മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ മോഡിയെത്തി
പട്‌ന: ഹുങ്കാര്‍ റാലിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ വീട്ടിലെത്തി ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി ബന്ധുക്കളെ ആശ്വസിപ്പിച്ചു. കനത്ത സുരക്ഷയിലായിരുന്നു നരേന്ദ്രമോഡി ഒരാഴ്ചയ്ക്കിടെ രണ്ടാമതും ബിഹാറിലെത്തിയത്. സ്‌ഫോടനത്തില്‍ മരിച്ച രാജ് നാരായണ്‍ സിംഗിന്റെ വീട്ടിലെത്തിയ മോഡി സിംഗിന്റെ ചിത്രത്തില്‍ മാലയര്‍പ്പിച്ചു.
പഴയ പട്‌നയിലെ ഗൗരീചക്ക് പ്രദേശത്താണ് മോഡി ആദ്യം സന്ദര്‍ശനം നടത്തിയത്. രാജ് നാരായണ്‍ സിംഗിന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ച മോഡി സമാശ്വാസമായി അഞ്ച് ലക്ഷം രൂപയുടെ ചെക്കും കുടുംബത്തിന് കൈമാറി. പട്‌നയിലെ സ്‌ഫോടന പരമ്പരയ്ക്കിടെയാണ് 65 കാരനായ രാജ് നാരായണ്‍ സിംഗിന് ജീവന്‍ നഷ്ടമായത്.

ജയപ്രകാശ് നാരായണിന്റെ കടുത്ത ആരാധകനായ സിംഗ് വീട്ടുകാരോട് പോലും പറയാതെയായിരുന്നു മോഡിയുടെ ഹുങ്കാര്‍ റാലിക്ക് പോയത്. മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിക്കൊപ്പമാണ് നരേന്ദ്രമോഡി സിംഗിന്റെ വീട്ടിലെത്തിയത്. പ്രതിപക്ഷ നേതാവ് നന്ദകിഷോര്‍ യാദവും ഇവരെ അനുഗമിച്ചു.
പാര്‍ട്ടി ആവശ്യമായ സഹായങ്ങള്‍ ചെയ്യാമെന്നും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി ശരിയാക്കുന്ന കാര്യം പരിഗണിക്കാമെന്നും ബി ജെ പി നേതാക്കള്‍ കുടുംബത്തെ ആശ്വസിപ്പിച്ചു. എന്നാല്‍ നരേന്ദ്രമോഡിയും ബി ജെ പിയും പട്‌നയിലെ സ്‌ഫോടനങ്ങളെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നെന്ന് കോണ്‍ഗ്രസും ജെ ഡി യുവും കുറ്റപ്പെടുത്തി.
നേരത്തെ അന്തരീക്ഷത്തിലെ മഞ്ഞ് കാരണം മോഡിയുടെ സന്ദര്‍ശനം രണ്ട് മണിക്കൂറോളം വൈകി. ഹെലികോപ്ടറിലാണ് മോഡിയും കൂട്ടരും സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ കാണാനെത്തിയത്. ഇസഡ് പ്ലസ് പ്ലസ് വി വി ഐ പി കാറ്റഗറി സുരക്ഷയാണ് മോഡിക്ക് ഒരുക്കിയിരുന്നത്.












Click it and Unblock the Notifications