വഖഫ് ബില്ലിനെതിരെ രാഷ്ട്രപതിക്ക് കത്ത് നൽകി മുസ്ലീം ലീഗ് എംപിമാർ; 'മൗലിക അവകാശങ്ങൾ ലംഘിക്കുന്നു'
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെതിരെ രാഷ്ട്രപതിക്ക് കത്ത് നൽകി മുസ്ലീം ലീഗ് എംപിമാർ. ബില്ലിന് അംഗീകാരം നൽകുന്നത് തടയണമെന്ന് എന്നാവശ്യപ്പെട്ട് കൊണ്ടാണ് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് അഞ്ച് മുസ്ലീം ലീഗ് എംപിമാർ കത്തയച്ചത്. ആർട്ടിക്കിൾ 26 (മതകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം), 25 (മതസ്വാതന്ത്ര്യം), 14 (നിയമത്തിന് മുന്നിലെ തുല്യത) എന്നിവ പ്രകാരം ബിൽ മൗലികാവകാശങ്ങൾ ലംഘിക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്.
വഖഫ് ബോര്‍ഡുകളിലെ അമുസ്ലീം പ്രാതിനിധ്യവും വാമൊഴി സമര്‍പ്പണങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളും ഉള്‍പ്പെടെയുള്ള ബില്ലിലെ വ്യവസ്ഥകള്‍ മുസ്ലീം സമൂഹത്തോട് വിവേചനം കാണിക്കുന്നുവെന്നും ബില്‍ ഭരണഘടനാ തത്വങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് രാഷ്ട്രപതി ഉറപ്പ് വരുത്തണമെന്നും കത്തിൽ ലീഗ് എംപിമാർ ആവശ്യപ്പെടുന്നു.

ലീഗ് എംപിമാരായ ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്‌ദുൾ വഹാബ്, ഡോ. എംപി. അബ്‌ദുസ്സമദ് സമദാനി, കെ നവാസ് കനി, അഡ്വ. വികെ ഹാരിസ് ബീരാന്‍ എന്നിവരാണ് കത്തയച്ചത്. വഖഫ് ബില്ലിനെതിരെ തുടക്കത്തിൽ തന്നെ മുസ്ലീം ലീഗ് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ബിൽ രാജ്യസഭ കൂടി പാസാക്കിയത്. ഏപ്രിൽ രണ്ടിന് ചേർന്ന സമ്മേളനത്തിൽ ലോക്‌സഭയും ബിൽ പാസാക്കിയിരുന്നു.
ലോക്‌സഭയും രാജ്യസഭയും ബിൽ പാസാക്കിയതോടെ ഇനി ഇത് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വരും. രാഷ്‌ട്രപതി കൂടി ബില്ലിൽ ഒപ്പ് വച്ചാൽ ഇത് നിയമമാവും. പാർലമെന്റിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള വമ്പൻ പോരാട്ടത്തിന് ശേഷമാണ് ബിൽ പാസായത്. ഇരു സഭകളിലും ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയത്.
അതിനിടെ വഖഫ് ബില്ലിനെതിരെ ചിലർ കോടതിയെ സമീപിക്കുകയും ചെയ്‌തിട്ടുണ്ട്. ബില്ലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്‌തുകൊണ്ട് എഎപി ഉൾപ്പെടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ മേധാവി അസദുദ്ദീൻ ഒവൈസിയും കോൺഗ്രസ് എംപി മുഹമ്മദ് ജാവേദും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ബില്ലിനെതിരേ ദേശീയതലത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനാണ് ലീഗ് തീരുമാനം. ബില്ലിന്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ ഉടൻ സമീപിച്ചേക്കും. ഏപ്രിൽ 16ന് കോഴിക്കോട്ട് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിക്കാനും, ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടത്താനും മുസ്ലീം ലീഗ് ദേശീയ അടിയന്തര നേതൃയോഗം തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications