മുസ്ലീം വനിതയോട് മുഖം കാണിക്കാൻ ആവശ്യപ്പെട്ടു; ബിജെപി സ്ഥാനാർത്ഥി മാധവി ലതക്കെതിരെ കേസ്
ഹൈദരാബാദ്: മുസ്ലീം വനിതാ വോട്ടർമാരുടെ മുഖവരണം നീക്കി ഐഡി കാർഡുമായി ഒത്തുനോക്കാൻ ശ്രമിച്ച സംഭവത്തിൽ ബിജെപി സ്ഥാനാർത്ഥി മാധവി ലതയ്‌ക്കെതിരെ കേസെടുത്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നേരത്തെ വലിയ രീതിയിൽ വൈറലായിരുന്നു. ബുർഖ ധരിച്ച മുസ്ലീം സ്ത്രീകളുടെ മുഖം അവരുടെ വോട്ടർ ഐഡി കാർഡിലെ ഫോട്ടോകളുമായി ഒത്തുനോക്കാൻ ശ്രമിക്കുന്ന മാധവിയുടെ വീഡിയോക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
ഇതിന് പിന്നാലെയാണ് സംഭവത്തിൽ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ബിജെപി സ്ഥാനാർത്ഥിക്കെതിരെ മലക്പേട്ട് പോലീസ് സ്‌റ്റേഷനിലാണ് കേസെടുത്തത്. കേസ് രജിസ്‌റ്റർ ചെയ്‌തതായി ഹൈദരാബാദ് കളക്‌ടറുടെ ഓഫീസ് എക്‌സ് പോസ്‌റ്റിലൂടെ അറിയിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സ്ഥാനാർത്ഥികളിൽ ഒരാളാണ് മാധവി ലത. ബിജെപിയുടെ തീപ്പൊരി നേതാവായാണ് അവരെ കണക്കാക്കുന്നത്. ഹൈദരാബാദിൽ നിന്നുള്ള നാല് തവണ എംപിയായ എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസിക്കെതിരെയാണ് അവർ മത്സരിക്കുന്നത്.
മാധവി ലതയ്‌ക്കെതിരെ പോലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്യുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ റൊണാൾഡ് റോസ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഒരു വോട്ടറുടെയും മുഖാവരണം ഉയർത്താനോ പരിശോധിക്കാനോ സ്ഥാനാർത്ഥിക്ക് അവകാശമില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. എന്തെങ്കിലും തരത്തിലുള്ള സംശയം ഉയർന്നാൽ ഒരു വോട്ടറുടെ ഐഡന്റിറ്റി പരിശോധിക്കാൻ പോളിംഗ് ഓഫീസറോട് ആവശ്യപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ വോട്ടർ ഐഡി കാർഡ് പരിശോധിക്കാൻ സ്ഥാനാർത്ഥിക്ക് അവകാശമുണ്ടെന്നാണ് ബിജെപി സ്ഥാനാർത്ഥി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞത്. 'ഞാനൊരു സ്ഥാനാർത്ഥിയാണ്. നിയമപ്രകാരം ഒരു സ്ഥാനാർത്ഥിക്ക് മുഖാവരണം ഇല്ലാതെ ഐഡി കാർഡുകൾ പരിശോധിക്കാൻ അവകാശമുണ്ട്. ഇനിയും ഇത് വിവാദമാക്കണം എന്നാഗ്രഹിക്കുന്ന ആളുകൾക്ക് എന്തൊക്കെയോ ഭയക്കാൻ ഉണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
വോട്ടർ പട്ടികയിൽ പൊരുത്തക്കേടുണ്ടെന്നാണ് ബിജെപി സ്ഥാനാർത്ഥി ആരോപിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർ വളരെ അയഞ്ഞ നിലപാടാണ് സ്വീകരിക്കുന്നത്, അവർ സജീവമല്ല. അവർ ഒന്നും പരിശോധിക്കുന്നില്ല. മുതിർന്ന പൗരൻമാരായ വോട്ടർമാർ ഇവിടെ വരുന്നു, പക്ഷേ അവരുടെ പേരുകൾ പട്ടികയിലില്ല; എന്നാണ് മാധവി ലതയുടെ ആരോപണം.
അതേസമയം, നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ് രാജ്യത്തെ 96 മണ്ഡലങ്ങളിൽ. പോളിങ് ശതമാനം കൂടുതൽ മെച്ചപ്പെട്ട നിലയിലാണ് തുടരുന്നത്. ഒരു മണി വരെ ഏകദേശം 40 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications