2500 യാത്രക്കാരെ വഹിക്കും, ടിക്കറ്റ് വില 10 രൂപ മുതൽ; മുംബൈയിലെ ആദ്യ ഭൂഗർഭ മെട്രോ വേറെ ലെവൽ, അറിയാം
മുംബൈ: രാജ്യത്ത് ഭൂഗർഭ മെട്രോ സംവിധാനം പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുംബൈ നഗരം കൂടി ഇടം നേടുകയാണ്. അക്വാ ലൈൻ അഥവാ മുംബൈ മെട്രോ 3യാണ് ഈ നേട്ടം കൈവരിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടത്തിന്റെ ഉദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർവഹിക്കുന്നത്. ആരെ മുതൽ ജെവിഎൽആർ-ബികെസി വരെ നീളുന്നതാണ് ആദ്യഘട്ടം. ഉദ്‌ഘാടനം കഴിയുന്നതോടെ ഈ പാത പ്രവർത്തനക്ഷമമാവും.
മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ മെട്രോ ലൈനിന്റെ ഉദ്‌ഘാടനം എന്നതും ശ്രദ്ധേയമായ കാര്യമാണ്. മുംബൈ പോലെയുള്ള അതീവ ജനസംഖ്യയെ ഉൾക്കൊള്ളുന്ന വൻ നഗരത്തിൽ ഗതാഗത തടസവും മറ്റ് ബുദ്ധിമുട്ടുകളും ഇല്ലാതാക്കാൻ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കം.

മുംബൈ മെട്രോ 3 പാത 33.5 കിലോമീറ്റർ ദൈർഘ്യമുള്ള ഭൂഗർഭ മെട്രോയാണ്. 12.44 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴിയിൽ 10 സ്‌റ്റേഷനുകളാണുള്ളത്. തുടക്കത്തിൽ, എട്ട് കാറുകൾ അടങ്ങുന്ന ഒമ്പത് ട്രെയിനുകൾ ഈ റൂട്ടിൽ സർവീസ് ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. മൊത്തം 96 പ്രതിദിന ട്രിപ്പുകളാണ് നടത്താൻ ഉദ്ദേശിക്കുന്നത്. ഒരു മെട്രോ ട്രെയിനിൽ 2500 യാത്രക്കാരെ വരെ കൊണ്ടുപോകാൻ കഴിയും എന്നതാണ് പ്രത്യേകത, രണ്ട് മെട്രോ ട്രെയിനുകൾക്ക് ഇടയിലുള്ള സമയം 6.40 മിനിറ്റായിരിക്കും.
മുംബൈ മെട്രോ 3ന്റെ കൂടുതൽ വിവരങ്ങൾ
രാവിലെ 6:30 മുതൽ രാത്രി 10:30 വരെയായിരിക്കും മുംബൈ മെട്രോ 3യുടെ പ്രവർത്തന സമയം. എന്നാൽ വാരാന്ത്യങ്ങളിൽ ഈ സമയത്തിൽ മാറ്റമുണ്ടാവും. രാവിലെ എട്ടര മുതലാവും സർവീസ് തുടങ്ങുക. രാത്രി പത്തര വരെ തന്നെ സർവീസ് ഉണ്ടാവും. യാത്രാനിരക്ക് 10 മുതൽ 50 രൂപ വരെയാവും ടിക്കറ്റ് നിരക്ക്. ആപ്പ് വഴിയോ ഫിസിക്കൽ കൗണ്ടറുകളിൽ നിന്നോ യാത്രക്കാർക്ക് ടിക്കറ്റ് വാങ്ങാം.
മുംബൈ മെട്രോ 3 സ്‌റ്റേഷനുകൾ: ആരേ, എംഐഡിസി, സീപ്‌സ്, മറോൾ നാക, സിഎസ്എംഐഎ ടി1 (ടെർമിനൽ 1), സഹാർ റോഡ്, സിഎസ്എംഐഎ ടി2 (ടെർമിനൽ 2), വിദ്യാനഗരി, ധാരാവി, ബികെസി എന്നിവാ ഉൾപ്പെടെ ഈ ലൈനിലെ 10ൽ ഒമ്പതും ഭൂഗർഭ സ്‌റ്റേഷനുകളാണ്.
അതേസമയം മുംബൈയിൽ നിർമ്മാണത്തിലിരിക്കുന്ന മെട്രോ 3 കോറിഡോർ 37,275.82 കോടി രൂപ ചെലവിലാണ് ഒരുക്കിയെടുക്കുന്നത്, 2025 ജൂണിൽ ഇത് പൂർണമായി പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് മുന്നോടിയായി 2025 ഫെബ്രുവരിയോടെ വോർളിയിലെ ആചാര്യ അത്രെ ചൗക്ക് വരെ സർവീസ് നീട്ടാനുള്ള പദ്ധതിയും അവർ മുന്നോട്ട് വയ്ക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടോ ഉദ്‌ഘാടനം?
പദ്ധതിയുടെ ആദ്യഘട്ട ഉദ്‌ഘാടനം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന വിമർശനം പ്രതിപക്ഷം ഉയർത്തുന്നുണ്ട്. പദ്ധതി പൂർണമായും പൂർത്തീകരിക്കാൻ ഇനിയും ഒരു വർഷത്തോളം സമയം ശേഷിക്കെ നടക്കുന്ന ഉദ്‌ഘാടനം വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ടാണെന്നാണ് ആരോപണം. നരേന്ദ്ര മോദി തന്നെ ഉദ്ഘടനത്തിനായി നേരിട്ട് എത്തുന്നു എന്നതും പരിപാടിയെ ശ്രദ്ധേയമാക്കുന്നു.












Click it and Unblock the Notifications