മുഡാ അഴിമതിയില്‍ സിദ്ധരാമയ്യക്ക് വീണ്ടും കുരുക്ക്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തു
ബെംഗളൂരു: മുഡ ഭൂമി കുംഭകോണത്തില്‍ സിദ്ധരാമയ്യക്ക് വീണ്ടും കുരുക്ക്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കര്‍ണാടക മുഖ്യമന്ത്രിക്കെതിരെ കേസെടുത്തു. ലോകായുക്ത നേരത്തെ സിദ്ധരാമയ്യക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയും അദ്ദേഹത്തിന് കുരുക്കിട്ടിരിക്കുന്നത്. കേസിലെ മറ്റ് പ്രതികളായ സിദ്ധരാമയ്യുടെയും ഭാര്യക്കും, സഹോദരനുമെതിരെ അടക്കം ഇഡി കേസെടുത്തിട്ടുണ്ട്.
എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടാണ് കര്‍ണാടക മുഖ്യമന്ത്രിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ തന്നെ സിദ്ധരാമയ്യക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സിദ്ധരാമയ്യക്കെതിരെ ലോകായുക്ത ചുമത്തിയിരിക്കുന്ന വകുപ്പുകളെല്ലാം കള്ളപ്പണം തടയല്‍ നിയമത്തില്‍ വരുന്നതാണെന്ന് ഇഡി ഉദ്യോഗസ്ഥന്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു. ലോകായുക്ത എഫ്‌ഐആറില്‍ സിദ്ധരാമയ്യ, ഭാര്യ പാര്‍വതി, ഭാര്യാ സഹോദരന്‍ മല്ലികാര്‍ജുന സ്വാമി, ഭൂവുടമയായ ദേവരാജു എന്നിവരുടെ പേരുകളാണ് ഉള്ളത്.
ബെംഗളൂരുവിലെ പ്രത്യേക കോടതി നേരത്തെ മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ലോകായുക്തയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഗവര്‍ണറാണ് മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഇതിനെതിരെ സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു.
ദേവരാജുവില്‍ നിന്ന് മല്ലികാര്‍ജുന സ്വാമി ഭൂമി വാങ്ങി സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് സമ്മാനമായി നല്‍കിയെന്നാണ് കേസില്‍ പറയുന്നത്. ഈ ഇടപാടില്‍ വ്യാപക അഴിമതി നടന്നുവെന്ന് ആരോപണമുണ്ടായിരുന്നു. 14 ഇടങ്ങളിലായുള്ള ഭൂമി അനുവദിച്ചതില്‍ ക്രമക്കേടുകളുകളുണ്ടെന്നായിരുന്നു ആരോപണം.
മൈസൂരു അര്‍ബന്‍ ഡെവലെപ്‌മെന്റ് അതോറിറ്റിയാണ് ഈ ഭൂമി അനുവദിച്ചത്. അതേസമയം അന്വേഷണ കാലയളവില്‍ സിദ്ധരാമയ്യയെ ഇഡിക്ക് ചോദ്യം ചെയ്യാം. സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യാം. മുഡ ഏറ്റെടുത്ത ഭൂമിക്ക് ബദലായി ഉയര്‍ന്ന വിലയുള്ള ഭൂമി പകരമായി സിദ്ധരാമയ്യയുടെ ഭാര്യക്ക് ആഡംബര മേഖലയില്‍ നല്‍കിയെന്നാണ് പരാതി.
ലോകായുക്ത പോലീസിന്റെ എഫ്‌ഐആര്‍ വിശദമായി പരിശോധിച്ച ശേഷമാണ് ഇഡി കേസെടുക്കുകയെന്ന് നേരത്തേ പിടിഐയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാലായിരം കോടിയുടെ അനധികൃത ഇടപാടാണ് നടന്നതെന്നാണ് വിലയിരുത്തല്‍. അതേസമയം സിദ്ധരാമയ്യ ആരോപണങ്ങളെല്ലാം നേരത്തെ തന്നെ നിഷേധിച്ചതാണ്. ബിജെപി കര്‍ണാടക സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചിരുന്നു.
ബിജെപി മുഡ അഴിമതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര ഏജന്‍സികളെ ബിജെപി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും, അതുകൊണ്ട് സിബിഐ അന്വേഷണത്തെ പരിഗണിക്കുന്നില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അനധികൃതമായ ഭൂമി ഇടപാടിലൂടെ സിദ്ധരാമയ്യയും ഭാര്യയും നേട്ടമുണ്ടാക്കിയെന്നാണ് ബിജെപി ആരോപിക്കുന്നത്.












Click it and Unblock the Notifications