ഹിമാചൽ പ്രദേശിലെ ബിലാസ്‌പൂരിൽ വൻ മണ്ണിടിച്ചിൽ; ബസ് അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി, 18 മരണം
ഷിംല: ഹിമാചൽ പ്രദേശിലെ ബിലാസ്‌പൂരിൽ വൻ മണ്ണിടിച്ചിലുണ്ടായതിന് പിന്നാലെ ബസ് കുടുങ്ങി അപകടം. ദുരന്തത്തിൽ കുറഞ്ഞത് 18 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ബല്ലു പാലത്തിന് സമീപം ഒരു സ്വകാര്യ ബസ് മണ്ണിനടിയിൽപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയത്. നിരവധി യാത്രക്കാരെയും വഹിച്ചുകൊണ്ട് പോയ ബസാണ് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്‌ച രാത്രി 9:04നാണ് അപകടം നടന്നത്. നിലവിൽ മേഖലയിൽ ബസിലെ മുഴുവൻ പേരെയും പുറത്തെടുക്കാൻ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ട്. ഒരു കുട്ടിയെയും മറ്റ് മൂന്ന് പേരെയും അപകടസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയെന്നാണ് വിവരം. എങ്കിലും അപകടസമയത്ത് ബസിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല.

അപകടം നടന്ന സമയത്ത് ബസ് മരോട്ടൻ-കലൗൾ റൂട്ടിലാണ് ബസ് സർവീസ് നടത്തിയിരുന്നത്. അപകടവിവരം അറിഞ്ഞതിന് പിന്നാലെ പോലീസ്, അഗ്നിശമന സേന, ദുരന്ത നിവാരണ അതോറിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ സ്ഥലത്തെത്തി അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുക്കു ദുരന്തത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തി. 'ബിലാസ്‌പൂർ ജില്ലയിലെ ഝണ്ടൂട്ട അസംബ്ലി മണ്ഡലത്തിലെ ബാലുഘാട്ടിലുണ്ടായ (ബല്ല പാലം) മണ്ണിടിച്ചിൽ എന്നെ ഞെട്ടിച്ചു; അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. 'ഒരു സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് 10 പേർ മരിച്ചുവെന്ന വാർത്ത സങ്കടകരമാണ്. നിരവധി പേർ അവശിഷ്‌ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ട്' അദ്ദേഹം പറഞ്ഞു.
യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മുഴുവൻ സംവിധാനങ്ങളും വിന്യസിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രാദേശിക ഭരണകൂടവുമായി നിരന്തര സമ്പർക്കത്തിലാണെന്നും രക്ഷാപ്രവർത്തനങ്ങളുടെ ഓരോ നിമിഷവും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരിച്ചവരുടെ ആത്മാവിന് ശാന്തി നേരുന്നുവെന്നും ദുരിതത്തിലായ കുടുംബങ്ങൾക്ക് ഈ ദുരിതകാലത്ത് ശക്തി ലഭിക്കട്ടെയെന്നും മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുക്കു പറഞ്ഞു. എല്ലാ ദുരിതബാധിതർക്കും ഒപ്പമുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി. രക്ഷാപ്രവർത്തനങ്ങൾക്കായി ആവശ്യമായ എല്ലാ കാര്യങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രാദേശികവാസികൾ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. അവരുടെ അടിയന്തര ഇടപെടൽ നിർണായകമാണ്. ജെസിബി യന്ത്രം ഉപയോഗിച്ച് അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഔദ്യോഗിക ടീമുകൾക്കൊപ്പം ചേർന്ന് കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ നാട്ടുകാരും ശ്രമിക്കുകയാണ്.
ബിലാസ്‌പൂർ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ധനസഹായം നൽകും. കൂടാതെ, പരിക്കേറ്റ എല്ലാ യാത്രക്കാർക്കും 50,000 രൂപ വീതം ധനസഹായം നൽകും.












Click it and Unblock the Notifications