എംടിഎച്ച്‌എൽ എന്ന എഞ്ചിനീയറിംഗ് വിസ്‌മയം; 17,843 കോടി ചിലവ്, നീളം 21.8 കി.മീ, 10 മില്യൺ ലിറ്റർ ഇന്ധനം ലാഭം
മുംബൈ: ലോകത്തിലെ തന്നെ ഏറ്റവും വലിയ കടൽപാലങ്ങളിൽ ഒന്നാണ് മുംബൈയിൽ ഉദ്‌ഘാടനം കാത്തിരിക്കുന്നത്. 21.8 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് അഥവാ അടൽ സേതു നവഷേവ സീ ലിങ്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ തയ്യാറായിക്കഴിഞ്ഞു. വെള്ളിയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ലോകത്തിലെ ഏറ്റവും വലിയ കടൽപാലങ്ങളിൽ പന്ത്രണ്ടാം സ്ഥാനമാവും ഇതിന് ഉണ്ടാവുക.
സെവ്‌രിയിൽ നിന്ന് ചിർലെയിലേക്ക് കേവലം 20 മിനിറ്റ് കൊണ്ട് എത്താൻ കഴിയുമെന്ന് വാഗ്‌ദാനം ചെയ്യുന്ന പാലം മുംബൈയ്ക്കും, നവി മുംബൈയ്ക്കും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. എന്നാൽ ഈ ടോൾ റോഡിലെ ബസ് സർവീസുകൾ സംബന്ധിച്ച കാര്യങ്ങളിൽ അധികൃതരുടെ അന്തിമ തീരുമാനമായിട്ടില്ല.

മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി (എംഎംആർഡിഎ) ഏഴ് വർഷം കൊണ്ട് നിർമ്മിച്ച പാലം ഒരു നൂറ്റാണ്ട് നീണ്ടുനിൽക്കാൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, കൂടാതെ രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപ്പാലമായും ഇത് മാറിയിട്ടുണ്ട്. പ്രതിദിനം ഏകദേശം 70,000 വാഹനങ്ങൾ ഈ വഴി കടന്നുപോവുമെന്നാണ് കണക്കുകൂട്ടുന്നത്.
ദീർഘകാലാടിസ്ഥാനത്തിൽ മുംബൈയ്ക്കും പൂനെയ്ക്കും ഇടയിലുള്ള യാത്രാസമയത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഈ പദ്ധതിയുടെ ഫലമായി ലോണാവാല, ഖണ്ടാല, മുംബൈ എന്നിവിടങ്ങളിലെ യാത്രാസമയത്തിൽ 90 മിനിറ്റിന്റെ കുറവുണ്ടാകും.
സൗത്ത്, സെൻട്രൽ മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ ദൈനംദിന യാത്രാനുഭവം മാറ്റി എഴുതാൻ ഈ പാലം സഹായിച്ചേക്കും. ഇത് നിലവിലെ രണ്ട് മണിക്കൂർ യാത്രാ ദൈർഘ്യം വെറും 20 മിനിറ്റായി കുറയ്ക്കുന്നു. മെച്ചപ്പെട്ട കണക്റ്റിവിറ്റി നവി മുംബൈയിലെ വാണിജ്യ, ബിസിനസ് പ്രവർത്തനങ്ങൾക്ക് വലിയ രീതിയിൽ ഉത്തേജനം പകരും.
എംടിഎച്ച്‌എല്ലിൽ ഒരു വൺ-വേ ട്രിപ്പിന് മഹാരാഷ്ട്ര സർക്കാർ ഒരു കാറിന് 250 രൂപ ടോൾ ചാർജായി നിശ്ചയിച്ചിട്ടുണ്ട്, പതിവ്, സ്ഥിരം യാത്രക്കാർക്കും പാസ് ഹോൾഡർമാർക്കും ഇളവ് നൽകാനുള്ള ഓപ്ഷനും ഉണ്ട്. പാലത്തിന്റെ പ്രധാന ഭാഗങ്ങൾ മുഴുവൻ കടലിലാണ്, ഏതാണ്ട് 16 കിലോമീറ്ററിലധികം വരുമിത്.
കുറഞ്ഞത് രണ്ടോ മൂന്നോ മടങ്ങ് ചെലവേറിയ മുംബൈയിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കൂടുതൽ ആളുകൾ നവി മുംബൈയെ ഒരു പ്രായോഗിക പാർപ്പിട കേന്ദ്രമായി കാണുമെന്നതിനാൽ തന്നെ, മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റി, മേഖലയിലെ റിയൽ എസ്‌റ്റേറ്റ് പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.


Click it and Unblock the Notifications