ദേശീയപാതയില്‍ ഇനി കുഴിയുണ്ടാകില്ല..! ഡാഷ്‌ക്യാം വഴി നിരീക്ഷണത്തിന് നാഷണല്‍ ഹൈവേ അതോറിറ്റി
ഹൈവേ പരിപാലന നിരീക്ഷണം ശക്തമാക്കി നാഷണല്‍ ഹൈവേ അതോറിറ്റി. ഏകദേശം 50,000 കിലോമീറ്റര്‍ ദേശീയ പാതകളെ ഡാഷ്‌ക്യാം അധിഷ്ഠിത നിരീക്ഷണ സംവിധാനത്തിന് കീഴില്‍ കൊണ്ടുവന്ന് കൊണ്ടാണ് ദേശീയപാത പരിപാലനം ഹൈവേ അതോറിറ്റി ശക്തമാക്കിയിരിക്കുന്നത്. ഹൈവേ പട്രോള്‍ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറകള്‍ വഴി, റോഡിലെ കുഴികള്‍, മങ്ങിയ റോഡ് അടയാളങ്ങള്‍, കേടായ ഉപരിതലങ്ങള്‍, തകരാറിലായ തെരുവ് വിളക്കുകള്‍ തുടങ്ങി 40 തരം റോഡ് തകരാറുകള്‍ ഈ സാങ്കേതികവിദ്യ കണ്ടെത്തും.
കരാറുകാരെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പരിഹരിക്കപ്പെടാത്ത തകരാറുകള്‍ക്ക് പിഴ കണക്കാക്കുന്നത് വരും മാസങ്ങളില്‍ ഓട്ടോമേറ്റ് ചെയ്യാനും അതോറിറ്റി പദ്ധതിയിടുന്നുണ്ട്. നിലവില്‍ പ്രവര്‍ത്തന-പരിപാലന കരാറുകള്‍ക്ക് കീഴിലുള്ളതും നാഷണല്‍ ഹൈവേ അതോറിറ്റി കൈകാര്യം ചെയ്യുന്നതുമായ ദേശീയ പാതകളിലാണ് ഈ നിരീക്ഷണ സംവിധാനം നടപ്പിലാക്കുന്നത്.

പട്രോള്‍ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ഡാഷ്‌ക്യാമുകള്‍ പതിവ് പരിശോധനയ്ക്കിടെ റോഡിന്റെ അവസ്ഥ റെക്കോര്‍ഡ് ചെയ്യുകയും, തകരാറുകള്‍ കണ്ടെത്തുന്നതിനൊപ്പം അവയുടെ കൃത്യമായ സ്ഥാനം, ദൃശ്യ തെളിവുകള്‍ എന്നിവ ശേഖരിക്കുകയും ചെയ്യുന്നു. ഈ വിവരങ്ങള്‍ ഒരു സെന്‍ട്രല്‍ സര്‍വറിലേക്ക് അപ്ലോഡ് ചെയ്യുകയും, അതത് ഹൈവേ ഭാഗങ്ങളുടെ പരിപാലന ചുമതലയുള്ള കരാറുകാര്‍ക്ക് കൈമാറുകയും ചെയ്യുന്നു.
റോഡുകളുടെ മോശം അവസ്ഥയ്ക്ക് ഉത്തരവാദിത്തം ഒഴിഞ്ഞുമാറാനോ അറ്റകുറ്റപ്പണികള്‍ വൈകിപ്പിക്കാനോ കരാറുകാര്‍ക്കും പരിപാലന ഏജന്‍സികള്‍ക്കും ഇനി എളുപ്പമാകില്ല. രണ്ട് ഇഞ്ച് മാത്രം വലിപ്പമുള്ള ചെറിയ കുഴികള്‍ പോലും കണ്ടെത്താന്‍ ഈ ക്യാമറകള്‍ക്ക് കഴിയുമെന്ന് ഒരു മുതിര്‍ന്ന നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥന്‍ അറിയിച്ചു. സാങ്കേതികവിദ്യ അധിഷ്ഠിത നിരീക്ഷണ സംവിധാനത്തിലേക്ക് മാറുന്നതിനായി കരാറുകാരെയും ഫീല്‍ഡ് ഉദ്യോഗസ്ഥരെയും അതോറിറ്റി സജ്ജമാക്കി വരികയാണ്.
ഈ സംവിധാനം നടപ്പിലാക്കിയ ആദ്യ രണ്ട് മാസത്തിനുള്ളില്‍ തന്നെ 92,088 ഹൈവേ തകരാറുകള്‍ കണ്ടെത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കണ്ടെത്തിയ തകരാറുകളില്‍ ഏകദേശം 23% മങ്ങിയ റോഡ് അടയാളങ്ങളും, 15% റോഡിലെ കുഴികളുമാണ്. കണ്ടെത്തിയ പ്രശ്‌നങ്ങളില്‍ ഏകദേശം 72% പരിഹരിച്ചെങ്കിലും, 17% എണ്ണത്തിന്റെ അറ്റകുറ്റപ്പണികള്‍ ഇനിയും നടക്കേണ്ടതുണ്ട്.
