ഡൽഹിയിൽ ഭജൻ ക്ലബ്ബിങ് പരിപാടിയിൽ പങ്കെടുത്ത് മോദി; നീക്കം ഗ്യാനേഷ് കുമാറിന്റെ രാജി തേടിയുള്ള പ്രക്ഷോഭത്തിനിടെ

ന്യൂഡൽഹി: ദീൻ ദയാൽ ഉപാധ്യായ പാർക്കിൽ നടന്ന ഭജൻ ക്ലബ്ബിങ് പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതീയ ജനസംഘം നേതാവ് പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായയുടെ 110ആം ജന്മവാർഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഭക്തിഗാനങ്ങൾ ആലപിക്കുന്നതിനിടെ പ്രധാനമന്ത്രി കലാകാരന്മാർക്കൊപ്പം കൈയടിക്കുകയും തംബുരു വായിച്ച് പരിപാടിയിൽ പങ്കെടുക്കുകയും ചെയ്‌തു. പരിപാടി നടക്കുന്ന സ്ഥലത്തെത്തിയ പ്രധാനമന്ത്രി അവിടെ കാത്തുനിന്ന ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്യുകയും ചെയ്‌തു.

ഭക്തിഗാനങ്ങൾ സാധാരണ രീതിയിൽ അവതരിപ്പിക്കുന്നതിന് പകരം ക്ലബ്ബ് മാതൃകയിൽ വലിയൊരു കൂട്ടം ആളുകൾ ഒന്നിച്ചുകൂടി ഗാനങ്ങൾ ആലപിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന രീതിയെയാണ് ഭജൻ ക്ലബ്ബിങ് എന്ന് പറയുന്നത്. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഇത്തരം പരിപാടികൾക്ക് ശ്രദ്ധ ലഭിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ. ഭക്തിഗാനങ്ങൾക്കൊപ്പം സൗഹൃദപരമായ കൂട്ടായ്‌മയും ആധുനിക രീതിയിലുള്ള അവതരണവുമാണ് ഇത്തരം പരിപാടികളുടെ പ്രത്യേകത.

modi

ഇതിനിടെ ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധിച്ച ചില പ്രവർത്തകരെ പോലീസ് കസ്‌റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്. ഈ പ്രതിഷേധം നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ദീൻ ദയാൽ ഉപാധ്യായ പാർക്കിലെ ഭജൻ ക്ലബ്ബിങ് പരിപാടിയിൽ പങ്കെടുത്തത്.

ഭജൻ ക്ലബ്ബിങ് എന്ന രീതിയെക്കുറിച്ച് പ്രധാനമന്ത്രി നേരത്തെയും സംസാരിച്ചിട്ടുണ്ട്. ജനുവരിയിൽ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ യുവാക്കൾക്കിടയിൽ ഈ രീതിക്ക് ലഭിക്കുന്ന സ്വീകാര്യത അദ്ദേഹം പരാമർശിച്ചിരുന്നു. ഭക്തി, സംസ്‌കാരം, ആത്മീയത, ആധുനികത എന്നിവയെ ഒരുമിച്ച് കൊണ്ടുവരുന്ന രീതിയായാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. വലിയ ഭജൻ കൂട്ടായ്‌മകളെ സംഗീത പരിപാടികളുമായി താരതമ്യം ചെയ്‌തുകൊണ്ടും യുവാക്കൾ ഇന്ത്യൻ പാരമ്പര്യങ്ങളോടും ആത്മീയതയോടും പുതിയ രീതിയിൽ ബന്ധപ്പെടുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

ജൂലൈയിൽ ഓസ്ട്രേലിയ സന്ദർശിച്ചപ്പോഴും പ്രധാനമന്ത്രി ഭജൻ ക്ലബ്ബിങ്ങിനെക്കുറിച്ച് പരാമർശിച്ചിരുന്നു. ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് യുവാക്കൾ വിശ്വാസത്തോടും ആത്മീയതയോടും പുതിയ രീതിയിൽ ബന്ധപ്പെടുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. വീടുകളിലെ സത്യനാരായണ പൂജ, ഗുരുദ്വാരകളിലെ അർദാസ്, കുട്ടികളുടെ ഭാംഗ്ര, ഭരതനാട്യം പരിപാടികൾ, സമൂഹാടിസ്ഥാനത്തിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ തുടങ്ങിയവയും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്നു.

അടുത്തിടെ നടന്ന സിജെപി സമരം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ശേഷം യുവാക്കളെയും ജെൻ സി പുതുതലമുറയെയും ആകർഷിക്കാനുള്ള നീക്കങ്ങൾ ബിജെപി സജീവമാക്കിയിരുന്നു. അതിന്റെ കൂടി ഭാഗമാണോ ഭജൻ ക്ലബ്ബിങ് പരിപാടിയിലെ പ്രധാനമന്ത്രിയുടെ സാന്നിധ്യം എന്നാണ് ഉയരുന്ന സുപ്രധാന ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma