ക്രൗഡ്‌സ്‌ട്രൈക്ക് പണി തന്നു, കൊച്ചി അടക്കം വിമാനത്താവളങ്ങളില്‍ ചെക് ഇന്‍ പ്രതിസന്ധി
ബെംഗളൂരു: മൈക്രോസോഫ്റ്റിന് സുരക്ഷയൊരുക്കിയ ക്രൗഡ്‌സ്‌ട്രൈക്കിന്റെ സാങ്കേതിക പ്രശ്‌നം വിമാനത്താവളങ്ങളെയും ബാധിക്കുന്നു. വിമാനത്താവളങ്ങളില്‍ വിന്‍ഡോസിലെ സാങ്കേതിക പ്രശ്‌നം കാരണം ചെക് ഇന്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇതേ കാരണത്താല്‍ ഏഴ് വിമാന സര്‍വീസുകളാണ് വൈകുന്നത്.
വിവിധയിടങ്ങളിലേക്കുള്ള വ്യത്യസ്ത കമ്പനികളുടെ വിമാനങ്ങളാണ് വൈകുന്നത്. അതേസമയം സോഫ്റ്റ് വെയറില്‍ നിന്ന് മാനുവലായി സര്‍വീസ് ക്രമീകരിക്കാന്‍ വിമാനത്താവളത്തില്‍ അധകൃതര്‍ ശ്രമിക്കുന്നത്. പ്രതിസന്ധികളുണ്ടെങ്കിലും വിമാനങ്ങളൊന്നും തല്‍ക്കാലത്തേക്ക് റദ്ദാക്കിയിട്ടില്ല.

കൊച്ചിയില്‍ മാത്രമല്ല ഇന്ത്യയിലെ പല വിമാനത്താവളങ്ങളെയും ക്രൗഡ്‌സ്‌ട്രൈക്ക് തകരാറിലായത് ബാധിച്ചിട്ടുണ്ട്. മുംബൈയിലെയും ഹൈദരാബാദിലെയും വിമാനത്താവളങ്ങളെയാണ് ഈ പ്രതിസന്ധി കാര്യമായി തന്നെ ബാധിച്ചത്. ബോര്‍ഡിംഗ് പാസിന്റെ കാര്യത്തിലും പ്രശ്‌നങ്ങളുണ്ടായി. വിമാനത്താവളത്തിലെ ജീവനക്കാര്‍ തന്നെ പേന കൊണ്ട് എഴുതിയ ബോഡിംഗ് പാസാണ് യാത്രക്കാര്‍ക്ക് നല്‍കിയത്.
പ്രിന്റ് ചെയ്തവ നല്‍കാന്‍ സാധിച്ചില്ല. ഹൈദരാബാദില്‍ നിന്ന് കൊല്‍ക്കത്തിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാര്‍ക്കാണ് ഇത്തരത്തില്‍ ബോര്‍ഡിംഗ് പാസ് ലഭിച്ചത്. അതേസമയം ഇന്ത്യയില്‍ മാത്രമല്ല പല രാജ്യങ്ങളിലും ഇതേ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്.
വിമാനങ്ങള്‍ വൈകിയതോടെ പലവിമാനത്താവളങ്ങളിലും യാത്രക്കാരുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബെംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ ചെക് ഇന്നിന്റെ പ്രശ്‌നങ്ങള്‍ കാരണം യാത്രക്കാര്‍ കുടുങ്ങിയിരിക്കുകയാണ്. രാവിലെ 10.40 മുതല്‍ ബെംഗളൂരു വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ പ്രതിസന്ധി നേരിടുകയാണ്.
ടെര്‍മിനല്‍ 1ല്‍ നിന്ന് പുറപ്പെടേണ്ട ഇന്‍ഡിഗോ, ആകാശ, സ്‌പൈസ് ജെറ്റ് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. ടെര്‍മിനല്‍ 2ല്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസും തടസ്സപ്പെട്ടു. വെബ് ചെക് ഇന്‍ സാധ്യമാകാത്തത് സര്‍വീസുകളെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. തിരക്കേറിയ സമയത്ത് ജീവനക്കാര്‍ക്ക് ഇത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
അതേസമയം യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തിയാല്‍ തിരക്ക് കുറയ്ക്കാം എന്നാണ് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് അറിയിച്ചിരിക്കുന്നത്. ഗോവ വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്. എന്നാല്‍ തിരുവനന്തപുരത്ത് പ്രശ്‌നം ഗുരുതരമല്ല നേരിയ താമസം മാത്രമാണ് ചെക് ഇന്‍ നടപടികള്‍ക്ക് ഉള്ളത്.
ഇന്‍ഡിഗോ അടക്കമുള്ള സര്‍വീസുകളും കൃത്യ സമയത്ത് നടക്കുന്നുണ്ട്. ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാര്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ക്രൗഡ്‌സ്‌ട്രൈക്ക് തകരാറിലായിട്ട് 12 മണിക്കൂര്‍ കഴിഞ്ഞിരിക്കുകയാണ്. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് ക്രൗഡ്‌സ്‌ട്രൈക്ക് അറിയിച്ചു.
അതിനിടെ, മൈക്രോസോഫ്റ്റ് സേവനങ്ങളിലെ തടസ്സം 10 ബാങ്കുകളെയും എൻബിഎഫ്‌സികളെയും ബാധിച്ചതായി ആർബിഐയും വ്യക്തമാക്കി. പ്രശ്നങ്ങള്‍ പരിഹരിച്ചതോ പരിഹരിക്കപ്പെടുന്നതോ ആണെന്നും ആർബിഐ വ്യക്തമാക്കി.












Click it and Unblock the Notifications