മാർക്കോ റൂബിയോ-ജയശങ്കർ കൂടിക്കാഴ്‌ച; മുംബൈ വേദിയാവുന്നതിൽ വിവാദം, വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും തമ്മിലുള്ള കൂടിക്കാഴ്‌ചയെച്ചൊല്ലി ഇന്ത്യയിൽ രാഷ്ട്രീയ വിവാദം. കൂടിക്കാഴ്‌ച ദേശീയ തലസ്ഥാനമായ ഡൽഹിക്ക് പകരം മുംബൈയിൽ നടത്തുന്നതെന്തിനാണെന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് ഇത്. ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ നടത്തിയ പരാമർശമാണ് വിവാദത്തിന് തുടക്കമിട്ടത്.

ന്യൂഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, ജയശങ്കർ മുംബൈയിൽ തങ്ങളുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഗോർ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രസ്‌താവനയിലെ പ്രതീക്ഷിക്കുന്നു എന്ന പ്രയോഗമാണ് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്. ഇതിന് പിന്നാലെ അമേരിക്കയുടെ സമ്മർദത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ വഴങ്ങുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.

rahul gandhi

വിദേശ പ്രതിനിധി ഇന്ത്യയുടെ നയതന്ത്ര നടപടികളെ നിശ്ചയിക്കുന്ന സാഹചര്യമാണിതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. വിദേശകാര്യ മന്ത്രിയെ മുംബൈയിലേക്ക് വിളിച്ചുവരുത്തുന്ന രീതിയിലാണ് കാര്യങ്ങൾ നടക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം, വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കിടയിൽ പോലും ആശയക്കുഴപ്പമുണ്ടായെന്നും അവകാശപ്പെട്ടു. വിഷയത്തിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

റൂബിയോയുടെ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെ വ്യവസായികളായ ഇലോൺ മസ്‌കും മുകേഷ് അംബാനിയും തമ്മിലുള്ള തർക്കവും ചർച്ചയാകുന്നുണ്ട്. ഇന്ത്യയിൽ സ്‌റ്റാർലിങ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനം ആരംഭിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട് മസ്‌ക് അംബാനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചിരുന്നു. അംബാനിയെ 'പ്രധാനമന്ത്രി അംബാനി' എന്നും ഇന്ത്യയുടെ യഥാർഥ അധികാരകേന്ദ്രമെന്നുമുള്ള പരിഹാസപരമായ പരാമർശങ്ങളിലൂടെയാണ് മസ്‌ക് വിമർശിച്ചത്.

ഇതിനുപിന്നാലെ, ഒക്ടോബർ 17 മുതൽ 22 വരെ നീളുന്ന റൂബിയോയുടെ നയതന്ത്ര സന്ദർശനത്തിൽ ഡൽഹി ഒഴിവാക്കി മുംബൈയും ഗുജറാത്തിലെ ജാംനഗറും ഉൾപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ വൻ എണ്ണ ശുദ്ധീകരണ സമുച്ചയം സ്ഥിതിചെയ്യുന്ന ജാംനഗറിലേക്കുള്ള സന്ദർശനമാണ് പ്രത്യേക ശ്രദ്ധ നേടിയത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ സമുച്ചയമായാണ് ജാംനഗറിലെ റിഫൈനറി അറിയപ്പെടുന്നത്.

ടെക്‌സസിലെ ബ്രൗൺസ്‌വില്ലിൽ വൻതോതിലുള്ള പുതിയ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുന്നതിനുള്ള പദ്ധതിയിൽ റിലയൻസ് നിക്ഷേപം നടത്താൻ പദ്ധതിയിടുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിന്റെ പിന്തുണയുള്ള ഈ പദ്ധതി യാഥാർഥ്യമായാൽ അരനൂറ്റാണ്ടിനിടെ അമേരിക്കയിൽ നിർമ്മിക്കുന്ന ആദ്യത്തെ വലിയ എണ്ണ ശുദ്ധീകരണശാലയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

അമേരിക്കയിൽ ഡീസൽ വില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ജാംനഗറിലെ വൻതോതിലുള്ള ഡീസൽ ഉൽപ്പാദനത്തിനും പ്രാധാന്യമുണ്ട്. അമേരിക്കയുടെ ഇന്ധനസുരക്ഷയിൽ അംബാനിയുടെ പങ്ക് എത്രത്തോളം നിർണായകമാണെന്ന ചർച്ചകളും ഇതോടെ ഉയർന്നിട്ടുണ്ട്. മസ്‌കിന്റെയും അംബാനിയുടെയും ബിസിനസ് താൽപര്യങ്ങൾ ഇന്ത്യ-അമേരിക്ക ബന്ധവുമായി കൂടുതൽ അടുത്ത് നിൽക്കുന്ന സാഹചര്യത്തിൽ, ഇരുവരുമായുള്ള ബന്ധത്തിൽ ട്രംപ് ഭരണകൂടം എങ്ങനെ നിലപാട് എടുക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

അതേസമയം, വിവാദങ്ങൾക്കിടെ മുംബൈയിൽ ജയശങ്കറും റൂബിയോയും കൂടിക്കാഴ്‌ച നടത്തുന്നതിൽ പ്രോട്ടോക്കോൾ ലംഘനമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ മന്ത്രാലയം തള്ളുകയും ചെയ്‌തു. കഴിഞ്ഞ പത്തുവർഷമായി വിദേശ പ്രതിനിധികളുമായുള്ള ഉന്നതതല കൂടിക്കാഴ്‌ചകൾ ഡൽഹിക്ക് പുറത്തും നടത്തിവരുന്നുണ്ടെന്നും രാജ്യത്തെ വിവിധ സാമ്പത്തിക കേന്ദ്രങ്ങളെ പരിചയപ്പെടുത്തുക എന്നതും ഇത്തരം സന്ദർശനങ്ങളുടെ ലക്ഷ്യമാണെന്നും അധികൃതർ വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma