ഒഡീഷ മുഖ്യമന്ത്രിയായി മോഹൻ മജ്‌ഹിയെത്തും; കെവി സിംഗ് ദിയോയും പ്രഭാതി പരിദയും ഉപ മുഖ്യമന്ത്രിമാർ
ന്യൂഡൽഹി: ഒഡീഷയുടെ പുതിയ മുഖ്യമന്ത്രിയായി മോഹൻ ചരൺ മജ്‌ഹി ചുമതല ഏറ്റെടുക്കും. കേന്ദ്ര പ്രതിരോധ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രാജ്‌നാഥ് സിംഗാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നാല് തവണ എംഎൽഎ ആയിരുന്ന നേതാവാണ് മജ്‌ഹി. കെവി സിംഗ്‌ദിയോ, പ്രവതി പരിദ എന്നിവരെ ഉപമുഖ്യമന്ത്രിമാരായും തിരഞ്ഞെടുത്തു.
ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി മജ്‌ഹിയെ രാജ്‌നാഥ് സിംഗാണ് പ്രഖ്യാപിച്ചത്. ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിൽ കിയോഞ്ജർ നിയമസഭാ സീറ്റിൽ ബിജു ജനതാദളിന്റെ മിന മജ്‌ഹിയെ 87,815 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മോഹൻ മജ്‌ഹി വിജയിച്ചത്. സംസ്ഥാനത്തെ ബിജെപി കുതിപ്പിന് നേതൃത്വം നൽകിയ നേതാക്കളിൽ ഒരാളായിരുന്നു മജ്‌ഹി.

നിയമസഭാ തിരഞ്ഞെടുപ്പിൽ 147ൽ 78 സീറ്റുകളും നേടിയ ബിജെപി നവീൻ പട്‌നായിക്കിന്റെ ബിജു ജനതാദളിനെ പരാജയപ്പെടുത്തി ദിവസങ്ങൾക്ക് ശേഷമാണ് മോഹൻ ചരൺ മജ്‌ഹിയുടെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. ഒഡീഷയുടെ മുഖ്യമന്ത്രി ആരായിരിക്കും എന്ന കാര്യത്തിൽ ഇതുവരെ സസ്പെൻസ് നിറഞ്ഞു നിൽക്കുകയായിരുന്നു.
ഒഡീഷയിലെ പുതിയ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് ജൂൺ 12ന് നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ചൂണ്ടിക്കാട്ടി ഭുവനേശ്വറിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകളും കോടതികളും ഉച്ചയ്ക്ക് 1 മണിക്ക് ശേഷം അടച്ചിടുമെന്നാണ് പ്രഖ്യാപനം.
ആറ് തവണ എംഎൽഎയും, ബിജെപിയും ബിജു ജനതാദളും സഖ്യത്തിലായിരുന്ന 2009 വരെ ഒമ്പത് വർഷം നവീൻ പട്‌നായിക് സർക്കാരിൽ മന്ത്രിയായിരുന്ന വ്യക്തിയാണ് ഉപമുഖ്യമന്ത്രിയായി ചുമതല ഏറ്റെടുക്കുന്ന കെവി സിംഗ് ദിയോ. ഇത്തവണ മുഖ്യമന്ത്രിയായി ഉയർന്നുകേട്ട പേരുകളിൽ ഒന്നായിരുന്നു ദിയോയുടേത്, എന്നാൽ നറുക്ക് വീണതാവട്ടെ മജ്‌ഹിക്കും.
കേന്ദ്ര നേതൃത്വം നിരീക്ഷകരായി അയച്ച കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, ഭൂപേന്ദ്ര യാദവ് എന്നിവരുടെ നേതൃത്വത്തിലാണ് നിയമസഭാ കക്ഷി ഇന്ന് വൈകുന്നേരം പേരുകൾ തിരഞ്ഞെടുത്തത്. സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രിയായാണ് മോഹൻ മജ്‌ഹി ചുമതല ഏറ്റെടുക്കുന്നത്. ബിജെപി ആദ്യമായാണ് ഇവിടെ ഒറ്റയ്ക്ക് അധികാരം പിടിക്കുന്നത്.
അതേസമയം, കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി സംസ്ഥാനത്ത് അധികാരത്തിൽ ഇരിക്കുന്ന ബിജെഡിയെ പുറത്തുചാടിച്ചാണ് ഇക്കുറി ബിജെപി അധികാരം പിടിച്ചെടുത്തത്. ബിജെഡിയുടെ മുഖമായ നവീൻ പട്‌നായിക്കിന്റെ അനാരോഗ്യവും വികെ പാണ്ഡ്യന്റെ അമിതമായ ഇടപെടലുകളും ഒക്കെ ബിജെപി അനുകൂല ഘടകമായി എന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications