രാഷ്ട്രീയ പിന്‍ഗാമിയെ പ്രഖ്യാപിച്ച് മായാവതി, ആകാശ് ആനന്ദിന് പുനര്‍നിയമനം; മാറ്റങ്ങളുമായി ബിഎസ്പി
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ബിഎസ്പിയില്‍ തലമുറ മാറ്റം. പാര്‍ട്ടിയുടെ ദേശീയ കോഓര്‍ഡിനേറ്ററായി അനന്തരവന്‍ ആകാശ് ആനന്ദിനെ പുനര്‍നിയമിച്ചിരിക്കുകയാണ് മായാവതി. അതോടൊപ്പം തന്റെ രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശിയായും ആകാശിനെ പ്രഖ്യാപിച്ചിരിക്കുകയാണ് മായാവതി.
ബിഎസ്പിയെ അടുത്ത തിരഞ്ഞെടുപ്പാവുമ്പോഴേക്ക് ആനന്ദ് നയിക്കാനാണ് സാധ്യത. ബിഎസ്പിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായകമായ പ്രഖ്യാപനമുണ്ടായത്. രാഷ്ട്രീയ പിന്‍ഗാമിയെ പ്രഖ്യാപിച്ചതിലൂടെ ബിഎസ്പി വലിയ മാറ്റങ്ങളാണ് പാര്‍ട്ടിയില്‍ ആരംഭിച്ചിരിക്കുന്നത്.

ബിഎസ്പിയുടെ ദേശീയ ജനറല്‍ സെക്രട്ടറി മേവാലാല്‍ ഗൗതമം പാര്‍ട്ടിയിലെ പുതിയ മാറ്റങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ബിഎസ്പിയുടെ നിര്‍ണായക യോഗത്തിലേക്ക് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എല്ലാ നേതാക്കളും, ദേശീയ ചുമതലയുള്ളവരും എത്തിയിരുന്നു. മെയില്‍ മായാവതി ആകാശിനെ ഇതേ പദവിയില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
പക്വതയെത്തിയ ശേഷം ഈ പദവിയിലേക്ക് ആകാശിന് തിരികെ കൊണ്ടുവരുമെന്നും മായാവതി പറഞ്ഞിരുന്നു. ദേശീയ കോര്‍ഡിനേറ്ററായും അതുപോലെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായും ആകാശിനെ നിയമിച്ച കാര്യം പ്രഖ്യാപിച്ച മായാവതി, വിശാല താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും പറഞ്ഞു.
നേരത്തെ സിതാപൂര്‍ പോലീസ് ആകാശിനെതിരെ കേസെടുത്തിരുന്നു. വിദ്വേഷവും മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വളര്‍ത്തുവെന്നാരോപിച്ചായിരുന്നു കേസെടുത്തത്. ഇതേ തുടര്‍ന്നാണ് പദവിയില്‍ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തത്. ബിജെപി സര്‍ക്കാരിനെ രാജ്യദ്രോഹികളുടെ സര്‍ക്കാര്‍ എന്നായിരുന്നു തിരഞ്ഞെടുപ്പ് റാലിയില്‍ ആകാശ് വിശേഷിപ്പിച്ചത്.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി 424 സീറ്റിലാണ് മത്സരിച്ചത്. യുപിയില്‍ മാത്രം 79 സീറ്റിലും മത്സരിച്ചു. എന്നാല്‍ ഒരൊറ്റ സീറ്റില്‍ പോലും അവര്‍ വിജയിച്ചിട്ടില്ല. യുപിയില്‍ മായാവതിയുടെ രാഷ്ട്രീയത്തിന് അന്ത്യമായി എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അടക്കം വിലയിരുത്തിയിരുന്നു.
ചന്ദ്രശേഖര്‍ ആസാദ് അടക്കം ദളിത് വോട്ടുകളെ ഭിന്നിപ്പിച്ച സാഹചര്യത്തില്‍ ബിഎസ്പി യുപിയില്‍ അപ്രസക്തമായിരിക്കുകയാണ്. അതേസമയം ബിഎസ്പിയുടെ നിര്‍ണായക യോഗത്തിന് മുമ്പ് ആകാശിനെ മാറ്റിയത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സ്ഥാനാര്‍ത്ഥികളില്‍ ചിലര്‍ പറഞ്ഞിരുന്നു.
പ്രചാരണത്തില്‍ നിന്ന് ആകാശ് പിന്‍മാറിയത് മുസ്ലീം-ദളിത് വോട്ടുകള്‍ എസ്പി-കോണ്‍ഗ്രസ് സഖ്യത്തിലേക്ക് പോകാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. യുവ വോട്ടര്‍മാരും ഇതുകാരണം പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്നും അഭിപ്രായമുയര്‍ന്നിരുന്നു. ഇരുപതോളം തിരഞ്ഞെടുപ്പ് റാലികള്‍ ആകാശ് നടത്തിയിരുന്നു. അതിന് ശേഷമാണ് ആകാശിനെ മാറ്റിയത്.












Click it and Unblock the Notifications