മുനുഗോഡ് ഉപതിരഞ്ഞെടുപ്പ്; 'ഒഴുകിയത് 600 കോടി, ബിരിയാണിയും മദ്യവും വേറെ'.. കണക്ക് പുറത്ത്
ദില്ലി: ദേശീയ തലത്തിൽ ഏറെ ഉറ്റുനോക്കപ്പെട്ട തെലങ്കാനയിലെ മുനുഗോഡ് മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ 600 കോടി ഒഴുക്കിയെന്ന് ആരോപണം. തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോറം ഫോർ ഗുഡ് ഗവർണൻസ് ആണ് ഇത് സംബന്ധിച്ച് ആരോപണം ഉയർത്തിയത്. ഉപതിരഞ്ഞെടുപ്പിനായി 627 കോടിയോളം രൂപയാണ് ചെലവഴിക്കപ്പെട്ടതെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് എഫ് സി ജി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

2,41,805 വോട്ടർമാരുള്ള മുനുഗോഡ് നിയമസഭ മണ്ഡലത്തിൽ 75 ശതമാനം പേർക്കും പാർട്ടികൾ പണം നൽകിയിട്ടുണ്ടെന്ന് എഫ് ജി ജി ആരോപിക്കുന്നത്. ഒരു വോട്ടർക്ക് 9,000 രൂപ എന്ന നിരക്കിലാണ് പണം ലഭിച്ചത്. ഇത്തരത്തിൽ മാത്രം 152 കോടി രൂര ചെലവഴിക്കപ്പെട്ടിട്ടുണ്ട്, എഫ് സി ജി സെക്രട്ടറി എം പദ്മനാഭ റെഡ്ഡി ആരോപിച്ചു. മാത്രമല്ല മദ്യവും ധാരാളം ഒഴുകിയിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. 300 കോടി രൂപയുടെ മദ്യമാണ് വോട്ടർമാർക്കിടയിൽ വിതരണം ചെയ്തത്. 50 റാലികൾക്കായി 2.5 കോടി, യോഗങ്ങൾക്കായി 125 കോടി എന്നിവയും ചെലവഴിക്കപ്പെട്ടിട്ടുണ്ടെന്ന് പദ്മനാഭ റെഡ്ഡി ആരോപിച്ചു.

യോഗങ്ങളിൽ പങ്കെടുക്കാനായി ഒരാൾക്ക് 300 രൂപയും ബിരിയാണിയും മദ്യവുമാണ് പാർട്ടികൾ നൽകിയത്. ഓരോ റാലിക്കും ഒരാൾക്ക് 500 രൂപ വീതം ചെലവായിട്ടുണ്ടെന്നം പദ്മനാഭ റെഡ്ഡി പറയുന്നു. ആയിരങ്ങളായണ് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്തിരുന്നത്. ജാതി അടിസ്ഥാനപ്പെടുത്തിയുള്ള യോഗങ്ങളും നടന്നിരന്നു. ഇവർക്കും മദ്യവും ഭക്ഷണവു വേണ്ടുവോളം നൽകി. തിരഞ്ഞെടുപ്പ് ദിവസം ഉച്ചവരെ പണം തന്നില്ലെങ്കിൽ വോട്ടുമില്ലെന്ന പ്ലക്കാർഡുമായി ജനങ്ങൾ റോഡ് ഉപരോധിക്കുന്ന കാഴ്ചകൾ ഉണ്ടായിട്ടുണ്ട്. ഒടുക്കം പണം നൽകാൻ പാർട്ടികൾ തയ്യാറായപ്പോൾ മാത്രമാണ് അവർ വോട്ട് ചെയ്ത്ത. ആരോപണങ്ങൾക്കെല്ലാം തങ്ങളുടെ കൈയ്യിൽ വ്യക്തമായ തെളിവുകളുണ്ട്. വിശദമായ പരാതി നൽകിയിട്ടും യാതൊരു നടപടിയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് എഫ് ജി ജി സെക്രട്ടറി പദ്മനാഭ റെഡ്ഡി പറഞ്ഞു.

അതേസമയം തുടക്കത്തിൽ തന്നെ മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാനുളള ശ്രമങ്ങൾ ഉണ്ടായിരുന്നതായുള്ള വാർത്തകൾ ഉണ്ടായിരുന്നു. ദീപാവലി , ദസറ ആഘോഷങ്ങളുടെ മറവിൽ വോട്ടർമാർക്ക് ചിക്കനും മട്ടനും മദ്യവുമെല്ലാം ധാരളമായി വിതരണം ചെയ്യപ്പെട്ടിരുന്നുവെന്നായിരുന്നു വാർത്തകൾ. സ്വർണവും വോട്ടർമാർക്ക് സമ്മാനമായി നൽകിയിരുന്നതായി നേരത്തേ ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തിരുന്നു. നാലിൽ കൂടുതൽ അംഗങ്ങളുള്ള വീടുകളിൽ 10 ഗ്രാം സ്വർണം വരെയാണ് ദീപാവലി സമ്മാനമായി നൽകിയിരുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ.

ബി ജെ പിക്കും ടി ആർ എസിനും ഒരു പോലെ നിർണായകമായിരുന്നു മുനുഗുഡ് ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ സിറ്റിംഗ് എം എൽ എ ആയിരുന്ന കെ രാജഗോപാൽ റെഡ്ഡി ബി ജെ പിയിൽ ചേർന്നതോടെയായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിന്റെ ശക്തി കേന്ദ്രത്തിൽ രാജഗോപാല റെഡ്ഡിയെ തന്നെ ഇറക്കി മണ്ഡലം പിടിക്കാനായിരുന്നു ബി ജെ പി പദ്ധതി. എന്നാൽ ബി ജെ പിയുടെ എല്ലാ പ്രതീക്ഷകളേയും നിലംപരിശാക്കി 10,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ടി ആർ എസ് മണ്ഡലം പിടിക്കുകയായിരുന്നു.












Click it and Unblock the Notifications