മണ്ഡല പുനർനിർണയം; കേന്ദ്രത്തിനെതിരെ പടയ്ക്ക് ഒരുങ്ങി സ്‌റ്റാലിൻ, 7 പ്രതിപക്ഷ മുഖ്യമന്ത്രിമാരെ ഒപ്പം ചേർക്കും
ചെന്നൈ: വരാനിരിക്കുന്ന ലോക്‌സഭാ മണ്ഡല അതിർത്തി പുനർനിർണയതിനെതിരായ പോരാട്ടം കടുപ്പിക്കാൻ ഒരുങ്ങി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. ഇതിന്റെ ഭാഗമായി ഒരു സംയുക്ത പ്രവർത്തന സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌റ്റാലിൻ മറ്റ് നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും പശ്ചിമ ബംഗാൾ, ഒഡീഷ, പഞ്ചാബ് എന്നിവിടങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് കത്തെഴുതി.
കേരളത്തിന്റെ പിണറായി വിജയൻ, കർണാടകയിലെ സിദ്ധരാമയ്യ, തെലങ്കാനയിലെ രേവന്ത് റെഡ്ഡി, ആന്ധ്രാപ്രദേശിലെ ചന്ദ്രബാബു നായിഡു, പുതുച്ചേരിയിലെ എൻ രംഗസ്വാമി, മമത ബാനർജി, മോഹൻ ചരൻ മാജി, എന്നിവരോട് മാർച്ച് 22ന് ചെന്നൈയിൽ നടക്കുന്ന കൂടിക്കാഴ്‌ചയിൽ പങ്കെടുക്കണമെന്നും അതിൽ കൂട്ടായ ഒരു തീരുമാനം എടുക്കണമെന്നുമാണ് എംകെ സ്‌റ്റാലിൻ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ സംസ്ഥാനങ്ങളിലെ മറ്റ് പാർട്ടികളിൽ നിന്നുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കളെയും അദ്ദേഹം യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മണ്ഡല അതിർത്തി നിർണയം ഫെഡറലിസത്തിനു നേരെയുള്ള ഒരു നഗ്നമായ ആക്രമണമാണ്, പാർലമെന്റിൽ നമ്മുടെ ന്യായമായ ശബ്‌ദം ഇല്ലാതാക്കി ജനസംഖ്യാ നിയന്ത്രണം ഉറപ്പാക്കിയ സംസ്ഥാനങ്ങളെ ശിക്ഷിക്കുകയാണ്. ഈ ജനാധിപത്യ അനീതി ഞങ്ങൾ അനുവദിക്കില്ല; എന്നായിരുന്നു സ്‌റ്റാലിൻ എക്‌സിലൂടെ പറഞ്ഞത്.
കേന്ദ്രത്തിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തിനും മണ്ഡല അതിർത്തി നിർണയ പ്രക്രിയയ്ക്കുമെതിരെ സ്‌റ്റാലിനും അദ്ദേഹത്തിന്റെ സർക്കാരും ശക്തമായി പ്രതിഷേധിച്ചു വരികയാണ്. ഇത് രണ്ടും ആവശ്യമില്ലെന്നും, ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തിനും തമിഴ് ജനതയ്ക്കും തങ്ങളുടെ ഭാഷയ്ക്കും നേരെയുള്ള ആക്രമണമാണിതെന്നും ഡിഎംകെ ആരോപിക്കുന്നു.
ജനസംഖ്യാ വളർച്ച നിയന്ത്രിക്കാൻ കഴിഞ്ഞ സംസ്ഥാനങ്ങളുടെ സഭയിലെ സ്വാധീനം കുറയ്ക്കാൻ സാധ്യതയുള്ള മണ്ഡല പുനർനിർണയത്തിനെ മാർച്ച് 22ന് നടത്താൻ നിശ്ചയിച്ച നിർദ്ദിഷ്‌ട യോഗം അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1976ന് ശേഷമുള്ള അതിർത്തി നിർണയ നടപടികൾ വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ പാസാക്കിയ ഭേദഗതി പ്രകാരം മരവിപ്പിച്ചതായി അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം, മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒരു ലോക്‌സഭാ സീറ്റ് പോലും നഷ്‌ടമാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയ ഉറപ്പിനെയും തമിഴ്‌നാട് മുഖ്യമന്ത്രി വിമർശിച്ചു. വടക്കൻ സംസ്ഥാനങ്ങൾക്കോ മറ്റേതെങ്കിലും സംസ്ഥാനങ്ങൾക്കോ കൂടുതൽ സീറ്റുകൾ ലഭിക്കില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞിട്ടില്ലെന്നാണ് സ്‌റ്റാലിൻ വാദിക്കുന്നത്.
ലോക്‌സഭാ മണ്ഡല അതിർത്തി പുനർനിർണയത്തിന്റെയും ഹിന്ദി അടിച്ചേൽപ്പിക്കലിന്റെയും പേരിൽ കേന്ദ്രവുമായി തുറന്ന പോരിനാണ് എംകെ സ്‌റ്റാലിൻ ഒരുങ്ങുന്നതെന്ന് ഏറ്റവും പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന ഇടങ്ങളിലെയും മുഖ്യമന്ത്രിമാരുടെ പിന്തുണ ഉറപ്പാക്കിയാൽ അത് സ്‌റ്റാലിന് നല്ല രീതിയിൽ ഗുണം ചെയ്യും.












Click it and Unblock the Notifications