മായങ്ക് ഗാന്ധി ആം ആദ്മിയില്‍ നിന്നും രാജിവെച്ചു
മുംബൈ: മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവ് മായങ്ക് ഗാന്ധി പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവില്‍ നിന്നും രാജിവെച്ചു. രാഷ്ട്രീയത്തിലുള്ള താത്പര്യം ഇല്ലാതായതിനെ തുടര്‍ന്നാണ് രാജിയെന്ന് മായങ്ക് ഗാന്ധി അറിയിച്ചു. മഹാരാഷ്ട്രയിലെ ആം ആദ്മി പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ് മായങ്ക് ഗാന്ധി.
അടുത്തിടെ കെജ് രിവാളെനിരെ രൂക്ഷവിമര്‍ശനവുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു. കെജ് രിവാള്‍ നരേന്ദ്ര മോദിയായി മാറിക്കഴിഞ്ഞെന്നായിരുന്നു മായങ്ക് ഗാന്ധിയുടെ വിമര്‍ശനം. അരവിന്ദ് കെജ് രിവാളിനും പാര്‍ട്ടിയിലെ സുഹൃത്തുക്കള്‍ക്കും എന്ന രീതിയില്‍ തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കത്തിലാണ് മായങ്ക് ഗാന്ധി പാര്‍ട്ടിയില്‍ നിന്നും ഒഴിവാകുന്ന കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

ദേശീയ എക്‌സിക്യുട്ടീവില്‍ തുടരുന്നതിന് തന്റെ മനസ് അനുവദിക്കുന്നില്ല. എന്റെ രാജിക്കത്ത് കെജ് രിവാള്‍ സ്വീകരിക്കണം. മഹാരാഷ്ട്രയിലേക്ക് കുറേക്കൂടി മികച്ച ഒരാളെ തെരഞ്ഞെടുക്കാന്‍ ആം ആദ്മിക്ക് സാധിക്കുമെന്നും അദ്ദേഹം കുറിച്ചു. യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും ആം ആദ്മി പുറത്താക്കിയപ്പോള്‍ പ്രതികരിച്ച നേതാക്കളില്‍ ഒരാള്‍ കൂടിയാണ് മായങ്ക് ഗാന്ധി.
2011 മുതല്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടിക്ക് മികച്ച രീതിയില്‍ മുന്നോട്ടുപോകാന്‍ കഴിയട്ടെയെന്നും രാജ്യത്തെ തന്നെ മുന്നോട്ടു നയിക്കാന്‍ പാര്‍ട്ടിക്കു സാധിക്കുമെന്നും മായങ്ക് ഗാന്ധി ബ്ലോഗിലൂടെ വ്യക്തമാക്കി.












Click it and Unblock the Notifications