ബംഗാളിൽ ബിജെപിയുടെ ബന്ദിന് സമ്മിശ്ര പ്രതികരണം; റോഡ്, റെയിൽ ഗതാഗതം തടഞ്ഞ് പ്രവർത്തകർ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ആഹ്വാനം ചെയ്‌ത 12 മണിക്കൂർ ബന്ദ് പുരോഗമിക്കുന്നു. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് മണി വരെയുള്ള ബന്ദിന് ഇതുവരെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്‌ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ മാർച്ചിൽ പ്രതിഷേധക്കാർക്ക് എതിരെ പോലീസ് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു എന്നാരോപിച്ചായിരുന്നു ബന്ദ്.
സംസ്ഥാനത്ത് ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചു. വിവിധ മേഖലകളിൽ ബിജെപി പ്രവർത്തകർ നേരിട്ട് രംഗത്തിറങ്ങി ഗതാഗതം തടസപ്പെടുത്തുകയും കടകൾ നിരബന്ധപൂർവം അടപ്പിക്കുകയും ഒക്കെ ചെയ്‌തിരുന്നു. റോഡ് ഗതാഗതത്തിന് പുറമെ ചിലയിടങ്ങളിൽ ബന്ദ് അനുകൂലികൾ റെയിൽ ഗതാഗതത്തിനും തടസമുണ്ടാക്കി. പലയിടത്തും പോലീസെത്തിയാണ് ഇവരെ മാറ്റിയത്.

ബംഗാവോൺ-സീൽദയ്ക്ക് റൂട്ടിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടെങ്കിലും ഇത് പിന്നീട് പുനഃസ്ഥാപിച്ചു. രാവിലെ ഹൂഗ്ലി സ്‌റ്റേഷനിൽ ബന്ദൽ-ഹൗറ ലോക്കൽ ട്രെയിൻ റെയിൽവേ ട്രാക്കിലിരുന്ന് ബന്ദ് അനുകൂലികൾ തടയുകയായിരുന്നു. എന്നാൽ അൽപസമയത്തിന് ശേഷം തന്നെ ബിജെപി പ്രവർത്തകരെ പോലീസ് സ്ഥലത്തെത്തി അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു.
കൊൽക്കത്തയിൽ സാധാരണ പ്രവൃത്തിദിവസങ്ങളെ അപേക്ഷിച്ച് റോഡുകളിൽ തിരക്ക് കുറവായിരുന്നു. മാർക്കറ്റുകളും കടകളും തുറന്നിട്ടുണ്ടെങ്കിലും സ്വകാര്യ വാഹനങ്ങൾ ഗണ്യമായി കുറവായിരുന്നു. സ്‌കൂളുകളും കോളേജുകളും പ്രവർത്തിച്ചുവെങ്കിലും മിക്ക സ്വകാര്യ ഓഫീസുകളിലും ഹാജർ നില നന്നേ കുറവായിരുന്നു. പല സ്‌കൂളുകളും ബന്ദ് കണക്കിലെടുത്ത് ഓൺലൈൻ ക്ലാസുകൾ തിരഞ്ഞെടുക്കുകയും ചെയ്‌തിരുന്നു.
എന്നാൽ ബന്ദ് ചിലയിടത്ത് സംഘർഷത്തിന് വഴിയൊരുക്കിയിരുന്നു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബഡ്‌പാരയിലെ ഖോഷ്‌പാര മേഖലയിൽ വെടിവെപ്പ് നടന്നുവെന്ന് ആരോപിച്ച് സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. സംഭവത്തിൽ ഒരാൾക്കു പരിക്കേറ്റിട്ടുണ്ട്. ഇയാളെ അടുത്ത് തന്നെയുള്ള ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, ബന്ദ് സാഹചര്യം കണക്കിലെടുത്ത് റോഡ്-റെയിൽ ഗതാഗത സാഹചര്യങ്ങൾ മുൻകൂട്ടി വിലയിരുത്താനും വിമാനങ്ങളുടെ നില കൃത്യമായി അറിഞ്ഞു വയ്ക്കാനും യാത്രക്കാരോട് മുൻനിര വിമാനക്കമ്പനികൾ നിർദ്ദേശിച്ചിരുന്നു.
വിസ്‌താര, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ കമ്പനികളാണ് യാത്രക്കാർക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഗതാഗത പ്രശ്‌നങ്ങൾ, റോഡിലെ തടസങ്ങൾ, വഴിതിരിച്ചുവിടൽ,കൊൽക്കത്ത വിമാനത്താവളത്തിലേക്കുള്ള വഴിയിലെ സാഹചര്യം എന്നിവയെക്കുറിച്ചാണ് യാത്രക്കാർക്ക് അവർ മുന്നറിയിപ്പ് നൽകിയത്.
അതിനിടെ ഇന്ന് ബിജെപി ബന്ദ് നടക്കുമ്പോഴും വലിയ പൊതുയോഗം നടത്താൻ ഒരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ്. അവരുടെ വിദ്യാർത്ഥി വിഭാഗമായ തൃണമൂൽ ഛത്ര പരിഷത്തിന്റെ സ്ഥാപക ദിനത്തിനോട് അനുബന്ധിച്ച പരിപാടിയാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്.












Click it and Unblock the Notifications