മാനസികാരോഗ്യ ദിനം; ഡോക്‌ടർമാരുടെ ക്ഷേമത്തിന് മുൻഗണന നൽകാൻ കൈകോർത്ത് ആറ് സംഘടനകൾ

മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾ രോഗനിർണയത്തിലും ചികിത്സയിലും മാത്രം ഒതുങ്ങാതെ വ്യക്തികളുടെ ജീവിതാനുഭവങ്ങൾക്കും ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന സാഹചര്യത്തിൽ, ഡോക്‌ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഇന്ത്യയിലെയും ബ്രിട്ടനിലെയും ആറ് സംഘടനകൾ കൈകോർക്കുന്നു. ഒക്ടോബർ 10ന് ലോക മാനസികാരോഗ്യ ദിനത്തിൽ ആരംഭിക്കുന്ന ഈ സംരംഭത്തിന് 'ഹ്യൂമനൈസിങ് മെഡിസിൻ ഇന്ത്യ ഇനിഷ്യേറ്റീവ്' എന്നാണ് പേര് നൽകിയിരിക്കുന്നത്.

ആരോഗ്യപ്രവർത്തകരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ, സഹായം തേടുന്നതിലെ ബുദ്ധിമുട്ടുകൾ, ജോലിസ്ഥലത്തെ മാനസിക സമ്മർദം എന്നിവയെക്കുറിച്ച് തുറന്ന ചർച്ചകൾ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇന്ത്യ മെന്റൽ ഹെൽത്ത് അലയൻസ്, ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി, ഇന്ത്യൻ ടീച്ചേഴ്‌സ് ഓഫ് സൈക്യാട്രി, വേൾഡ് സൈക്യാട്രിക് അസോസിയേഷൻ സോൺ 15, ബ്രിട്ടനിലെ ഡെർബിഷയർ ഹെൽത്ത്കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്‌റ്റ്, കേരളത്തിലെ ആശ സപ്പോർട്ട് ഹെൽപ് അനദർ എന്നീ സംഘടനകളാണ് സംരംഭത്തിൽ പങ്കാളികളാകുന്നത്.

mental health day

ഡോക്‌ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കിടയിൽ മാനസിക സമ്മർദം, ജോലിയോടുള്ള മടുപ്പ്, മറ്റ് മാനസികാരോഗ്യ ബുദ്ധിമുട്ടുകൾ എന്നിവ വർധിക്കുന്നതിലുള്ള ആശങ്കയാണ് പുതിയ സംരംഭത്തിന് പിന്നിൽ. രോഗികളോട് ആവശ്യമായപ്പോൾ വിദഗ്‌ധ സഹായം തേടാൻ നിർദേശിക്കുന്ന ഡോക്‌ടർമാർക്ക് സ്വന്തം മാനസികാരോഗ്യ പ്രശ്‌നങ്ങൾ തുറന്നുപറയാൻ പലപ്പോഴും ബുദ്ധിമുട്ടുണ്ടാകാറുണ്ട്. സമൂഹത്തിൽ നിന്നുള്ള വിമർശനവും തൊഴിൽപരമായ പ്രതിച്ഛായയെക്കുറിച്ചുള്ള ആശങ്കയുമാണ് ഇതിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യ മെന്റൽ ഹെൽത്ത് അലയൻസിന്റെ സ്ഥാപക അംഗവും കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യ വിദഗ്‌ധയും ചിൽഡ്രൻ ഫസ്‌റ്റ് എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകയുമായ ഡോ. കവിത അറോറയുടെ അഭിപ്രായത്തിൽ, ആരോഗ്യപ്രവർത്തകർക്ക് വിധിക്കപ്പെടുമെന്ന ഭയമില്ലാതെ സ്വന്തം അനുഭവങ്ങൾ പങ്കുവയ്ക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്‌ടിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. മാനസികാരോഗ്യ പ്രശ്‌നങ്ങൾ, വൈകല്യങ്ങൾ, മാനസിക വിഷമങ്ങൾ, കുടുംബാംഗങ്ങളെ പരിചരിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ, പ്രിയപ്പെട്ടവരുടെ വേർപാടുണ്ടാക്കുന്ന ദുഃഖം തുടങ്ങിയ അനുഭവങ്ങൾ തുറന്നുപറയാൻ ആരോഗ്യപ്രവർത്തകർക്ക് അവസരം ലഭിക്കണമെന്നും അവർ ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ ഭാഗമായി രാജ്യവ്യാപകമായി ആരോഗ്യപ്രവർത്തകരുടെ ജീവിതാനുഭവങ്ങൾ മനസിലാക്കുന്നതിനായി ഒരു സർവേ നടത്തും. മാനസികാരോഗ്യ സഹായം തേടുന്നതിന് തടസമാകുന്ന ഘടകങ്ങളും സർവേയിൽ പരിശോധിക്കും. ഡോക്‌ടർമാരുടെ ക്ഷേമം മുൻനിർത്തി മൂന്ന് ഭാഗങ്ങളുള്ള ദേശീയ വെബിനാർ പരമ്പരയും സംഘടിപ്പിക്കും. തുടർന്ന് 2027 ജനുവരിയിൽ മധുരയിൽ നടക്കുന്ന ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ദേശീയതലത്തിലുള്ള നേരിട്ടുള്ള ശിൽപശാലയും നടത്തും.

ആരോഗ്യപ്രവർത്തകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി രണ്ട് പ്രധാന പ്രതിജ്ഞകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വന്തം ആരോഗ്യത്തിനും മാനസിക ക്ഷേമത്തിനും മുൻഗണന നൽകാൻ ഡോക്‌ടർമാരെ പ്രോത്സാഹിപ്പിക്കുന്നതാണ് കെയർ ഫോർ സെൽഫ് പ്രതിജ്ഞ. മാനസികാരോഗ്യത്തെക്കുറിച്ചും സഹായം തേടുന്നതിനെക്കുറിച്ചും തുറന്ന ചർച്ചകൾ നടത്താൻ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനുള്ള സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം ഉറപ്പാക്കുകയാണ് കൾച്ചർ ഓഫ് കെയർ ചാർട്ടറിന്റെ ലക്ഷ്യം.

ആരോഗ്യപ്രവർത്തകർക്കിടയിലെ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ വ്യാപ്‌തി വ്യക്തമാക്കുന്ന പഠനങ്ങളും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ പഠനങ്ങളുടെ സംയോജിത വിശകലനത്തിൽ ബിരുദതലത്തിൽ വൈദ്യശാസ്ത്രം പഠിക്കുന്നവരിൽ ഏകദേശം പകുതിയോളം പേർക്ക് വിഷാദലക്ഷണങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു പ്രമുഖ ആശുപത്രിയിലെ റസിഡന്റ് ഡോക്‌ടർമാരെയും അധ്യാപകരെയും ഉൾപ്പെടുത്തി നടത്തിയ മറ്റൊരു പഠനത്തിൽ 30.1 ശതമാനം പേർക്ക് വിഷാദസാധ്യതയുള്ള ലക്ഷണങ്ങൾ കണ്ടെത്തി. 16.7 ശതമാനം പേർ ആത്മഹത്യാ ചിന്തകൾ ഉണ്ടായിരുന്നതായി അറിയിച്ചു. പഠനത്തിൽ പങ്കെടുത്തവരിൽ 90 ശതമാനത്തിലധികം പേർക്ക് ഏതെങ്കിലും തരത്തിലുള്ള തൊഴിൽജന്യ മാനസിക ക്ഷീണവും അനുഭവപ്പെട്ടതായി കണ്ടെത്തി.

ബ്രിട്ടനിലെ റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്‌റ്റിന്റെ പ്രസിഡന്റ് പ്രൊഫസർ സുബോധ് ഡേവ് പറയുന്നതനുസരിച്ച്, ഡോക്ടർമാരോട് സ്വന്തം പ്രശ്‌നങ്ങൾ തുറന്നുപറയാൻ ആവശ്യപ്പെടുന്നതിൽ മാത്രം ഈ സംരംഭത്തിന്റെ ലക്ഷ്യം ഒതുങ്ങുന്നില്ല. ജീവിതാനുഭവങ്ങളെയും അറിവിന്റെ പ്രധാന ഉറവിടമായി അംഗീകരിക്കുകയും സഹായം തേടുന്നത് നല്ലൊരു ഡോക്‌ടറായിരിക്കുന്നതിന് തടസ്സമല്ലെന്ന് ഉറപ്പാക്കുന്ന തൊഴിൽസംസ്‌കാരം വളർത്തിയെടുക്കുകയും വേണം. ആരോഗ്യപ്രവർത്തകരുടെ അനുഭവങ്ങളെ മാനിക്കുകയും അവരെയും പരിചരണത്തിന് അർഹരായ വ്യക്തികളായി കാണുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടവരുടെ അനുഭവങ്ങൾ പരിചരണ സംവിധാനങ്ങളുടെ രൂപകൽപ്പനയിലും നടത്തിപ്പിലും ഉൾപ്പെടുത്താൻ പ്രവർത്തിക്കുന്ന സംഘടനയാണ് ഇന്ത്യ മെന്റൽ ഹെൽത്ത് അലയൻസ്. 2023 അവസാനത്തോടെ സ്ഥാപിതമായ ഈ സംഘടനയ്ക്ക് രാജ്യത്തെ 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഏകദേശം 400 സംഘടനകളുടെ ശൃംഖലയുണ്ട്. ആരോഗ്യപരിചരണം, വിദ്യാഭ്യാസം, ലിംഗസമത്വം, ഉപജീവനമാർഗങ്ങൾ തുടങ്ങിയ മേഖലകളിലെ പങ്കാളികളുമായി ചേർന്ന് ഇന്ത്യയിലെ മാനസികാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുകയാണ് സംഘടനയുടെ ലക്ഷ്യം.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ 135ലധികം നഗരങ്ങളിലായി ഏകദേശം 3,380 മാനസികാരോഗ്യ വിദഗ്‌ധരുമായി സംഘടന പ്രവർത്തിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. വിദഗ്‌ധരുടെ കഴിവുകൾ വികസിപ്പിക്കുക, അറിവ് പങ്കുവയ്ക്കുക, കൂട്ടായ പ്രവർത്തനങ്ങളിലൂടെ മാനസികാരോഗ്യ പരിചരണം മെച്ചപ്പെടുത്തുക എന്നിവയ്ക്കാണ് പ്രധാന്യം നൽകുന്നത്.

