നിതീഷ് കുമാറുമായി ഇനിയൊരു ബന്ധവുമില്ല; സഖ്യ സാധ്യത തള്ളി തേജസ്വി, വന്നത് ലാലുവെന്ന് തിരിച്ചടിച്ച് ജെഡിയു
പാറ്റ്‌ന: നിതീഷ് കുമാറിന്റെ ജെഡിയുവുമായി ഇനി ഒരു സഖ്യത്തിനുള്ള സാധ്യത തള്ളി കളഞ്ഞ് ആർജെഡി നേതാവും മുൻ ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് രംഗത്ത്. നിരന്തരം സഹായം തേടി നിതീഷ് കുമാറിന്റെ പാർട്ടി സമീപിക്കുന്നു എന്ന ആരോപണം കൂടി ഉയർത്തി കൊണ്ടാണ് തേജസ്വിയുടെ പ്രസ്‌താവന എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഭാവിയിൽ അവരുമായി ഒരു സഖ്യത്തിനുമില്ലെന്നും തേജസ്വി തീർത്തുപറഞ്ഞു.
പലതവണ ജെഡിയുവിനെ തങ്ങൾ സഹായിച്ചിട്ടുണ്ടെന്നും എന്നാൽ ഇനി അവരുമായി ഒത്തുചേരുന്നതിൽ അർത്ഥമില്ലെന്നുമാണ് തേജസ്വി പറയുന്നത്. 'അവർ ആപത്തിൽപെട്ടപ്പോൾ ഞങ്ങളുടെ മുൻപിൽ താഴ്ന്നു നിൽക്കുമായിരുന്നു. അങ്ങനെ ഒന്നോ രണ്ടോ തവണ ഞങ്ങൾ അവരെ സഹായിച്ചിട്ടുമുണ്ട്. എന്നാൽ ഇനി അങ്ങനെ ചെയ്യുന്നത് തികച്ചും അർത്ഥശൂന്യമായ കാര്യമാണ്' തേജസ്വി യാദവ് തന്റെ നിലപാട് വ്യക്തമാക്കി.

എന്നാൽ ഈ ആരോപണങ്ങളെല്ലാം ജെഡിയു നിഷേധിച്ചിട്ടുണ്ട്. മാത്രമല്ല ലാലു പ്രസാദിനെ ലക്ഷ്യം വച്ച് അവർ ഒരു തിരിച്ചടി നൽകുകയും ചെയ്‌തിട്ടുണ്ട്. ബിഹാറിൽ സഖ്യത്തിനായി നിതീഷ് കുമാറിനെ സമീപിച്ചത് ലാലു പ്രസാദ് യാദവാണെന്ന് തേജസ്വിയുടെ അവകാശവാദങ്ങൾ തള്ളിക്കൊണ്ട് ജെഡിയു പറയുന്നു.
'തേജസ്വിയെ സംബന്ധിച്ച് ഇത് കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞത് പോലെയാണ്. ആരാണ് ഇപ്പോൾ സഖ്യത്തിനായി അവരെ സമീപിക്കുന്നത്? ഞങ്ങൾ എൻഡിഎയിൽ ഉറച്ചുനിൽക്കുന്ന പാർട്ടിയാണ്. ലാലു പ്രസാദാണ് നിതീഷ് കുമാറിനെ സഖ്യത്തിനായി സമീപിച്ചത്" ജെഡിയു ദേശീയ സെക്രട്ടറി രാജീവ് രഞ്ജൻ മറുപടി നൽകി.
അടുത്തിടെ ആർജെഡിയുമായുള്ള സഖ്യത്തെ കുറിച്ച് നിതീഷിന്റെ പരാമർശം വന്നിരുന്നു. രണ്ട് തവണ അവരുമായി സഖ്യമുണ്ടാക്കുക എന്ന തെറ്റ് ചെയ്‌തെന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രസ്‌താവന. ഇനി ഒരിക്കലും താൻ ഈ തെറ്റ് ആവർത്തിക്കില്ലെന്നും നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തേജസ്വിയുടെ മറുപടി.
ബിഹാറിലെ 'മഹാഗത്ബന്ധൻ' സഖ്യത്തിലെ പ്രധാന സഖ്യകക്ഷികളിൽ ഒന്നായ കോൺഗ്രസ്, തേജസ്വി യാദവിന്റെ അഭിപ്രായം ഏറ്റെടുക്കുകയുണ്ടായി. കോൺഗ്രസ് വക്താവ് ഗ്യാൻ രഞ്ജനും നിതീഷ് കുമാറിന്റെ രാഷ്ട്രീയ വിശ്വാസ്യതയെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. നിതീഷ് ഇടയ്ക്കിടെ ക്യാമ്പുകൾ മാറുന്നത് പതിവാണെന്നും എന്നാൽ ഇത്തവണ ആർജെഡിയും കോൺഗ്രസും അദ്ദേഹത്തെ അടുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബിജെപിയും ഈ പ്രസ്‌താവനയോട് പ്രതികരിച്ചിരുന്നു. ആർജെഡിയുമായി സഖ്യമുണ്ടാക്കിയതിന് ബിഹാർ മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ബിജെപി വക്താവ് കുന്തൽ കൃഷ്‌ണ തേജസ്വി യാദവിന്റെ നിരാശയാണ് ഈ പ്രസ്‌താവനയിൽ അടങ്ങിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications