ചെന്നൈയിലെ യുഎസ് കോൺസൽ ജനറലായി ചുമതലയേറ്റ് മരിയാന എൽ നൈഷുലർ; 'ഈ പദവി ഒരു ബഹുമതി'
ചെന്നൈ: ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ കാര്യാലയത്തിന്റെൻറെ ചുമതലയേറ്റെടുത്ത് മരിയാന എൽ നൈഷുലർ. നിർണായകമായ ഈ ഘട്ടത്തിൽ പദവി ഏറ്റെടുത്തത് ഒരു ബഹുമതിയായി താൻ കാണുന്നുവെന്നും അമേരിക്കക്കാർക്കും ഇന്ത്യക്കാർക്കും യഥാർത്ഥ ഫലങ്ങൾ നൽകുന്ന പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നുമാണ് ചുമതല ഏറ്റെടുത്ത ശേഷം അവർ പ്രതികരിച്ചത്.
'ഇന്ത്യ-യുഎസ് ബന്ധത്തിലെ നിർണായകമായ ഈ ഘട്ടത്തിൽ ദക്ഷിണേന്ത്യയിൽ അമേരിക്കയെ പ്രതിനിധീകരിക്കുന്നത് ഞാൻ ഒരു ബഹുമതിയായി കരുതുന്നു. പ്രസിഡൻറ് ട്രംപ്, സെക്രട്ടറി റൂബിയോ, അംബാസഡർ ഗോർ എന്നിവരുടെ നേതൃത്വത്തിൽ അമേരിക്കക്കാർക്കും ഇന്ത്യക്കാർക്കും യഥാർത്ഥ ഫലങ്ങൾ നൽകുന്ന പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്' അവർ പറഞ്ഞു.

'വ്യാപാരബന്ധങ്ങൾ വികസിപ്പിക്കുന്നതും അമേരിക്കൻ വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതും കൂടാതെ നമ്മുടെ ബന്ധം ഏറ്റവും ശക്തമാക്കുന്ന ഘടകമായ ജനങ്ങൾ തമ്മിലുള്ള പരസ്‌പര ബന്ധങ്ങൾ വളർത്തുന്നതും ഞാൻ പ്രതീക്ഷയോടെ നോക്കിക്കാണുന്നു' എന്നും മരിയാന എൽ നൈഷുലർ ചടങ്ങിൽ പറയുകയുണ്ടായി.
ചെന്നൈയിൽ എത്തുന്നതിന് മുമ്പ് കോൺസൽ ജനറൽ നൈഷുലർ യുഎസ് എംബസി താഷ്കെന്റിൽ രാഷ്ട്രീയ-സാമ്പത്തിക കാര്യങ്ങളുടെ കൗൺസിലറായാണ് പ്രവർത്തിച്ചിരുന്നത്. ജെറുസലേം, അമ്മാൻ എന്നിവിടങ്ങളിലെ യുഎസ് എംബസികളിൽ ഡെപ്യൂട്ടി ഇക്കണോമിക് കൗൺസിലറായും വാഷിംഗ്‌ടൺ ഡിസി, ദുബായ്, സ്കോപ്യേ, മോസ്കോ എന്നിവിടങ്ങളിലും സേവനം അവർ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
യുഎസ് വിദേശകാര്യ സേവനത്തിൽ ചേരുന്നതിന് മുമ്പ്, പ്രവാസികളുടെ പ്രതിഫലം, തൊഴിലാളി സുരക്ഷ, ആരോഗ്യ വിവേചനം എന്നീ മേഖലകൾ കേന്ദ്രീകരിച്ച് വാഷിംഗ്‌ടണിലും ദുബായ്, യുഎഇ എന്നിവിടങ്ങളിലും മരിയാന പ്രവർത്തിച്ചിരുന്നു. കൂടാതെ ബോസ്‌നിയ ഹെർസെഗോവിന, ബൾഗേറിയ, ഗ്രീസ്, കൊസോവോ എന്നീ രാജ്യങ്ങളിൽ ആറു വർഷം സീനിയർ റിസർച്ചറായും അവർ പ്രവർത്തിച്ചു.
തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങൾക്ക് പുറമേ മേഖലയിലെ മൂന്ന് പ്രധാന കേന്ദ്രഭരണ പ്രദേശങ്ങളായ ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിൽ അമേരിക്കൻ താൽപ്പര്യങ്ങളും യുഎസ്-ഇന്ത്യ ബന്ധങ്ങളും മുന്നോട്ട് കൊണ്ടുപോകാനും അവ കൃത്യമായി പരിപാലിക്കാനുമുള്ള ചുമതല അവർക്കാണ്.
നേരത്തെ ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി ചുമതല ഏറ്റെടുത്ത ശേഷം ഇന്ത്യയും യുഎസും തമ്മിൽ വ്യാപാര കരാറിൽ ഉൾപ്പെടെ എത്തിച്ചേർന്നിരുന്നു. നിലവിൽ യുഎസ്-ഇസ്രായേൽ സഖ്യം പശ്ചിമേഷ്യയിലെ അവരുടെ പ്രധാന ഭീഷണിയായ ഇറാനെതിരെ സംയുക്തമായി ആക്രണം അഴിച്ചുവിടുന്ന വേളയിലാണ് മരിയാനയുടെ പദവി ഏറ്റെടുക്കൽ.












Click it and Unblock the Notifications