പ്രായോഗിക പ്രവർത്തനങ്ങളിൽ നിന്നുള്ള അറിവുകൾ, വിദഗ്‌ധരുടെ അനുഭവങ്ങൾ, ചികിത്സാരംഗത്തെ പരിചയം, മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടവരുടെ കാഴ്‌ചപ്പാടുകൾ, അക്കാദമിക പഠനങ്ങൾ എന്നിവ ഒരുമിച്ചുകൊണ്ടുവരുന്ന വിജ്ഞാന ശേഖരവും സംഘടന തയ്യാറാക്കുന്നുണ്ട്. ഇന്ത്യൻ സാഹചര്യങ്ങളിൽ നിന്നുള്ള അറിവുകൾക്ക് ഇതിൽ പ്രത്യേക പ്രാധാന്യം നൽകും.

ഇതിന്റെ ഭാഗമായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 11 വനിതാ നേതാക്കളുടെ മാനസികാരോഗ്യ അനുഭവങ്ങൾ ഉൾപ്പെടുത്തി ഹോംകമിങ്: മെന്റൽ ഹെൽത്ത് ജേർണീസ് ഓഫ് റെസിലിയൻസ്, ഹീലിങ് ആൻഡ് ഹോൾനസ് എന്ന പുസ്‌തകവും സംഘടന പുറത്തിറക്കിയിട്ടുണ്ട്. വിഷാദം, സങ്കീർണമായ മാനസികാഘാതത്തെ തുടർന്നുള്ള പ്രശ്‌നങ്ങൾ, ആത്മഹത്യ മൂലമുള്ള വേർപാടിന്റെ ദുഃഖം, തലമുറകളിലൂടെ കൈമാറുന്ന മാനസികാഘാതം, ഉത്കണ്ഠ, അമിതചിന്തയും ആവർത്തിച്ചുള്ള പ്രവൃത്തികളും ഉൾപ്പെടുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് പുസ്‌തകത്തിലെ അനുഭവക്കുറിപ്പുകളിൽ പ്രതിപാദിക്കുന്നത്.

ഹ്യൂമനൈസിങ് മെഡിസിൻ സംരംഭത്തിലൂടെയും മറ്റ് പ്രവർത്തനങ്ങളിലൂടെയും മാനസികാരോഗ്യ പരിചരണത്തെ ചികിത്സയിൽ മാത്രം ഒതുക്കാതെ രോഗികൾ, പരിചാരകർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ ജീവിതാനുഭവങ്ങൾ കൂടി പരിഗണിക്കുന്ന സമീപനത്തിലേക്ക് മാറ്റാനാണ് സംഘടനകൾ ശ്രമിക്കുന്നത്. മെച്ചപ്പെട്ട മാനസികാരോഗ്യ പരിചരണം ഉറപ്പാക്കാൻ ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം, പരിചരണം നൽകുന്നവർക്ക് സ്വന്തം ബുദ്ധിമുട്ടുകൾ തുറന്നുപറയാനും ആവശ്യമായ സഹായം തേടാനും കഴിയുന്ന തൊഴിൽസംസ്‌കാരവും വളർത്തിയെടുക്കേണ്ടതുണ്ടെന്ന സന്ദേശമാണ് ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ചുള്ള ഈ സംരംഭം മുന്നോട്ടുവയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma