സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു
കോട്ടയം: സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. അദ്ദേഹത്തിന് 70 വയസ്സായിരുന്നു. കൊവിഡ് ബാധിതനായി കോട്ടയം മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മലയാളത്തിലും തമിഴിലുമായി 1500ലേറെ ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ചയാണ് ഹരിവരാസന പുരസ്‌കാരം നല്‍കി ആലപ്പി രംഗനാഥിനെ ആദരിച്ചത്. മികച്ച സംഗീത സംവിധായകനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. സിനിമാ ഗാനങ്ങളിലൂടെയും അയ്യപ്പ ഭക്തിഗാനങ്ങളിലൂടെയും ശ്രോതാക്കള്‍ക്ക് സുപരിചിതനാണ് ആലപ്പി രംഗനാഥ്.

അവാര്‍ഡ് വാങ്ങിയതിന് പിന്നാലെ കൊവിഡ് ബാധിതനായ അദ്ദേഹം, ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എംജി ദേമ്മാളുടെയും ആറുമക്കളില്‍ മൂത്തയാളാണ് രംഗനാഥ്. പതിനാലാം വയസ്സ് വരെ ആലപ്പുഴ നഗരത്തിലെ വെള്ളക്കിണറിലായിരുന്നു താമസം. പേരിനൊപ്പം ആലപ്പി കൂടി ചേര്‍ത്തത് അങ്ങനെയാണ്. നാല്‍പ്പത് വര്‍ഷമായി കോട്ടയം ഏറ്റുമാനൂരാണ് കുടുംബ സമേതം ആലപ്പി രംഗനാഥ് താമസിക്കുന്നത്. കേരള സംഗീത നാടക അക്കാദമായുടെ രവീന്ദ്രനാഥ ടാഗോര്‍ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സിനിമയില്‍ മാത്രമല്ല, നാടകം, ലളിതഗാനം, ഭക്തിഗാനം എന്നിങ്ങനെ വിവിധ മേഖലകളിലായി നിരവധി മലയാള ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ പ്രതിഭയാണ് ആലപ്പി രംഗനാഥ്. സംഗീത സംവിധാനാവും രചനയും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങിയിരുന്നു. നാടകത്തിന് സംഗീതം തുടക്കകാലത്ത് ഒരുക്കിയ അദ്ദേഹം സിനിമയില്‍ ആകൃഷ്ടനായിട്ടാണ് മദ്രാസിലേക്ക് വണ്ടി കയറിയത്. നാളികേരത്തിന്റെ നാട്ടിലെനിക്കാരു എന്ന അതിപ്രശസ്ത ഗാനത്തിന്റെ ഉപകരണ വാദകനായിട്ടാണ് സിനിമാ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്. ജീസസിലെ ഓശാന ഓശാന കര്‍ത്താവിനോശാനാ എന്ന ഗാനമാണ് ആലപ്പി രംഗനാഥിനെ പ്രശസ്തനാക്കിയത്. ഇീസസായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ.












Click it and Unblock the Notifications