മിസോറാം എക്‌സിറ്റ് പോള്‍; ഭരണമാറ്റമെന്ന് പ്രവചനം, സോറം പീപ്പിൾസ് മൂവ്മെന്റ് അധികാരം നേടുമെന്ന് ജൻ കി ബാത്ത്
ഐസ്വാൾ: നോർത്ത് ഈസ്‌റ്റ് സംസ്ഥാനങ്ങളിലെ നിർണായക മേഖലയായ മിസോറാമിൽ ഭരണമാറ്റം പ്രവചിച്ച് ജൻ കി ബാത്ത് സർവേ. സംസ്ഥാനത്തെ ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിന് അടിതെറ്റുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനത്തിൽ ജൻ കി ബാത്ത് പറയുന്നത്. ഇവിടെ ആകെ നാൽപത് സീറ്റുകളിൽ ഏകദേശം 15 മുതൽ 25 വരെ സീറ്റുകൾ നേടി സോറം പീപ്പിൾസ് മൂവ്മെന്റ് അധികാരം പിടിച്ചെടുക്കുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്.
ഭരണ കക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് പത്ത് മുതൽ 14 സീറ്റുകൾ മാത്രമേ നേടുകയുള്ളൂവെന്നും സർവേ ഫലത്തിൽ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലിന് ഒരുങ്ങുന്ന കോൺഗ്രസിന് ഇവിടെ അഞ്ച് മുതൽ ഒൻപത് സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നാണ് ജൻ കി ബാത്ത് സർവേ ഫലം വ്യക്തമാക്കുന്നത്.

ബിജെപിക്ക് ഇവിടെ രണ്ട് സീറ്റുകൾ വരെയാണ് സർവേ പ്രവചിക്കുന്നത്. ആകെ നാൽപത് സീറ്റുകളിൽ 21 സീറ്റുകൾ നേടുന്ന കക്ഷി ഭരണം നേടുമെന്ന് ഇരിക്കെ, ഇവിടെ പുതിയ സർക്കാർ അധികാരത്തിൽ എത്തുമെന്ന സൂചനയാണ് ജൻ കി ബാത്ത് സർവേ പ്രവചിക്കുന്നത്.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്), പ്രധാന പ്രതിപക്ഷ പാർട്ടിയായ സോറാം പീപ്പിൾസ് മൂവ്മെന്റ് (ZPM), കോൺഗ്രസ് എന്നിവ 40 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. 2018ൽ 26 സീറ്റുകൾ നേടിയാണ് മിസോ നാഷണൽ ഫ്രണ്ട് അധികാരത്തിലേറിയത്.












Click it and Unblock the Notifications