പാകിസ്ഥാന്‍ പറഞ്ഞത് പച്ചക്കള്ളം സുന്‍ജ്വാന്‍ ആക്രമണത്തില്‍ പങ്ക്, സൈന്യത്തെ കളിയാക്കി മസൂദ് അസ്ഹര്‍
സുന്‍ജ്വാന്‍ ആക്രമണത്തില്‍ ഇന്ത്യ വിറച്ചെന്നാണ് മസൂദ് അസ്ഹറിന്റെ പരാമര്‍ശം
ദില്ലി: സുന്‍ജ്വാന്‍ ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന പാകിസ്ഥാന്‍ വാദം പൊളിയുന്നു. ആക്രമണത്തിന് പിന്നില്‍ പാകിസ്താനില്‍ നിന്നുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ ഇന്ത്യയെയും ഇന്ത്യന്‍ സൈന്യത്തെയും പരിഹസിച്ച് രംഗത്തെത്തിയതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്.
ഇപ്പോഴത്തെ പ്രസ്താവനയോടെ ആസൂത്രിതമായ ആക്രമണമാണ് അതിര്‍ത്തിയില്‍ ഉണ്ടായതെന്ന് വ്യക്തായിരിക്കുകയാണ്. അതേസമയം പാകിസ്ഥാന്‍ മസൂദ് അസ്ഹറിന്റെ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല. വരുംദിവസങ്ങളില്‍ ഈ വിഷയം ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്താനും സാധ്യതയുണ്ട്.

ഇന്ത്യ വിറച്ചു
സുന്‍ജ്വാന്‍ ആക്രമണത്തില്‍ ഇന്ത്യ വിറച്ചെന്നാണ് മസൂദ് അസ്ഹറിന്റെ പരാമര്‍ശം. മൂന്നു ദിവസം സൈനിക ക്യാംപിലുണ്ടായ ആക്രമണം അവരുടെ ആത്മവീര്യം തകര്‍ക്കുന്നതായിരുന്നു. ഇന്ത്യയുടെ തല മുതല്‍ വാലു വരെ വിറച്ചുപോയെന്ന് സംഘടനയുടെ ഓണ്‍ലെന്‍ പ്രസിദ്ധീകരണത്തില്‍ മസൂദ് അവകാശപ്പെട്ടു. രണ്ടു ലേഖനങ്ങളാണ് ഇതിനെ കുറിച്ച് പ്രസിദ്ധീകരിച്ചത്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുക്കുന്നുവെന്ന് ആദ്യത്തെ ലേഖനത്തില്‍ ക്യത്യമായി പരാമര്‍ശിച്ചിട്ടില്ല.

അഫ്‌സല്‍ ഗുരു സ്‌ക്വാഡ്
ജെയ്‌ഷെയുടെ അഫ്‌സല്‍ ഗുരു സ്‌ക്വാഡാണ് ആക്രമണത്തിന് പിന്നിലെന്ന് രണ്ടാമത്തെ ലേഖനത്തില്‍ മസൂദ് അവകാശപ്പെട്ടു. വെറും മൂന്ന് ഭീകരര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ സൈനിക സന്നാഹങ്ങളെ നേരിട്ടത്. കനത്ത സൈനിക വ്യൂഹം, പ്രത്യേക സംഘം, ഹെലികോപ്ടറുകള്‍, ടാങ്കറുകള്‍ എന്നിവയുണ്ടായിട്ടും ഭീകരര്‍ക്ക് മുന്നില്‍ ഇന്ത്യ വിറച്ചുപോയെന്ന് മസൂദ് പറഞ്ഞു. ഭീകരര്‍ ഖാലിദ് ബിന്‍ വാലീദിന്റെ അഭിമാനം സംരക്ഷിച്ചതായും മസൂദ് പറഞ്ഞു.

മാസങ്ങളോളം ഒളിച്ചിരുന്നു
ആക്രമണം നടത്തിയ മൂന്നു ഭീകരര്‍ കഴിഞ്ഞ ഏഴുമാസത്തോളം ജമ്മുവില്‍ ഒളിച്ച് താമസിക്കുകയായിരുന്നു. ഇവര്‍ ഏപ്പോള്‍ വേണമെങ്കിലും ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി സൈനിക വക്താവ് പറഞ്ഞു. 300ലധികം ഭീകരര്‍ ഏത് നിമിഷവും ഇന്ത്യന്‍ സൈനിക ക്യാംപ് ആക്രമിക്കാനായി നിയന്ത്രണരേഖയില്‍ ഒളിച്ചിരിക്കുന്നുണ്ട്. ഇതിന് നേതൃത്വം നല്‍കുന്നത് പാകിസ്ഥാനാണ്. അവരുടെ സൈന്യം രഹസ്യമായി ഈ നീക്കങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും സൈനിക വക്താവ് ആരോപിച്ചു.

പാകിസ്ഥാന്റെ വാദം
ജെയ്‌ഷെ മുഹമ്മദ് പോലുള്ള സംഘടനകള്‍ പാകിസ്ഥാനില്‍ വേരോട്ടമില്ലെന്നാണ് അവരുടെ വാദം. സുന്‍ജ്വാനിലെ ആക്രമണത്തില്‍ പാകിസ്ഥാന് പങ്കില്ല. എന്നാല്‍ ഇന്ത്യ തെളിവില്ലാതെ പാകിസ്ഥാനെതിരെ അപവാദപ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യ വിശദമായ അന്വേഷണം നടത്തണം. കശ്മീരിലെ അതിക്രമങ്ങള്‍ ഇന്ത്യ അവസാനിപ്പിക്കണം. പാകിസ്ഥാന്റെ പേരില്‍ ഇന്ത്യ അവിടെ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു.

വലിയ വില നല്‍കേണ്ടി വരും
ആക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ രംഗത്തെത്തിയിരുന്നു. ഈ കൈവിട്ട കളിക്ക് പാകിസ്ഥാന്‍ വലിയ വില നല്‍കേണ്ടി വരുമെന്നായിരുന്നു നിര്‍മല പറഞ്ഞത്. സുന്‍ജ്വാനില്‍ ആക്രമണം നടത്തിയത് പാകിസ്ഥാനാണെന്ന് അറിയാം. എല്ലാവിധ തെളിവുകള്‍ ഇന്ത്യയുടെ കൈയ്യിലുണ്ട്. ഇക്കാര്യം അന്താരാഷ്ട്ര വേദികളില്‍ അവതരിപ്പിക്കും. ഭീകരയ്‌ക്കെതിരെ നടപടിയെടുക്കേണ്ട സമയമായെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications