സ്ത്രീ സുരക്ഷയിൽ മുൻപിൽ ദക്ഷിണേന്ത്യൻ നഗരങ്ങൾ; കൊച്ചിയും തിരുവനന്തപുരവും ആദ്യ അഞ്ചിൽ, ഒന്നാമത്..?
ന്യൂഡൽഹി: ഇന്ത്യയിൽ സുരക്ഷിത നഗരങ്ങളിൽ അധികവും ദക്ഷിണേന്ത്യയിലാണെന്ന് സ്ത്രീകൾ. 'ദ ടോപ് സിറ്റീസ് ഫോർ വിമൻ ഇൻ ഇന്ത്യ' എന്ന റിപ്പോർട്ടിലാണ് സുരക്ഷിതമായ നഗരങ്ങളെ പറ്റിയുള്ള ഏറ്റവും പുതിയ വിവരങ്ങളുള്ളത്. രാജ്യത്തെ 113 നഗരങ്ങളിൽ നിന്നുള്ള സത്രീകളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയാറാക്കിയത്.
ചെന്നൈ നഗരമാണ് ഈ പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ ഉള്ളത്. കൂടുതൽ തൊഴിലവസരങ്ങൾ, സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങളിലെ കുറവ്, വിദ്യാഭ്യാസം, ആരോഗ്യം,ഗതാഗത സൗകര്യം, മറ്റ് സുരക്ഷിതത്വം എന്നിവയാണ് ഈ നഗരങ്ങളെ സ്ത്രീകൾ കൂടുതലായി തിരഞ്ഞെടുക്കാൻ കാരണമായി റിപ്പോർട്ടിൽ വിലയിരുത്തുന്നത്.

ദശലക്ഷത്തിലധികം ജനസംഖ്യയുള്ള വിഭാഗത്തിൽ 49 നഗരങ്ങളും ദശലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള വിഭാഗത്തിൽ 64 നഗരങ്ങളുമാണ് പഠന വിധേയമാക്കിയത്. ഈ രണ്ട് വിഭാഗങ്ങളിലും നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ നഗരങ്ങൾ ഒന്നാമതെത്തി. മില്യൺ പ്ലസ് വിഭാഗത്തിൽ ചെന്നൈയും ദശലക്ഷത്തിൽ താഴെയുള്ള വിഭാഗത്തിൽ തിരുച്ചിറപ്പള്ളിയുമാണ് ഒന്നാമതെത്തിയത്.
തമിഴ്‌നാട്ടിൽ നിന്ന് കോയമ്പത്തൂർ (മില്യൺ പ്ലസ്), തിരുച്ചിറപ്പള്ളി, വെല്ലൂർ, സേലം, ഈറോഡ്, തിരുപ്പൂർ (ഒരു ദശലക്ഷത്തിൽ താഴെ) എന്നിങ്ങനെ ആകെ ഏഴ് നഗരങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. കേരളത്തിനും പട്ടികയിൽ അഭിമാനിക്കാനുള്ള വകയുണ്ട് എന്നതാണ് മറ്റൊരു സവിശേഷത.
പട്ടികയിൽ മൂന്നും നാലും സ്ഥാനത്ത് കൊച്ചിയും തിരുവനന്തപുരവുമാണ്. ഹിമാചൽ പ്രദേശിലെ ഷിംലയാണ് അഞ്ചാമത്. പതിനൊന്നാം സ്ഥാനത്ത് കോഴിക്കോട് നഗരവും ഇതിൽ ഇടം പിടിച്ചുവെന്നതാണ് പ്രത്യേകത.
മില്യൺ പ്ലസ് കാറ്റഗറിയിൽ രണ്ടാമത് ബെംഗളുരുവും, മൂന്നും നാലും സ്ഥാനങ്ങളിൽ മഹാരാഷ്ട്രയിലെ പൂനെയും മുംബൈയുമാണ്. ഹൈദാരാബാദാണ് പട്ടികയിൽ അഞ്ചാമത്. ഇരു ലിസ്‌റ്റിലും സ്ത്രീകൾ ഏറ്റവും സുരക്ഷിതമായി തിരഞ്ഞെടുത്ത സംസ്ഥാനത്തിൽ മുന്നിൽ തമിഴ്‌നാടാണ്. കൂടാതെ ദക്ഷിണേന്ത്യൻ നഗരങ്ങൾക്ക് തന്നെയായിരുന്നു മുൻതൂക്കം.
നേരത്തെ, ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ കോഴിക്കോട് ആദ്യ പത്തില്‍ ഇടം പിടിച്ചിരുന്നു. പട്ടികയില്‍ പത്താമതായിട്ടായിരുന്നു കോഴിക്കോടിന്റെ സ്ഥാനം. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോ പുറത്തുവിട്ട പട്ടിക പ്രകാരം കേരളത്തില്‍ നിന്നും ആദ്യ പത്തില്‍ ഇടം പിടിച്ച ഏക നഗരവും കോഴിക്കാടായിരുന്നു. 19 നഗരങ്ങളുള്ള പട്ടികയാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോ പുറത്തിറക്കിയിരിക്കുന്നത്.












Click it and Unblock the Notifications