മോദി നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്, സാങ്കേതികവിദ്യ പുരോഗതിയെ പ്രകീര്‍ത്തിച്ച് കാര്‍ത്തി ചിദംബരം
ചെന്നൈ: ബിജെപി സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങള്‍ ശരിയായ രീതിയില്‍ ചെയ്തിട്ടുണ്ടെന്ന് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം. വണ്‍ഇന്ത്യയുമായി അഭിമുഖത്തിലാണ് കാര്‍ത്തി മോദി സര്‍ക്കാരിനെയും ബിജെപിയെയും പ്രകീര്‍ത്തിച്ചത്. സാങ്കേതികവിദ്യയുടെ മുന്നേറ്റത്തില്‍ അടക്കം മോദി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും കാര്‍ത്തി പറഞ്ഞു.
എല്ലാ പാര്‍ട്ടികളും 2014ന് ശേഷം ശരികളും തെറ്റുകളും ചെയ്തിട്ടുണ്ട്. എല്ലാ കാര്യങ്ങളും ശരിയായി വരണമെന്നില്ല. വിശാല അര്‍ത്ഥത്തില്‍ എനിക്ക് ബിജെപിയുടെ ഇന്ത്യയെന്ന സങ്കല്‍പ്പത്തോട് യോജിപ്പില്ല. അത് ഹിന്ദു ഇന്ത്യയെന്ന സങ്കല്‍പ്പമാണ്. അതിനെ അംഗീകരിക്കുന്നില്ലെന്നും കാര്‍ത്തി പറഞ്ഞു.

അതേസമയം ബിജെപിയുടെ ആശയത്തോട് യോജിപ്പില്ലെങ്കിലും അവര്‍ പല കാര്യങ്ങളും നല്ല രീതിയില്‍ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നയങ്ങള്‍ സാങ്കേതിവിദ്യ വന്‍ തോതില്‍ രാജ്യത്ത് വളരാന്‍ കാരണമായിട്ടുണ്ട്. അത് വളരെ ശരിയായ രീതിയില്‍ തന്നെയാണ് മോദി ചെയ്തിരിക്കുന്നത്. ഒരുപാട് തടസ്സങ്ങളെ മറികടക്കാന്‍ സാങ്കേതികവിദ്യ സഹായിക്കുമെന്ന് മോദി മനസ്സിലാക്കിയിട്ടുണ്ട്.
അതുകൊണ്ട് അക്കാര്യത്തില്‍ മോദിക്ക് തെറ്റുപ്പറ്റിയിട്ടില്ല. എന്നാല്‍ സാമൂഹികമായിട്ടുള്ള മോദിയുടെ കാഴ്ച്ചപ്പാടിനോട് എനിക്ക് യോജിപ്പില്ല. മുന്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് മുകളിലാണ് പുതിയ സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്ത് തുടങ്ങുക എന്ന് അതിന് അര്‍ത്ഥമില്ലെന്നും കാര്‍ത്തി വ്യക്തമാക്കി.
ഒരു സര്‍ക്കാരിനും മുന്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളെ തള്ളിക്കളയാനാവില്ല. വര്‍ഷങ്ങളോളമുള്ള പ്രയത്‌നത്തിലൂടെയാണ് സാങ്കേതികപരമായതും, സാമൂഹ്യപരമായതുമായ പുരോഗതി കൈവരിക്കാനാവുക. അത് സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ കാര്യവും തെറ്റാണെന്ന കാഴ്ച്ചപ്പാട് എനിക്കില്ലെന്നും കാര്‍ത്തി പറഞ്ഞു.
തീര്‍ച്ചയായും അവര്‍ ചെയ്ത കുറച്ച് കാര്യങ്ങള്‍ നല്ല രീതിയില്‍ തന്നെ വന്നിട്ടുണ്ട്. പ്രത്യയശാസ്ത്രപരമായി അവരുടെ സാമൂഹിക കാഴ്ച്ചപ്പാടിനോട് എനിക്ക് യോജിപ്പില്ല. ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്ന രീതിയോടും, അതിനെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുന്ന രീതിയോടും യോജിപ്പില്ല. സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രത്തിന്റെ സമീപനവും, വ്യക്തി സ്വാതന്ത്ര്യത്തിന്‍ മേലുള്ള അവരുടെ കടന്നുകയറ്റവുമെല്ലാം ഞാന്‍ യോജിക്കാത്ത കാര്യങ്ങളാണെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു.












Click it and Unblock the Notifications