കേടായ റോഡുകളെക്കുറിച്ചും അപര്യാപ്തമായ പരിപാലനത്തെക്കുറിച്ചുമുള്ള പരാതികള്‍ പൊതുശ്രദ്ധ നേടുന്ന സാഹചര്യത്തില്‍, ഹൈവേ അതോറിറ്റി നേരിടുന്ന പരിപാലന വെല്ലുവിളികളെയാണ് ഈ കണക്കുകള്‍ എടുത്തുകാണിക്കുന്നത്. നിലവിലുള്ള പരിപാലന ചട്ടങ്ങള്‍ പ്രകാരം, വിവിധ തരം തകരാറുകള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പരിഹരിക്കാന്‍ കരാറുകാര്‍ ബാധ്യസ്ഥരാണ്.
ഉദാഹരണത്തിന്, റോഡുകളിലെ കുഴികള്‍ രണ്ടു ദിവസത്തിനുള്ളില്‍ അറ്റകുറ്റപ്പണി നടത്തി അടയ്ക്കണം. അതേസമയം, നിര്‍മ്മാണ മേഖലകളിലെ തകരാറിലായ ലൈറ്റുകളും സുരക്ഷാ പ്രശ്‌നങ്ങളും 24 മണിക്കൂറിനുള്ളില്‍ പരിഹരിക്കേണ്ടതുണ്ട്. ഹൈവേകളിലെ അനധികൃതമായ ഓപ്പണിംഗുകള്‍ ഏഴു ദിവസത്തിനുള്ളില്‍ അടയ്ക്കണം. നിലവില്‍, നിശ്ചിത സമയപരിധിക്കുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്ക്, അവരുടെ കരാറുകളിലെ വ്യവസ്ഥകള്‍ പ്രകാരം കണക്കാക്കുന്ന സാമ്പത്തിക പിഴകള്‍ നേരിടേണ്ടി വന്നേക്കാം.
പുതിയ നിരീക്ഷണ സംവിധാനത്തെക്കുറിച്ച് കരാറുകാരെയും ഉദ്യോഗസ്ഥരെയും ബോധവല്‍ക്കരിക്കുന്നതിനായി കഴിഞ്ഞ രണ്ട് മാസമായി പ്രവര്‍ത്തിച്ചുവരികയാണെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സംവിധാനം പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ആകുന്നതോടെ, നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിലും പിഴ ചുമത്തുന്നതിലും ഉണ്ടാകുന്ന കാലതാമസം കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
തകരാറുകള്‍ പരിഹരിച്ചതായി രേഖപ്പെടുത്തുന്നതിന് മുമ്പ് ഫോട്ടോ തെളിവുകള്‍ നിര്‍ബന്ധമാണ്. അറ്റകുറ്റപ്പണി പ്രക്രിയയില്‍ സുതാര്യത കൊണ്ടുവരാനും ഈ പുതിയ സംവിധാനം ലക്ഷ്യമിടുന്നു. കരാറുകാര്‍ക്കും എന്‍എച്ച്എഐ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്കും സെന്‍ട്രല്‍ സെര്‍വര്‍ വഴി തകരാറുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാം. ഓരോ പ്രശ്‌നത്തോടൊപ്പവും അത് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിവരങ്ങളും ഫോട്ടോ തെളിവുകളും ഉണ്ടായിരിക്കും.
ഒരു അറ്റകുറ്റപ്പണി പൂര്‍ത്തിയായെന്ന് വെറുതെ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രം പോരാ. തകരാര്‍ പരിഹരിച്ചെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും മറ്റ് വിശദാംശങ്ങളും കരാറുകാര്‍ അപ്ലോഡ് ചെയ്യണം. സമര്‍പ്പിച്ച തെളിവുകള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ പരാതി പരിഹരിച്ചതായി രേഖപ്പെടുത്തുകയുള്ളൂ.
റോഡിലുണ്ടാകുന്ന ചെറിയ കേടുപാടുകള്‍ അവഗണിച്ച് അവ വലുതും പരിഹരിക്കാന്‍ കൂടുതല്‍ ചെലവേറിയതുമായി മാറാന്‍ അനുവദിക്കുന്നതിന് പകരം, കൃത്യസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താന്‍ കരാറുകാരെ ഈ സംവിധാനം പ്രേരിപ്പിക്കുമെന്ന് അധികൃതര്‍ കരുതുന്നു.





Click it and Unblock the Notifications
