിന്നുള്ള സംസ്ഥാന പോലീസിന്റെ ജില്ലാ റിസർവ് ഗാർഡിലെ (ഡിആർജി) ഉദ്യോഗസ്ഥരും കോബ്രയുടെ അഞ്ച് ബറ്റാലിയനുകളും (സിആർപിഎഫിന്റെ എലൈറ്റ് ജംഗിൾ വാർഫെയർ യൂണിറ്റ് കമാൻഡോ ബറ്റാലിയൻ), സിആർപിഎഫിന്റെ 229-ാം ബറ്റാലിയനും ഓപ്പറേഷനിൽ പങ്കെടുത്തതായി മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഏറ്റമുട്ടലിൽ 12 നക്‌സലുകൾ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. പ്രദേശത്ത് തിരച്ചിൽ തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാവേണ്ടതുണ്ട്. സുരക്ഷാ സേനയിലെ അംഗങ്ങൾക്ക് അപകടമൊന്നും പറ്റിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ ഇന്ന് രാവിലെ ബീജാപൂരിലെ ബസഗുഡ മേഖലയിൽ മാവോയിസ്‌റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് കോബ്രയുടെ രണ്ട് കമാൻഡോകൾക്ക് പരിക്കേറ്റിരുന്നു.
അതിന് പിന്നാലെയാണ് 12 പേരെ ഒറ്റയടിക്ക് വധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 26 മാവോയിസ്‌റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ആദ്യമാസം പകുതി പിന്നിടുന്ന വേളയിലാണ് ഇത്രയധികം പേരെ വധിച്ചത്. സംസ്ഥാനത്ത് 2023 അവസാനം മുതൽ മാവോയിസ്‌റ്റ് വിരുദ്ധ പ്രവർത്തനങ്ങളിൽ കാര്യമായ ഉയർച്ചയുണ്ടായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Recommended Video

കഴിഞ്ഞ വർഷം ഒക്ടോബറിൽ അബുജ്മദ് വനമേഖലയിൽ നടന്ന ഒറ്റ ഏറ്റുമുട്ടലിൽ 38 മാവോയിസ്‌റ്റുകളെ വെടിവച്ചു കൊന്നിരുന്നു. ഇതോടെ 2024ൽ മാത്രം ഏകദേശം 219 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് ശേഷം ഈ വർഷവും കടുത്ത നടപടികൾ തുടരുകയാണ്. ജനുവരി 12ന് മദ്ദേഡ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടിരുന്നു.
സമാനമായ ഏറ്റുമുട്ടലുകൾ പിന്നെയും സംസ്ഥാനത്തെ വിവിധ മേഖലകളിൽ നടന്നിരുന്നു. ഈ വർഷം ആദ്യം എട്ട് സുരക്ഷാ സേനാംഗങ്ങൾ ഐഇഡി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് തന്നെ ഏറ്റവും വലിയ രീതിയിൽ മാവോയിസ്‌റ്റ് ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഛത്തീസ്ഗഡ്. അതുകൊണ്ട് തന്നെ കനത്ത സുരക്ഷയും പട്രോളിങും ഒക്കെയായി സുരക്ഷാ സേന ഏത് നിമിഷവും ജാഗരൂകരാണ്.












Click it and Unblock the Notifications