ലോകകപ്പ് ഹീറോ മുഹമ്മദ് ഷമി അടക്കം 26 പേര്‍ക്ക് അര്‍ജുന അവാര്‍ഡ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്ക് അര്‍ജുന അവാര്‍ഡ്. 2023ലെ മികച്ച പ്രകടനം മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. അടുത്തിടെ സമാപിച്ച ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ 24 വിക്കറ്റുകള്‍ വീഴ്ത്തി ഗംഭീര പ്രകടനമായിരുന്നു ഷമി കാഴ്ച്ചവെച്ചത്. ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഷമിയായിരുന്നു. അതേസമയം ഷമിയെ കൂടാതെ മറ്റ് 25 പേര്‍ക്ക് കൂടി അര്‍ജുന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ ചിരാഗ് ഷെട്ടി, സത്വിക് സായ് രാജ് രങ്കി റെഡ്ഡി എന്നിവര്‍ക്ക് ഇന്ത്യയുടെ ഉയര്‍ന്ന കായിക പുരസ്‌കാരമായ ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചു. കായിക രംഗത്തെ രണ്ടാമത്തെ വലിയ പുരസ്‌കാരം ആണിത്. അതേസമയം ക്രിക്കറ്റ് മേഖലയില്‍ നിന്ന് ഷമിക്ക് മാത്രമാണ് പുരസ്‌കാരം ലഭിച്ചത്.

പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരത്തിന് കബഡി കോച്ച് ഭാസ്‌കരനും അര്‍ഹനായി. സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. അതേസമയം മലയാളി ലോങ്ജംപ് താരം ശ്രീശങ്കറിനും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ ശ്രീശങ്കര്‍ പാലക്കാട് സ്വദേശിയാണ്. ഏഷ്യന്‍ അത്‌ലിറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും താരം വെള്ളി സ്വന്തമാക്കിയിരുന്നു.
അടുത്ത വര്‍ഷം നടക്കുന്ന പാരീസ് ഒളിംപിക്‌സിലും മത്സരിക്കുന്നുണ്ട്. നേരത്തെ ടോക്യോ ഒളിമ്പിക്‌സില്‍ താരം പങ്കെടുത്തിരുന്നു. കേന്ദ്ര കായിക മന്ത്രാലയമാണ് പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചത്. 2024 ജനുവരി ഒന്‍പതിന് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ഭവനില്‍ വെച്ച് രാഷ്ട്രപതിയാണ് പുരസ്‌കാരങ്ങള്‍ ജേതാക്കള്‍ക്ക് സമ്മാനിക്കുക.












Click it and Unblock the Notifications