കുടുംബത്തിനൊപ്പം നില്‍ക്കാനാണ് നാട്ടിലേക്ക് മടങ്ങിയത്, മോദിക്ക് അതിഥി തൊഴിലാളികളുടെ മറുപടി
മുംബൈ: അതിഥി തൊഴിലാളികളെ രാഷ്ട്രീയലാഭത്തിനായി ഇളക്കി വിട്ടത് പ്രതിപക്ഷ പാര്‍ട്ടികളാണെന്ന പ്രധാനമന്ത്രിയുടെ വാദങ്ങള്‍ക്ക് മറുപടിയുമായി മുംബൈയിലെ അതിഥി തൊഴിലാളികള്‍. കുടുംബത്തിനൊപ്പം നില്‍ക്കാന്‍ വേണ്ടിയാണ് മുംബൈയില്‍ നിന്ന് പോയതെന്ന് അതിഥി തൊഴിലാളികള്‍ പറയുന്നു. തങ്ങളില്‍ പലരും ട്രക്കുകളിലാണ് നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ട്രെയിനില്‍ പോയവര്‍ക്ക് ആഴ്ച്ചകളോളമാണ് ബുദ്ധിമുട്ടേണ്ടി വന്നത്. ഇവര്‍ ഗ്രാമങ്ങളില്‍ എത്തിയത് ആഴ്ച്ചകള്‍ കഴിഞ്ഞാണ്. ബീഹാറിലെ ഔറംഗബാദ് സ്വദേശിയായ മുഹമ്മദ് ഇംതിയാസ് അന്‍സാരിക്ക് പറയാനുള്ളത് ദുരിതങ്ങളുടെ കഥയാണ്.

ധാരാവിയിലെ നിര്‍മാണ യൂണിറ്റിലാണ് അന്‍സാരിക്ക് ജോലി. ബീഹാറിലേക്ക് ട്രെയിനിലാണ് അന്‍സാരിയും സഹപ്രവര്‍ത്തകരും മടങ്ങിയത്. മുംബൈയില്‍ മാസങ്ങളോളം തങ്ങേണ്ടി വന്നുവെന്നും, അതിന് ശേഷം മാത്രമാണ് ട്രെയിന്‍ യാത്ര തുടങ്ങിയത്. നാല് ദിവസത്തോളം ട്രെയിന്‍ ടിക്കറ്റുകള്‍ ലഭിക്കാനായി കഷ്ടപ്പെട്ടെന്ന് അന്‍സാരി പറയുന്നു. ഒടുവില്‍ എങ്ങനെയോ ആണ് ടിക്കറ്റ് ലഭിച്ചത്. ഒരാഴ്ച്ചയെടുത്താണ് തന്റെ ഗ്രാമത്തില്‍ എത്താന്‍ സാധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ആ യാത്രയില്‍ ഭക്ഷണം പോലുമുണ്ടായിരുന്നില്ല. ചില എന്‍ജിഒകളാണ് ട്രെയിനിലേക്ക് ഭക്ഷണം എറിഞ്ഞ് തന്നിരുന്നത്. കാരണം അവര്‍ക്ക് രോഗം പടരാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. ജീവനോടെ നാട്ടിലെത്താന്‍ സഹായകരമായത് ആ ഭക്ഷണമാണെന്നും അന്‍സാരി വ്യക്തമാക്കി.
ചിലയിടങ്ങളില്‍ ട്രെയിന്‍ നിര്‍ത്തുകയും, ഒരു ദിവസം മുഴുവന്‍ മുന്നോട്ട് പോകാതിരിക്കുകയും ചെയ്യുന്ന സാഹചര്യം വരെയുണ്ടായിരുന്നു. നാട്ടിലെത്തിയ ശേഷം ഞങ്ങളെ ക്വാറന്റീനിലാക്കി. അതിന് ശേഷമാണ് പോകാന്‍ അനുവദിച്ചതെന്നും അന്‍സാരി പറയുന്നു. യുപിയിലെ ബസ്തി സ്വദേശിയായ സുരാജ് കുമാര്‍ വര്‍മയ്ക്കും ഇതേ അനുഭവങ്ങളാണ് പറയാനുള്ളത്. ഒരു ട്രെയിനും ലഭിക്കാത്ത അവസ്ഥയായിരുന്നുവെന്ന് സൂരജ് പറയുന്നു. കുടുംബത്തിനൊപ്പം ഇരിക്കുന്നതാണ് സുരക്ഷിതമെന്ന് തോന്നിപ്പോയി. മരിക്കുകയാണെങ്കില്‍ സ്വന്തം ഗ്രാമത്തില്‍ വെച്ചായിരിക്കണമെന്ന് ഞങ്ങള്‍ കരുതി. ഇതേ തുടര്‍ന്ന്കഷ്ടപ്പെട്ടാണ് നവി മുംബൈയിലെ കലംബോലിയില്‍ എത്തിയതെന്നും സൂരജ് പറഞ്ഞു.
അവിടെ നിന്ന് ട്രക്കിലാണ് യാത്ര നടന്നത്. ലോക്ഡൗണ്‍ സമയത്തെ യാത്ര ദുഷ്‌കരമായിരുന്നു. യാതൊരു ജീവനോപാധിയും കൈയ്യില്‍ ഇല്ലായിരുന്നു. കഴിക്കാന്‍ ഭക്ഷണം പോലുമില്ലായിരുന്നു. ഏഴുപതോളം തൊഴിലാളികലാണ് ആ ട്രക്കിലുണ്ടായിരുന്നതെന്നും സൂരജ് വ്യക്തമാക്കി. യാവര്‍ ഹുസൈനും പറയാനുള്ളത് ലോക്ഡൗണ്‍ കാലത്തെ ദുരിത കഥളാണ്. ഇയാള്‍ തുണിക്കട നടത്തുന്ന വ്യക്തിയാണ്. തൊഴിലാളികളെ പരമാവധി സംരക്ഷിച്ച് നിര്‍ത്താനാണ് ലോക്ഡൗണ്‍ സമയത്ത് ശ്രമിച്ചതെന്ന് ഹുസൈന്‍ പറഞ്ഞു.
ലോക്ഡൗണ്‍ തുടര്‍ന്നതോടെ അവര്‍ക്ക് ചെലവിന് നല്‍കുക ദുഷ്‌കരമായി വന്നു. തൊഴിലാളികള്‍ക്ക് പകുതി പണം നല്‍കി. അവരുടെ കുടുംബത്തിനും കുറച്ച് പണം അയച്ചു. നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള പണവും നല്‍കി. ആരും അവരോട് പോകാന്‍ പറഞ്ഞിട്ടില്ല. ഇവിടെ പണി ഇല്ലാത്തത് കൊണ്ടാണ് അവര്‍ നാട്ടിലേക്ക് മടങ്ങിയതെന്നും യാവര്‍ ഹുസൈന്‍ പറഞ്ഞു. അതേസമയം ഗ്രാമത്തില്‍ ജീവിക്കാനുള്ള സാഹചര്യം തന്നെ മോശമയാത് കൊണ്ട് ഇവരെല്ലാം മുംബൈയില്‍ തിരിച്ചെത്തിയിട്ടുണ്ട്. സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്.












Click it and Unblock the Notifications