മങ്കി പോക്‌സിൽ ജാഗ്രത വേണം; മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം, ലക്ഷണങ്ങൾ എന്തൊക്കെ എന്നറിയാം
ന്യൂഡൽഹി: ആഗോള തലത്തിൽ ഭീതി വിതച്ചുകൊണ്ട് വാർത്തകൾ ഇടംനേടിയ രോഗമാണ് മങ്കി പോക്‌സ്. കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ വ്യക്തിക്ക് മങ്കി പോക്‌സിന് സമാനമായ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വലിയ ആശങ്ക ഉടലെടുത്തിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ മാർഗ നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.
നിലവിൽ സംശയം തോന്നുന്ന എല്ലാ രോഗികളുടെയും സ്ക്രീനിംഗ്, ടെസ്റ്റിംഗ്, കോൺടാക്റ്റ് ട്രേസിംഗ് എന്നിവ നടത്താനാണ് നിർദ്ദേശം. സംശയിക്കുന്നതും സ്ഥിരീകരിച്ചതുമായ കേസുകൾ ചികിത്സിക്കുന്നതിനായി ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ട ആശുപത്രികൾ കണ്ടെത്താനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുജനാരോഗ്യ തയ്യാറെടുപ്പുകൾ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അവലോകനനം ചെയ്യാനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന മങ്കി പോക്‌സ് പടരുന്നതിനെ പബ്ലിക് ഹെൽത്ത് എമർജൻസി ഓഫ് ഇന്റർനാഷണൽ കൺസേൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും രോഗം പടരാനുള്ള സാധ്യത ആഫ്രിക്കയ്ക്ക് പുറത്ത് മിതമായ തോതിൽ ആണെന്നാണ് അവരുടെ വിലയിരുത്തൽ.
മങ്കിപോക്‌സ് ലക്ഷണങ്ങൾ എന്തൊക്കെ?
ഏറ്റവും സാധാരണമായ ലക്ഷണം ശരീരത്തിലെ ചുണങ് പോലെയുള്ള കുമിളകളുടെ തടിപ്പും അതിനെ തുടർന്നുള്ള പനിയുമാണെന്ന് ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് സർക്കാർ നിർദ്ദേശത്തിൽ പറയുന്നു. 18നും 44 വയസിനും ഇടയിൽ പ്രായമുള്ള യുവാക്കൾക്കിടയിലാണ് കൂടുതലായും ഈ രോഗബാധ കാണുന്നതെന്ന് കേന്ദ്രം അറിയിക്കുന്നു.
ലോകമെമ്പാടും സാധാരണമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള വൈറസ് കൈമാറ്റം ലൈംഗിക ബന്ധത്തിലൂടെയുള്ളതാണ്, തുടർന്ന് വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കുള്ള ലൈംഗികേതര സമ്പർക്കം വഴി രോഗം പടരുകയും ചെയ്യുന്നു. രണ്ടുമുതല്‍ നാല് ദിവസം വരെ രോഗി പനി, ശരീരവേദന, അസഹ്യമായ ക്ഷീണം എന്നീ ലക്ഷണങ്ങൾ പ്രകടമാക്കും.
കൂടാതെ ലൈംഗികാവയങ്ങളിലും മലദ്വാരത്തിലും ഉള്‍പ്പടെ തടിച്ച കുമിളകള്‍ പരക്കുന്നതായി പൊതുവെ കണ്ടുവരാറുണ്ട്. ഇത്തരം വലിയ കുമിളകള്‍ ശരീരത്തിലെ മറ്റിടങ്ങളിൽ കാണാതെ തന്നെ ലൈംഗികവയവങ്ങളിലും മലദ്വാരത്തിലും മാത്രം ചെറിയ കുരുക്കളായിവരുന്നതും ചില സാഹചര്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2022 ജനുവരിക്കും 2024 ഓഗസ്‌റ്റിനും ഇടയിൽ 120ലധികം രാജ്യങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. വിവിധ ലാബുകളിൽ സ്ഥിരീകരിച്ച 100,000 കേസുകളിലായി 220ഓളം മരണങ്ങളും ഉണ്ടായിട്ടുണ്ട്. വാക്‌സിനിലൂടെ രോഗത്തിന്റെ തീവ്രത തടയാൻ കഴിയും എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ചികിത്സ എങ്ങനെ?
ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നൊരു രോഗം തന്നെയാണ് മങ്കി പോക്‌സ്. ആശുപത്രി ചികിത്സ പോലും മിക്കവാറും സമയങ്ങളില്‍ ആവശ്യമായി വരാറില്ല എന്നതാണ് ആശ്വാസകരമായ കാര്യം. തൊലിപ്പുറത്തെ കുമിളകള്‍ പൂര്‍ണമായും ഉണങ്ങുന്നത് വരെ അതായത് ഏകദേശം ഒരുമാസത്തോളം രോഗി മറ്റാരുമായി സമ്പർക്കത്തിൽ ഏർപ്പെടാതെ സൂക്ഷിച്ചാൽ മതിയാകും.












Click it and Unblock the Notifications