മധ്യപ്രദേശില്‍ ബിജെപിക്ക് പ്രതിസന്ധി സ്വന്തം പാര്‍ട്ടിയില്‍; ഞെട്ടിച്ച് എംഎല്‍എമാരുടെ രാജി
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരില്‍ വന്‍ പ്രതിസന്ധി. ആഭ്യന്തര പ്രശ്‌നങ്ങള്‍ പാര്‍ട്ടിയില്‍ ശക്തമായിരിക്കുകയാണ്. നിരവധി ബിജെപി എംഎല്‍എമാര്‍ പരസ്യമായി അതൃപ്തി അറിയിച്ചിരിക്കുകയാണ്. നിരവധി പേരാണ് രാജിവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയയിലൂടെ നേതാക്കളെല്ലാം പരസ്പരം പോരടിക്കുന്നത് നേതൃത്വത്തിന് തലവേദനയായി മാറിയിരിക്കുകയാണ്.
ആറ് പ്രമുഖ ബിജെപി എംഎല്‍എമാരാണ് വിവാദത്തിന്റെ നടുവിലുള്ളത്. ഇതില്‍ മൂന്ന് മുന്‍ മന്ത്രിമാരുമുണ്ട്. ബിജെപി സര്‍ക്കാരിന്റെ ഭരണത്തെയും നേതൃത്വത്തെയുമാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്. പ്രതിപക്ഷം ദുര്‍ബലമായിരിക്കുന്ന മധ്യപ്രദേശില്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ ഭരണത്തെ പിടിച്ചുലയ്ക്കുന്ന വെല്ലുവിളിയുണ്ടായതിന്റെ അമ്പരപ്പിലാണ് ബിജെപി നേതൃത്വം.

വ്യാഴാഴ്ച്ച രാത്രി നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് ദിയോരിയില്‍ നിന്നുള്ള എംഎല്‍എ ബീഹാരി പട്ടേരിയ രാജിവെച്ചിരുന്നു. നേതൃത്വത്തോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണിത്. സ്പീക്കര്‍ക്ക് രാജിക്കത്തും അദ്ദേഹം സമര്‍പ്പിച്ചു. പാമ്പ് കടിച്ച സംഭവുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ പോലീസ് തയ്യാറാവാത്തതാണ് രാജിക്ക് കാരണമെന്നാണ് പട്ടേരിയ വിശദീകരിക്കുന്നത്.
ഒരു എംഎല്‍എ പറയുന്നത് പോലും കേള്‍ക്കാന്‍ പോലീസ് തയ്യാറാവുന്നില്ലെങ്കില്‍, ആ പദവിയില്‍ ഇരിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍ പിന്നാലെ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് അദ്ദേഹം രാജി പിന്‍വലിക്കുകയും ചെയ്തു.
പെട്ടെന്നുള്ള ദേഷ്യത്തില്‍ ഉണ്ടായതാണ് ആ രാജിയെന്നും, എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുവെന്നും പട്ടേരിയ പിന്നീട് പറഞ്ഞു. മൗഗഞ്ച് എംഎല്‍എ പ്രദീപ് പട്ടേലും രാജിവെച്ചിട്ടുണ്ട്. എന്നാല്‍ രാജിവെക്കുന്നതിന് ഒരു ദിവസം മുമ്പ് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് എസ്പി ഓഫീസില്‍ അദ്ദേഹം എത്തുകയും ചെയ്തു. മദ്യ മാഫിയയെ പോലീസ് സംരക്ഷിക്കുന്നുവെന്ന് പട്ടേല്‍ ആരോപിച്ചു.
പോലീസ് തന്നെ ഗുണ്ടകളെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും പട്ടേല്‍ ആരോപിച്ചു. ബിജെപിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നു എന്ന സൂചനയാണ് പ്രദീപ് പട്ടേലിന്റെ രാജിയും നല്‍കുന്നത്.
പട്ടേലിന് പിന്തുണയുമായി മുന്‍ മന്ത്രിയായ അജയ് വിഷ്‌ണോയ് രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പ്രതികരണം. പ്രശ്‌നങ്ങള്‍ പ്രദീപ് പട്ടേല്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ എന്തുചെയ്യും? സര്‍ക്കാര്‍ മദ്യ കരാറുകാര്‍ക്ക് മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണെന്നും പട്ടാല്‍ എംഎല്‍എ കൂടിയായ അജയ് വിഷ്‌ണോയ് ആരോപിച്ചു.
നരിയാവാലിയില്‍ നിന്നുള്ള എംഎല്‍എല്‍യും അനധികൃത മദ്യക്കച്ചവടത്തിനെതിരെ രംഗത്തെത്തി. തന്റെ മണ്ഡലത്തില്‍ ഈ പ്രശ്‌നം രൂക്ഷമാണെന്നും, അതുപോലെ ചൂതാട്ടവും ശക്തമാണെന്നും അദ്ദേഹം ഉന്നയിച്ചു. പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രിയായ സഞ്ജയ് പഥകും പോലീസിനെതിരെ രംഗത്ത് വന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും, സുരക്ഷയില്ലെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications