മായാവതിയും കെസിആറും ദേശീയ തലത്തില്‍ അപ്രസക്തം; തെലങ്കാനയിലും യുപിയിലും തകര്‍ന്നടിയും
ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വന്‍ തിരിച്ചടി നേരിട്ട് മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസ്സും. നേരത്തെ തന്നെ ഏകദേശം സൂചനകളുണ്ടായിരുന്നുവെങ്കിലും ദേശീയ തലത്തില്‍ ഇവര്‍ രണ്ടുപേരും അപ്രസക്തരായിരിക്കുകയാണ്.
മായാവതി അഞ്ച് വര്‍ഷം മുമ്പ് പ്രതിപക്ഷ സഖ്യത്തിനൊപ്പമായിരുന്നു മത്സരിച്ചത്. എന്നാല്‍ അവര്‍ക്കും നേട്ടമൊന്നും അവകാശപ്പെടാനില്ലായിരുന്നു. ഇത്തവണ ഒറ്റയ്ക്ക് മത്സരിച്ചപ്പോഴേ മായാവതിയുടെ ബിഎസ്പി തകരുമെന്ന് ഉറപ്പായിരുന്നു. ഇന്ത്യ ടുഡേ സര്‍വേയില്‍ ബിഎസ്പി ഇത്തവണ സീറ്റുകളേ ഉണ്ടാവാതിരിക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.

ബിജെപിക്ക് 64 മുതല്‍ 67 വരെ സീറ്റുകളാണ് ഇന്ത്യാ ടുഡേ സര്‍വേയില്‍ പ്രവചിക്കുന്നത്. അതേസമയം സമാജ് വാദി പാര്‍ട്ടി ഏഴ് മുതല്‍ 9 സീറ്റുകള്‍ വരെ നേടിയേക്കും. അതേസമയം എസ്പിയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് ഒന്ന് മുതല്‍ മൂന്ന് സീറ്റുകള്‍ വരെയും നേടിയേക്കും. ബിഎസ്പിക്ക് പരമാവധി ഒരു സീറ്റാണ് സര്‍വേ പ്രവചിക്കുന്നത്.
വട്ടപൂജ്യമാകാനുള്ള സാധ്യതയിലേക്കും സര്‍വേ വിരല്‍ ചൂണ്ടുന്നുണ്ട്. ബിഎസ്പിയുടെ വോട്ട് ശതമാനത്തിലും ഇത്തവണ വന്‍ ഇടിവാണ് ഉണ്ടാവുകയെന്ന് സര്‍വേ പറയുന്നു. സാധാരണ വോട്ട് ശതമാനത്തില്‍ പ്രതിപക്ഷ നിരയില്‍ എസ്പി മുന്നേറാറുണ്ട്. വെറും എട്ട് ശതമാനം മാത്രമാണ് സര്‍വേയില്‍ പ്രവചിക്കുന്നത്.
ഒരുവിധം എല്ലാ സര്‍വേയിലും ബിഎസ്പി നിഷ്പ്രഭമാകുമെന്നാണ് പ്രവചിക്കുന്നത്. മായാവതി സ്വന്തം അനന്തരവനെയാണ് പാര്‍ട്ടി ഏല്‍പ്പിച്ചത്. എന്നാല്‍ കാര്യമായ മുന്നേറ്റം പാര്‍ട്ടിക്കുണ്ടാവില്ലെന്ന് സര്‍വേ സൂചിപ്പിക്കുന്നു. അതേസമയം കെ ചന്ദ്രശേഖര റാവുവിന്റെ കാര്യം അതിലും ദയനീയമാണ്. ഭാരതീയ രാഷ്ട്രീയ സമിതി പരമാവധി നേടുക ഒരു സീറ്റ് മാത്രമായിരിക്കുമെന്നാണ് ഇന്ത്യ ടുഡേ സര്‍വേ പറയുന്നത്.
പൂജ്യത്തിലേക്ക് വീഴാനും സാധ്യതയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം നഷ്ടമായ കെസിആറിന് മകള്‍ ജയിലില്‍ ആയത് അടക്കം വന്‍ തിരിച്ചടിയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി വരുന്നതോടെ സംസ്ഥാനത്തും ദേശീയ രാഷ്ട്രീയത്തിലും ഇവര്‍ അപ്രസക്തരാകും.












Click it and Unblock the Notifications