2000 രൂപക്ക് മുകളിലുള്ള യുപിഐ ഇടപാടുകളിലെ എംഡിആർ; തീരുമാനം സ്‌റ്റേ ചെയ്യാതെ സുപ്രീം കോടതി

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം സ്‌റ്റേ ചെയ്യാതെ സുപ്രീം കോടതി. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്‌ച കേസ് പരിഗണിച്ചത്. കേന്ദ്രസർക്കാർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവരോട് നാല് ആഴ്‌ചയ്ക്കകം മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു.

2000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരി ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിന്റെ നിയമപരമായ അടിസ്ഥാനവും വിശദീകരിക്കണമെന്ന് കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എൻ വെങ്കടരാമൻ, യുപിഐ പേയ്മെന്റ് സംവിധാനത്തിലെ 96 ശതമാനം ഉപയോക്താക്കളെയും പുതിയ നിരക്ക് ബാധിക്കില്ലെന്ന് കോടതിയെ അറിയിച്ചു. വിഷയം നിയമപരമായതിനേക്കാൾ സാങ്കേതിക സ്വഭാവമുള്ളതാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

upi

ഏകദേശം ആറ് വർഷമായി പൂർണമായും സൗജന്യമായി തുടരുന്ന യുപിഐ ഇടപാടുകളിൽ മാറ്റം വരുത്തിയാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഒക്ടോബർ 15 മുതൽ 2000 രൂപയ്ക്ക് മുകളിലുള്ള വ്യക്തികളിൽ നിന്ന് വ്യാപാരിയിലേക്കുള്ള ചില ഇടപാടുകൾക്ക് 0.4 ശതമാനം വ്യാപാരി കിഴിവ് നിരക്ക് ഏർപ്പെടുത്താനാണ് തീരുമാനം. വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കുള്ള ഇടപാടുകൾക്കും 2000 രൂപ വരെയുള്ള വ്യാപാരി ഇടപാടുകൾക്കും നിരക്ക് ഉണ്ടാകില്ല.

പുതിയ സംവിധാനപ്രകാരം 75,000 രൂപയോ അതിൽ കൂടുതലോ ഉള്ള ഇടപാടുകൾക്ക് പരമാവധി 300 രൂപയായിരിക്കും നിരക്ക്. ഈ തുക ഉപഭോക്താവിൽ നിന്ന് നേരിട്ട് ഈടാക്കുന്നതല്ല. വ്യാപാരികളാണ് ഇത് വഹിക്കേണ്ടത്. റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം, കാർഷിക ഉൽപ്പന്നങ്ങൾ തുടങ്ങിയ കുറഞ്ഞ ലാഭവിഹിതമുള്ള മേഖലകൾക്ക് 2000 രൂപയ്ക്ക് മുകളിലുള്ള ഓരോ ഇടപാടിനും അഞ്ച് രൂപ എന്ന നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പേയ്മെന്റുകൾക്കും സെക്യൂരിറ്റീസ് ഇടപാടുകൾക്കും ഓഹരി ബ്രോക്കർമാർ വഴിയുള്ള പേയ്മെന്റുകൾക്കും 0.02 ശതമാനം നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ഇവയ്ക്കും പരമാവധി 300 രൂപ എന്ന പരിധിയുണ്ടാകും. വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കുള്ള യുപിഐ ഇടപാടുകൾക്ക് തുക എത്രയായാലും നിരക്ക് ഈടാക്കില്ല.

പുതിയ നിരക്ക് സംവിധാനത്തിന്റെ നിയമപരമായ അടിസ്ഥാനത്തെയും ഇടപാടുകളെ വിവിധ വിഭാഗങ്ങളായി വേർതിരിച്ച രീതിയെയും ചോദ്യം ചെയ്‌താണ് സുപ്രീം കോടതിയിൽ ഹർജി എത്തിയത്. നിരക്ക് ഏർപ്പെടുത്തുന്നതിനുള്ള നിയമപരമായ അധികാരം, വ്യാപാരികൾക്ക് ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യത, ചെറിയ വ്യാപാരികളിലുണ്ടാകാവുന്ന പ്രത്യാഘാതം തുടങ്ങിയ വിഷയങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

യുപിഐ സംവിധാനം നടത്തുന്ന നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിലപാട് പ്രകാരം, പുതിയ നിരക്കിൽ നിന്നുള്ള വരുമാനം ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ, സൈബർ സുരക്ഷ, തട്ടിപ്പ് തടയൽ, പുതിയ സാങ്കേതികവിദ്യകളിലെ നിക്ഷേപം, ഉപഭോക്തൃ സേവനം തുടങ്ങിയ മേഖലകളിലെ ചെലവുകൾക്കായി ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma