അമേഠിയില്‍ എകെ 203 നിര്‍മാണത്തിന് കേന്ദ്രത്തിന്റെ അനുമതി, റഷ്യയുമായി ചേര്‍ന്ന് പ്രതിരോധ സഹകരണം
ദില്ലി: രാഹുല്‍ ഗാന്ധിയുടെ കോട്ടയായ അമേഠിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതി. ഇവിടെ നിന്ന് തോക്ക് നിര്‍മാണത്തിനുള്ള അനുമതിക്ക് മോദി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. നേരത്തെ തന്നെ ഇവിടെ സൈന്യത്തിന്റെ ആയുധ ഫാക്ടറിയുണ്ട്. അഞ്ച് ലക്ഷം എകെ 203 അസോള്‍ട്ട് റൈഫില്‍സ് നിര്‍മിക്കാനുള്ള അനുമതിയാണ് കേന്ദ്രം നല്‍കിയത്. അമേഠിയിലെ കോര്‍വയിലാണ് നിര്‍മാണം നടക്കുക. ഇന്ത്യയിലെ ആയുധനിര്‍മാണ മേഖലയെ ലോകോത്തരമാക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. അതിലുപരി മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ ആയുധ നിര്‍മാണ മേഖലയില്‍ സ്വയം പര്യാപ്തത കൊണ്ടുവരാന്‍ കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

റഷ്യയുമായി ചേര്‍ന്നാണ് ഇവയുടെ നിര്‍മാണം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബര്‍ ആറിന് വാര്‍ഷിക ഉച്ചകോടിക്കായി ഇന്ത്യയിലെത്തുന്നുണ്ട്. അതിന് മുമ്പാണ് ഈ തീരുമാനം വന്നിരിക്കുന്നത്. പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ സുപ്രധാന പങ്കാളിയായി റഷ്യ മാറിയിരിക്കുകയാണ്. മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ സൈന്യത്തില്‍ ഇടംപിടിച്ച ഐഎന്‍എസ്എഎസ് റൈഫിളുകള്‍ക്ക് പകരം ഇനി മുതല്‍ എകെ 203 ഇടംപിടിക്കും. അത്യാധുനിക ആയുധം കൂടിയാണിത്. റഷ്യന്‍ റൈഫിളിന്റെ ഏറ്റവും ആധുനിക വേര്‍ഷനാണിത്. 300 മീറ്ററോളം റേഞ്ചാണ് ഈ തോക്കിനുള്ളത്. പ്രതിരോധ മേഖലയിലെ നിര്‍ണായക നീക്കം കൂടിയാണ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രാലയവും ചേര്‍ന്ന് നടത്തിയത്.
ചൈനയില്‍ നിന്നടക്കം ഭീഷണി ശക്തമായി വരുന്നതും അതിനെ നേരിടാന്‍ ആയുധ ശേഷിയും ഇന്ത്യക്ക് വളരെ ആവശ്യമാണ്. സേനയുടെ ആധുനികവത്കരണം കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന അജണ്ടകളിലൊന്നാണ്. റഷ്യയുടെ സഹകരണം സേനയെ ശക്തമാക്കാന്‍ ഇന്ത്യക്ക് ആവശ്യമാണ്. ഇന്ത്യ നേരത്തെ ബഹുഭൂരിപക്ഷം ആയുധങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നിന്നായിരുന്നു വാങ്ങിയിരുന്നത്. അത് യുഎസ്സിനെയും ഇസ്രയേലിനെയും കൂടുതലായി ഇന്ത്യക്ക് ആശ്രയിക്കേണ്ട അവസ്ഥയുണ്ടാക്കിയിരുന്നു. അവിടെ നിന്നാണ് മെയ്ക്ക് ഇന്‍ ഇന്ത്യയിലേക്ക് എത്തുന്നത്. റഷ്യയുടെ സഹായത്തോടെ അമേഠിയില്‍ വെടിക്കോപ്പുകള്‍ നിര്‍മിക്കാന്‍ ഇതോടെ ഇന്ത്യക്ക് സാധിക്കും.
ഇന്ത്യയില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചായിരിക്കും നിര്‍മാണം. റഷ്യയും ഇന്ത്യയും തമ്മിലുള്ള വിശ്വാസവും പങ്കാളിത്തവും ഇതോടെ കൂടുതല്‍ ശക്തമായതായി പ്രതിരോധ മന്ത്രാലയം വക്താക്കള്‍ പറയുന്നു. ലൈറ്റ് വെയിറ്റ് മോഡലാണ് എകെ 203 റൈഫിളുകള്‍. പുതിയ റൈഫിളുകളില്‍ ഉപയോഗിക്കാന്‍ ഏറ്റവും എളുപ്പവും എകെ 203 ആണ്. ഇന്ത്യന്‍ സൈന്യത്തിന് ഭീകരവാദ വിരുദ്ധ പോരാട്ടങ്ങളിലും പ്രത്യേക ഓപ്പറേഷനുകളിലും ഗുണം ചെയ്യും. കൂടുതല്‍ സൗകര്യത്തോടെ ആധുനികരീതിയില്‍ മറ്റ് സൈന്യങ്ങളെ പോലെ മുന്നേറാന്‍ ഇവ സഹായിക്കും. തീവ്രവാദ മിഷനുകളില്‍ ആയുധം ഉപയോഗിക്കുമ്പോഴുണ്ടാവുന്ന സങ്കീര്‍ണതകളും ഇതോടെ പരിഹരിക്കപ്പെടും.
ഈ പദ്ധതിയിലൂടെ നിരവധി പേര്‍ക്ക് ബിസിനസ് അവസരം ഇന്ത്യയിലുണ്ടാവും എന്നാണ് കേന്ദ്രം കരുതുന്നത്. ചെറുകിട-ഇടത്തരം വ്യാപാര മേഖലകള്‍ക്കും, പ്രതിരോധ വ്യാപാര മേഖലകള്‍ക്കുമെല്ലാം കാര്യമായ നേട്ടമുണ്ടായേക്കും. പ്രധാനമായും അസംസ്‌കൃത വസ്തുക്കള്‍ അടക്കം ഇവര്‍ക്ക് വിറ്റഴിക്കാന്‍ സാധിക്കും. അത് പ്രതിരോധ മേഖലയെ തന്നെ വളര്‍ത്തിയക്കേും. കൂടുതല്‍ തൊഴിലവസരങ്ങളും ഇതിലൂടെ ഉണ്ടാവും. ഉത്തര്‍പ്രദേശിനെ പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ ഹബ്ബായി മാറ്റുക എന്ന മിഷനും ഇതിലൂടെ സാധ്യമാകും. അതേസമയം കൂടുതല്‍ പ്രഖ്യാപനങ്ങളിലൂടെ അമേഠി ബിജെപി കോട്ടയായി മാറ്റാനുള്ള നീക്കവും ഇതിന് പിന്നിലുണ്ട്.
നേരത്തെ തന്നെ സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ഇവിടെ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. 2024ല്‍ രാഹുലിനെതിരെ ബിജെപി ഉയര്‍ത്തുന്ന പ്രചാരണവും ഇത്തരം വികസന പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തി കാണിച്ചാവും. ഇന്തോ-റഷ്യന്‍ റൈഫില്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സംയുക്ത സംരംഭമായിട്ടാണ് ഈ തോക്ക് നിര്‍മാണത്തെ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി കാണിക്കുക. പ്രതിരോധ മേഖലയുടെ സ്വയം പര്യാപ്തതയും, ഭാവിയില്‍ ഇന്ത്യയില്‍ നിന്ന് ആയുധങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് അടക്കമുള്ള ലക്ഷ്യങ്ങളും ഇന്ത്യക്ക് മുന്നിലുണ്ട്.












Click it and Unblock the Notifications