ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്ര ഒഴിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം; പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം
ന്യൂഡൽഹി: ടെഹ്‌റാനിൽ നടക്കുന്ന അക്രമാസക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, സ്ഥിതിഗതികൾ മോശമായതിനെത്തുടർന്ന് ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ ടെഹ്‌റാനിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് പൗരന്മാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.
'ഇറാനിലെ നിലവിലെ സംഭവവികാസങ്ങൾ കണക്കിലെടുത്ത്, ഇന്ത്യൻ പൗരന്മാർ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലേക്കുള്ള യാത്ര കർശനമായി ഒഴിവാക്കാൻ വീണ്ടും നിർദ്ദേശിക്കുന്നു' എന്നാണ് വിദേശകാര്യ മന്ത്രാലയം പങ്കുവച്ച പത്രകുറിപ്പിൽ പറയുന്നത്. മേഖലയിലെ സമീപകാല സംഭവങ്ങളിൽ വർധിച്ചുവരുന്ന ആശങ്കകളാണ് ഇത് വ്യക്തമാക്കുന്നത്.

പ്രതിഷേധങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ, നിലവിൽ ഇറാനിൽ താമസിക്കുകയോ യാത്ര ചെയ്യുകയോ ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയും അഭ്യർത്ഥിച്ചു. ഈ മുന്നറിയിപ്പ് ജനുവരി 5-ന് ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ മുൻ ജാഗ്രതാ നിർദ്ദേശത്തെ തുടർന്നുണ്ടായതാണ്. ഇതിന്റെ തുടർച്ചയാണ് യാത്ര ഒഴിവാക്കാനുള്ള നിർദ്ദേശം. .
വിദ്യാർത്ഥികൾ, തീർത്ഥാടകർ, വ്യാപാരികൾ, വിനോദസഞ്ചാരികൾ എന്നിവരോട് വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള യാത്രാ മാർഗങ്ങൾ ഉപയോഗിച്ച് ഇറാൻ വിടാനാണ് എംബസി പ്രസ്‌താവനയിലൂടെ നിർദ്ദേശിച്ചത്. ഇന്ത്യൻ പൗരന്മാരോടും ഇന്ത്യൻ വംശജരോടും അതീവ ജാഗ്രത പാലിക്കാനും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കാനും നയതന്ത്ര ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധം പുലർത്താനും എംബസി ആവശ്യപ്പെട്ടു.
'ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും തങ്ങളുടെ യാത്രാ, കുടിയേറ്റ രേഖകൾ, പാസ്‌പോർട്ടുകളും തിരിച്ചറിയൽ കാർഡുകളും ഉൾപ്പെടെ, എപ്പോഴും കൈവശം കരുതണം. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു' എന്നാണ് നിർദ്ദേശത്തിൽ പറയുന്നത്.
അടിയന്തര പിന്തുണ നൽകുന്നതിനായി എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും ഔദ്യോഗിക ഇമെയിൽ വിലാസവും ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. "+989128109115; +989128109109; +989128109102; +989932179359," എന്നിവയാണ് അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള മൊബൈൽ നമ്പറുകൾ. [email protected] എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാം.
കൂടാതെ, ഇറാനിൽ രജിസ്‌റ്റർ ചെയ്യാത്ത ഇന്ത്യൻ പൗരന്മാർ വിദേശകാര്യ മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടൽ വഴി രജിസ്ട്രേഷൻ പൂർത്തിയാക്കാനും എംബസി ആവശ്യപ്പെട്ടു. ഇന്റർനെറ്റ് തടസങ്ങൾ കാരണം രജിസ്‌റ്റർ ചെയ്യാൻ കഴിയാത്ത സാഹചര്യങ്ങളിൽ, ഇന്ത്യയിലുള്ള കുടുംബാംഗങ്ങളെക്കൊണ്ട് ഈ പ്രക്രിയ പൂർത്തിയാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
അതിനിടെ ഇറാനിൽ സർക്കാർ വിരുദ്ധ പ്രകടനങ്ങൾ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രതിഷേധങ്ങൾ ആരംഭിച്ചതിന് ശേഷം 2000-ത്തിലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയോ അറസ്‌റ്റ് ചെയ്യപ്പെടുകയോ ചെയ്‌തിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പ്രതിഷേധം ഇത്ര ദിവസം പിന്നിടുമ്പോഴും അതിൽ യാതൊരുവിധ അയവും ഉണ്ടായിട്ടില്ല.
അതേസമയം, അക്രമാസക്തരായ പ്രകടനക്കാർക്ക് വിദേശ ശക്തികളുടെ പിന്തുണയുണ്ടെന്ന് ആരോപിച്ച ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രതിഷേധങ്ങളുടെ ആഘാതം കുറച്ചുകാണിച്ചു.
എന്നാൽ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനുശേഷം രാജ്യത്ത് ഇന്റർനെറ്റ് കണക്ഷൻ ഭൂരിഭാഗം ഇടങ്ങളിലും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications