മോദി സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം; സിബിഐ, ഇഡി മേധാവികളുടെ കാലാവധി 5 വര്‍ഷം വരെ നീട്ടും
ന്യൂഡല്‍ഹി: രാജ്യത്തെ സുപ്രധാന അന്വേഷണ ഏജന്‍സികളുടെ കാര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. സിബിഐ, ഇഡി എന്നീ അന്വേഷണ ഏജന്‍സികളുടെ മേധാവികളുടെ കാലാവധി അഞ്ച് വര്‍ഷം വരെ നീട്ടാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഓര്‍ഡിനന്‍സുകള്‍ കേന്ദ്രമന്ത്രിസഭ പാസാക്കി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചു. നിലവില്‍ രണ്ടു വര്‍ഷമാണ് സിബിഐ, ഇഡി മേധാവികളുടെ കാലാവധി. ഇത് അഞ്ച് വര്‍ഷം വരെ നീട്ടാമെന്നാണ് പുതിയ ഓര്‍ഡിനന്‍സില്‍ പറയുന്നത്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രം ഉപയോഗിക്കുന്നു എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

രണ്ടു വര്‍ഷത്തെ കാലാവധി കഴിഞ്ഞാല്‍ ഓരോ വര്‍ഷവും നീട്ടി നല്‍കാം. ഇങ്ങനെ മൂന്ന് വര്‍ഷം വരെ നീട്ടാമെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു. ഫലത്തില്‍ അഞ്ച് വര്‍ഷം വരെ സിബിഐ, ഇഡി മേധാവികളായി തുടരാന്‍ സാധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണ് ഇക്കാര്യത്തില്‍ പ്രധാനം. പൊതു താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുക, അല്ലെങ്കില്‍ ബന്ധപ്പെട്ട സമിതിയുടെ ശുപാര്‍ശ ലഭിക്കണം. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പിന്നീട് കാലാവധി നീട്ടി നല്‍കില്ലെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ വിശദീകരിക്കുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഡയറക്ടര്‍ എസ്‌കെ മിശ്രയുടെ സര്‍വീസ് കാലാവധി നീട്ടുന്ന വിഷയം അടുത്തിടെ സുപ്രീംകോടതിയിലെത്തിയിരുന്നു. അപൂര്‍വമായിട്ടോ അടിയന്തരമായ സാഹചര്യത്തിലോ മാത്രമേ കാലാവധി നീട്ടി നല്‍കാവൂ എന്നാണ് ജസ്റ്റിസ് എല്‍എന്‍ റാവുവിന്റെ അധ്യക്ഷതയിലുള്ള സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. എസ്‌കെ മിശ്രയുടെ സര്‍വീസ് കാലാവധി നവംബര്‍ 17ന് അവസാനിക്കുകയാണ്. അതേസമയം, സര്‍ക്കാരിന്റെ നീക്കം പ്രതിപക്ഷം സംശയത്തോടെയാണ് കാണുന്നത്. രാജ്യത്തെ മിക്ക പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കള്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്നുണ്ട്. കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നിലപാട്.
ലുങ്കി ഡാന്‍സുമായി ജാന്‍വി കപൂര്‍; നടിയുടെ പുതിയ ഫോട്ടോ വൈറല്‍












Click it and Unblock the Notifications