ജമ്മു കശ്‌മീരിലെ കിഷ്ത്വാറിൽ അതിശക്തമായ മേഘവിസ്‌ഫോടനം; 15 മരണം, രക്ഷാപ്രവർത്തനം തുടരുന്നു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്ത്വാറിൽ വ്യാഴാഴ്‌ച ഉണ്ടായ വൻ മേഘവിസ്ഫോടനത്തിൽ 15 പേർ മരിക്കുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മാതാ ചണ്ഡിയുടെ ഹിമാലയൻ ദേവാലയത്തിലേക്കുള്ള മച്ചൈൽ മാതാ യാത്രയുടെ പാതയിലാണ് അപ്രതീക്ഷിത ദുരന്തം ഉണ്ടായത്, ഇതോടെ തീർത്ഥാടന പാത പൂർണമായും തകർന്നു.
യാത്രയ്ക്കായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥനും മരിച്ചവരിൽ ഉൾപ്പെടുന്നു. മറ്റ് മൂന്ന് സിഐഎസ്എഫ് ജവാൻമാരെയും അപകടം നടന്ന സ്ഥലത്ത് നിന്ന് കാണാതായിട്ടുണ്ട്. വിവരമറിഞ്ഞ രക്ഷാപ്രവർത്തകർ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു.

രക്ഷപ്പെട്ടവരെ കണ്ടെത്തുന്നതിനും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നതിനുമായി വലിയ തോതിലുള്ള പ്രവർത്തനങ്ങൾ നിലവിൽ മേഖലയിൽ പുരോഗമിക്കുകയാണ്. യാത്രയുടെ ആരംഭ സ്ഥാനത്ത് നിന്ന് തീർത്ഥാടകരെ തിടുക്കത്തിൽ ഒഴിപ്പിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.
മേഘവിസ്ഫോടനം മൂലമുണ്ടായ വെള്ളപ്പൊക്കത്തിന്റെ വ്യാപ്‌തി വെളിവാക്കുന്ന ദൃശ്യങ്ങളും മേഖലയിൽ നിന്നും വന്നിട്ടുണ്ട്. മിന്നൽ പ്രളയം പോലെയുള്ള സാഹചര്യങ്ങൾക്ക് സാധ്യത ഉള്ളതിനാൽ തന്നെ ആളുകൾ സുരക്ഷിത സ്ഥാനത്തേക്ക് മടങ്ങണമെന്ന് അധികാരികൾ ആഹ്വാനം ചെയ്‌തിട്ടുണ്ട്. നിലവിൽ മേഖല ഒന്നാകെ ഒറ്റപ്പെട്ട നിലയിലാണ്.
മച്ചൈൽ മാതാ യാത്രയുടെ ആരംഭ പോയിന്റും കിഷ്ത്വാറിലെ മാതാ ചണ്ഡിയുടെ ഹിമാലയൻ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ അവസാനത്തെ വാഹനയോഗ്യമായ ഗ്രാമവുമാണ് മേഘവിസ്‌ഫോടനം ഉണ്ടായിരിക്കുന്ന ചഷോതി. വെള്ളപ്പൊക്കത്തെത്തുടർന്ന് വാർഷിക യാത്ര താൽക്കാലികമായി നിർത്തിവച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
'മച്ചൈൽ മാതാ യാത്രയുടെ ആരംഭ സ്ഥലമായ കിഷ്ത്വാറിലെ ചഷോട്ടി പ്രദേശത്ത് ഒരു പെട്ടെന്നുള്ള വെള്ളപ്പൊക്കം ഉണ്ടായി. രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്'; ഡെപ്യൂട്ടി കമ്മീഷണർ കിഷ്ത്വാർ പങ്കജ് ശർമ്മ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നീണ്ട നിര തന്നെ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നിലവിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.
ഉധംപൂർ ബേസിൽ നിന്ന് മേഘവിസ്ഫോടന ബാധിത പ്രദേശത്തേക്ക് ആധുനിക ഉപകരണങ്ങൾ സജ്ജീകരിച്ച 180 അംഗങ്ങളെ എൻഡിആർഎഫ് ഇതിനകം വിന്യസിച്ചിട്ടുണ്ട്. മേഘവിസ്ഫോടനത്തെ ക്കുറിച്ച് എംഎൽഎ സുനിൽ കുമാർ ശർമ്മയുമായി സംസാരിച്ചതായി ജമ്മു കശ്‌മീർ ഉദംപൂരിൽ നിന്നുള്ള എംപിയായ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.
മേഘവിസ്ഫോടനത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി ജമ്മു കശ്‌മീർ ഗവർണർ മനോജ് സിൻഹ പറഞ്ഞു. 'ദുരിതമനുഭവിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു' എന്നായിരുന്നു മനോജ് സിൻഹ ദുരന്തത്തിന് പിന്നാലെ അറിയിച്ചത്.
രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം സിവിൽ, പോലീസ്, ആർമി, എൻഡിആർഎഫ്, എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications