മിസോറാം നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തീയതി ഡിസംബർ നാലിലേക്ക് മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ
ഐസ്വാൾ: മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തീയതി ഡിസംബർ നാലിലേക്ക് മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ. "വോട്ടെണ്ണൽ തീയതി ഡിസംബർ മൂന്നിൽ നിന്ന് മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റണമെന്ന് നിരവധി അഭ്യർത്ഥനകൾ കമ്മീഷന് ലഭിച്ചിരുന്നു. മിസോറാമിലെ ജനങ്ങൾക്ക് ഒരു പ്രത്യേക പ്രാധാന്യമുള്ള ദിനമാണ് ഡിസംബർ 3 ഞായറാഴ്‌ച" തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട പ്രസ്‌താവനയിൽ പറഞ്ഞു.
"ഈ വിഷയങ്ങൾ പരിഗണിച്ച് കമ്മീഷൻ, 2023 ഡിസംബർ 3 ഞായറാഴ്‌ചയിൽ നിന്ന് 2023 ഡിസംബർ നാലാം തീയതിയിലേക്ക് മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തീയതി മാറ്റാൻ തീരുമാനിച്ചു," തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മറ്റ് നാല് സംസ്ഥാനങ്ങൾക്കൊപ്പം മിസോറാമിലെയും ഫലം ഡിസംബർ മൂന്നിന് പ്രഖ്യാപിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം തീരുമാനിച്ചിരുന്നത്.

എന്നാൽ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളും സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളും മറ്റുള്ളവരും വോട്ടെണ്ണൽ തീയതി വരുന്നത് ഞായറാഴ്‌ചയായതിനാൽ ഇത് ചർച്ച് പരിപാടികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വോട്ടെണ്ണലിൽ സാധാരണക്കാർക്ക് പങ്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന നിയുക്ത ഉദ്യോഗസ്ഥർ മാത്രമേ വോട്ടെണ്ണലിൽ പങ്കാളികളാകൂ എന്നതിനാൽ ഡിസംബർ 3ന് സാധാരണക്കാർക്ക് വേണ്ടത്ര സ്വാതന്ത്ര്യമുണ്ടെന്നും മിസോറാമിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മധുപ് വ്യാസ് പിടിഐയോട് പറഞ്ഞിരുന്നു.
അതേസമയം, മിസോറാമില്‍ ഉയര്‍ന്ന പോളിംഗ് ശതമാനം വന്നത് മുതല്‍ പാര്‍ട്ടികള്‍ കണക്കുകൂട്ടലുകൾ ആരംഭിച്ചിട്ടുണ്ട്. ആര് ജയിക്കുമെന്ന കാര്യത്തില്‍ എക്‌സിറ്റ് പോളുകൾക്ക് പോലും സംയുക്ത അഭിപ്രായമില്ല. തൂക്കുസഭയാണോ വരുന്നതെന്ന കാര്യത്തിലാണ് ഇപ്പോഴും എല്ലാവരും ഉറ്റുനോക്കുന്നത്.
80.43 ശതമാനമാണ് സംസ്ഥാനത്ത് പോളിംഗ് രേഖപ്പെടുത്തിയത്. 2018ല്‍ ഇത് 80.03 ശതമാനമായിരുന്നു. ത്രികോണ പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്. എംഎന്‍എഫ്, കോണ്‍ഗ്രസ്, സോറം പീപ്പിള്‍സ് മൂവ്‌മെന്റ് എന്നിവര്‍ തമ്മിലാണ് പോരാട്ടം. ചില മണ്ഡലങ്ങളില്‍ ഇത് നാല് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള പോരാട്ടമായും മാറുന്നുണ്ട്. ബിജെപിയാണ് നാലാമത്തെ ശക്തി.












Click it and Unblock the Notifications