'വിജയ് നിയമസഭയെ സിനിമാ സെറ്റ് പോലെയാണ് കാണുന്നത്, ശ്രദ്ധ പഞ്ച് ഡയലോഗുകളിൽ'; വിമർശിച്ച് എംകെ സ്‌റ്റാലിൻ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്ക്ക് എതിരെ വിമർശനം കടുപ്പിച്ച് ഡിഎംകെ. നിയമസഭയെ സിനിമാ സെറ്റുപോലെ കാണുകയും 'പഞ്ച് ഡയലോഗുകൾ' പറയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുകയാണ് മുഖ്യമന്ത്രി വിജയ് എന്നാണ് ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എംകെ സ്‌റ്റാലിൻ ആരോപിക്കുന്നത്.
ഡിഎംകെ എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു സ്‌റ്റാലിൻ. നേരത്തെ ഡിഎംകെ സർക്കാർ കൊണ്ടുവന്ന പദ്ധതികളുടെ പേരുകൾ മാറ്റുന്നതിലാണ് ഇപ്പോഴത്തെ സർക്കാരിന്റെ പ്രധാന ശ്രദ്ധയെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭയിൽ വിജയ് സിനിമാ പശ്ചാത്തലം ഉപയോഗിച്ച് പഞ്ച് ഡയലോഗുകൾ പറയുന്നതുപോലെയാണ് പെരുമാറുന്നതെന്നും സ്‌റ്റാലിൻ പറഞ്ഞു.

തിരഞ്ഞെടുപ്പിലെ തോൽവി പാർട്ടിയുടെ സ്ഥിരമായ പരാജയമല്ലെന്നും ഭാവിയിലേക്ക് കൂടുതൽ ശക്തമായി തയ്യാറെടുക്കാനുള്ള അവസരമാണെന്നും അദ്ദേഹം വ്യക്തമാക്കി. തോൽവിക്ക് പാർട്ടി ഭാരവാഹികളുടെ പ്രവർത്തനവും ഒരു കാരണമാണെന്ന് സ്‌റ്റാലിൻ സമ്മതിച്ചു. ഓരോ മണ്ഡലത്തിലെയും പ്രശ്‌നങ്ങൾ മാത്രം പരിശോധിച്ച് ആളുകളെ മാറ്റുന്നതിന് പകരം പാർട്ടി മുഴുവൻ സ്വയം വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി പാർട്ടിയുടെ സംഘടനാ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനും യോഗം തീരുമാനിച്ചു. പാർട്ടിയിൽ യുവാക്കൾക്ക് കൂടുതൽ അവസരം നൽകുകയും സംഘടനാ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് പുതിയ തീരുമാനങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാരുടെ പരമാവധി പ്രായം 45 വയസായി നിശ്ചയിച്ചു, മുനിസിപ്പൽ, സിറ്റി, ടൗൺ പഞ്ചായത്ത് വാർഡ് കമ്മിറ്റി സെക്രട്ടറിമാരുടെ പരമാവധി പ്രായം 50 വയസാക്കി. മറ്റ് പ്രധാന കമ്മിറ്റി സ്ഥാനങ്ങളിലെ പരമാവധി പ്രായപരിധി 60 വയസായി നിശ്ചയിച്ചു. വിവിധ കമ്മിറ്റി സെക്രട്ടറിമാർക്ക് പരമാവധി രണ്ട് തവണ പദവിയിൽ തുടരാമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായുള്ള ചർച്ചയ്ക്ക് ശേഷം ചില സ്ഥാനങ്ങളിലെ കാലാവധി മൂന്ന് തവണയായി വർധിപ്പിച്ചു. ചെന്നൈ, കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി, സേലം കോർപ്പറേഷനുകളിൽ പുതിയ ബ്രാഞ്ച് കമ്മിറ്റികൾ രൂപീകരിക്കും. ചെന്നൈയിൽ ശരാശരി 10,000 വോട്ടർമാർക്ക് ഒരു വാർഡ് കമ്മിറ്റി എന്ന രീതിയിലും മറ്റ് കോർപ്പറേഷനുകളിൽ 5,000 വോട്ടർമാർക്ക് ഒരു കമ്മിറ്റി എന്ന രീതിയിലും സംവിധാനം ശക്തിപ്പെടുത്തും.




Click it and Unblock the Notifications