നവീന്‍ കുമാറിന്റെ മരണം: ഞെട്ടലും വേദനയും മാത്രം; പ്രതികരിച്ച് വി.മുരളീധരൻ
ഡൽഹി: യുക്രൈനിൽ ഇന്ത്യന്‍ വിദ്യാര്‍ഥിയായ നവീന്‍ കുമാര്‍ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. നവീനിന്റെ മരണം ഞെട്ടലും വേദനയും ഉളവാക്കുന്ന സംഭവമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ ദുരനുഭവത്തിൽ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
സംഘര്‍ഷ ഭൂമിയില്‍ തുടരുന്ന കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ആശങ്ക കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ തോതില്‍ ഉള്‍ക്കൊള്ളുന്നു. 2000 വിദ്യാര്‍ഥികള്‍ യുദ്ധ ഭൂമിയില്‍ നിന്ന് സുരക്ഷിതരായി നാട്ടിൽ എത്തി. 5800 പേര്‍ ഉക്രെയ്‌ന്‍ അതിര്‍ത്തി കടന്നു.

4000 മുതൽ 5000 പേര്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഇനിയും കാത്തു നില്‍ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. സമീപ കാലത്ത് രാജ്യം നേരിട്ട ഏറ്റവും ശ്രമ കരമായ രക്ഷാ ദൗത്യമാണ് യുക്രൈനിലേത്.
കനത്ത പോരാട്ടം നടക്കുന്ന മേഖലകളിലാണ് നമ്മുടെ കുട്ടികള്‍ കുടുങ്ങി കിടക്കുന്നത്. അവരെ സുരക്ഷിതരായി അതിര്‍ത്തികളിലെത്തിക്കാനാണ് ശ്രമം. പ്രധാനമന്ത്രി യൂറോപ്പിലെ വിവിധ രാഷ്ട്രത്തലവന്‍മാരുടെ സഹായം അഭ്യര്‍ഥിച്ചുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നമ്മുടെ കുട്ടികളെ എല്ലാവരെയും സുരക്ഷിതരായി യുക്രൈൻ അതിര്‍ത്തി കടത്താനാവുമെന്ന് തന്നെയാണ് പ്രതീക്ഷ. രാജ്യം ഒറ്റക്കെട്ടായി ഓപ്പറേഷന്‍ ഗംഗയുടെ വിജയത്തിനായി അണിനിരക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നവീൻ കൊല്ലപ്പെട്ടതിൽ പ്രതികരിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് എത്തിയിരുന്നു. നവീന്റെ മരണം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നവീനിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
ഈയൊരു ഘട്ടത്തില്‍ മലയാളി വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഒക്കെ വലിയ ആശങ്കയിലാണ്. അവിടെ അകപ്പെട്ടിരിക്കുന്ന കുട്ടികള്‍ക്കും അവരുടെ ഉറ്റവർക്കും ധൈര്യം പകരാന്‍ നമുക്ക് കഴിയണം. നാം പകര്‍ന്നു നല്‍കുന്ന കരുത്ത് തീര്‍ച്ചയായും അവരെ സംബന്ധിച്ച് ഇപ്പോള്‍ വളരെ വിലപ്പെട്ടതാണ്. പരമാവധി സംയമനത്തോടെ ഈ ഘട്ടത്തെ അഭിമുഖീകരിക്കുക എന്നതാണ് നാമോരോരുത്തരും ഇപ്പോൾ ചെയ്യേണ്ടത്.
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളടക്കം പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് യുക്രൈയിനിലുള്ളത്. അവരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ ബന്ധപ്പെട്ട എല്ലാവരും രാപകല്‍ ഇല്ലാതെ പരിശ്രമിച്ചു വരികയാണ്. യുക്രൈയിനിലെ ഇന്ത്യന്‍ എംബസിയുടെയും വിദേശകാര്യ വകുപ്പിന്റെയും നോര്‍ക്ക റൂട്ട്‌സിന്റെയും ഒക്കെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ഇതിനകം 187 മലയാളി വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്.
തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ എല്ലാവരെയും സുരക്ഷിതമായി തിരികെ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഈ ഘട്ടത്തിൽ ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണം. പരിഭ്രാന്തി പടർത്താതെ ചുറ്റുമുള്ളവർക്ക് പ്രതീക്ഷ നൽകാനും നമുക്ക് കഴിയണം.
ഇന്ത്യയിൽ തിരിച്ചെത്തുന്നവരെ ഡെൽഹിയിലും മുംബൈയിലും സ്വീകരിക്കാനും അവിടെ നിന്നും സൗജന്യമായി നാട്ടിലെത്തിക്കാനും എല്ലാ സൗകര്യവും സംസ്ഥാന സർക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കേരള ഹൗസിൽ സെക്രട്ടേറിയറ്റിൽ നിന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേരള ഹൗസ് പ്രോട്ടോക്കോൾ ഓഫീസറായി സെക്രട്ടറിയറ്റിലെ ജോയിന്റ് സെക്രട്ടറിയെ നിയമിച്ച് ലെയ്‌സൺ ഓഫീസറുടെ ചുമതലയും നൽകി. ഇനിയും റജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ ukraineregistration.norkaroots.org എന്ന ലിങ്കില്‍ രെജിസ്റ്റർ ചെയ്യണം.
നോര്‍ക്ക റൂട്ട്‌സിന്റെ 1 800 425 3939 എന്ന നമ്പരില്‍ നിങ്ങള്‍ക്ക് എപ്പോഴും ബന്ധപ്പെടാവുന്നതാണ്. 24 മണിക്കൂറും ആ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുണ്ട്. അവിടെ ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ വിദേശകാര്യ വകുപ്പിനെയും യുക്രൈയിനിലെ ഇന്ത്യന്‍ എംബസിയെയും അറിയിക്കുന്നുണ്ട്. - പിണറായി വിജയൻ വ്യക്തമാക്കി.












Click it and Unblock the Notifications