'10 കോടി വരുന്ന ആദിവാസി സമൂഹത്തെ അപമാനിച്ചു'; സോണിയ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോദി
ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെതിരെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി നടത്തിയ വിവാദ പ്രസ്‌താവനയിൽ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ 10 കോടിയോളം വരുന്ന ആദിവാസി വിഭാഗത്തിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ മോദി സ്വന്തം മാതൃഭാഷ ഒഡിയ ആയിരുന്നിട്ട് കൂടി ഹിന്ദിയിൽ പ്രസംഗം നടത്തിയതിന് രാഷ്ട്രപതിയെ പ്രശംസിക്കുകയും ചെയ്‌തു.
ഇത് രാജകുടുംബത്തിന്റെ അഹങ്കാരത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ ദ്വാരകയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ ആയിരുന്നു അദ്ദേഹം കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. സോണിയ ഗാന്ധിക്കെതിരെ മാത്രമല്ല രാഹുലിനെതിരെയും മോദി വിമർശനം ഉന്നയിച്ചു.

'ഒഡീഷയിലെ വനങ്ങളിലെ ആദിവാസി കുടുംബത്തിൽ നിന്ന് വന്ന ദ്രൗപതി മുർമു ഇന്ന് അത്തരമൊരു അവസ്ഥയിൽ എത്തിയിരിക്കുന്നു. അവരുടെ മാതൃഭാഷ ഹിന്ദിയല്ല, ഒഡിയയാണ്, അവർ കേട്ട് വളർന്നത് അതായിരുന്നു.' മോദി ചൂണ്ടിക്കാട്ടി. എന്നിട്ടും രാഷ്‌ട്രപതി ഹിന്ദിയിൽ പ്രസംഗിച്ചതിനെ മോദി പുകഴ്ത്തുകയും ചെയ്‌തു.
ഗാന്ധി കുടുംബത്തെ രാജകുടുംബം എന്നാണ് നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ദരിദ്രർ, ദലിതർ, ആദിവാസികൾ, മറ്റ് പിന്നാക്ക വിഭാഗത്തിൽപെട്ടവർ എന്നിവരിൽ നിന്ന് മുന്നേറുന്ന എല്ലാവരെയും അപമാനിക്കുന്നത് കോൺഗ്രസിന്റെ പൊതുവെയുള്ള ശീലമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.
'ആദിവാസി പുത്രി വിരസമായ പ്രസംഗമാണ് നടത്തിയതെന്ന് ഒരു രാജകുടുംബാംഗം പറഞ്ഞു. മറ്റൊരാൾ ഒരു പടി കൂടി മുന്നോട്ട് പോയി രാഷ്ട്രപതിയെ പാവം എന്നാണ് വിശേഷിപ്പിച്ചത്. ഇത് രാജ്യത്തെ 10 കോടി ആദിവാസി സഹോദരീ സഹോദരന്മാർക്ക് അപമാനമാണ്. ഇത് രാജ്യത്തെ എല്ലാ പാവപ്പെട്ടവർക്കും അപമാനമാണ്' മോദി ചൂണ്ടിക്കാട്ടി.
അതേസമയം, ബജറ്റിന് മുന്നോടിയായി സഭയെ അഭിസംബോധന ചെയ്‌ത രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെതിരെ സോണിയ ഗാന്ധി നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. പാവം രാഷ്‌ട്രപതി, വായിച്ചു തളർന്നുവെന്നായിരുന്നു സോണിയ പറഞ്ഞത്. രാഷ്ട്രപതിയുടെ പ്രസംഗത്തെ വിരസമെന്ന് രാഹുൽ ഗാന്ധിയും വിശേഷിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെ ബിജെപി കടുത്ത വിമർശനവുമായി രംഗത്ത് വന്നിരുന്നു. രാഷ്‌ട്രപതി ഭവനും വിഷയത്തിൽ പ്രതികരിച്ചിരുന്നു. കോൺഗ്രസ് പാർട്ടിയിലെ ചില പ്രമുഖ നേതാക്കൾ നടത്തിയ അഭിപ്രായങ്ങൾ മോശവും ദൗർഭാഗ്യകരവും പൂർണമായും ഒഴിവാക്കാവുന്നതുമാണ്. ഇത് ഉയർന്ന പദവിയുടെ അന്തസിനെ ചോദ്യം ചെയ്യുന്നതാണെന്നും രാഷ്‌ട്രപതി ഭവൻ പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.












Click it and Unblock the Notifications