മഹാരാഷ്ട്രയിൽ എൻസിപി നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു; രണ്ട് പേർ പിടിയിൽ
മുംബൈ: മഹാരാഷ്ട്രയിലെ മുൻ മന്ത്രിയും നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി അജിത് പവാർ വിഭാഗം (എൻസിപി) നേതാവുമായ ബാബ സിദ്ദിഖ് മുംബൈയിൽ വച്ച് അക്രമികളുടെ വെടിയേറ്റ് മരിച്ചു. വയറ്റിലും നെഞ്ചിലും വെടിയേറ്റ അദ്ദേഹത്തെ ഉടനെ തന്നെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട രണ്ട് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ദസറ ആഘോഷവുമായി ബന്ധപ്പെട്ട് തന്റെ ഓഫീസിൽ നിന്ന് അടുത്ത് തന്നെയുള്ള പ്രദേശത്ത് വച്ച് പടക്കങ്ങൾ ഉൾപ്പെടെ പൊട്ടിച്ച് ആഘോഷയ്ക്കുന്ന വേളയിലാണ് അപ്രതീക്ഷിതമായി അക്രമികൾ വെടിയുതിർത്തത്.

തൂവാല കൊണ്ട് മുഖം മറച്ച നിലയിലായിരുന്നു അക്രമികൾ. മൂന്ന് പേർ ഒരു ബൈക്കിൽ എത്തിയാണ് കൃത്യം നിർവഹിച്ചത്. മുന്നറിയിപ്പ് ഒന്നും കൂടാതെ സിദ്ദിഖിനെതിരെ അവർ നിറയൊഴിക്കുകയായിരുന്നു. മൂന്ന് റൗണ്ട് വെടിയുതിർത്തപ്പോൾ ഒരെണ്ണം സിദ്ദിഖിന്റെ നെഞ്ചിൽ തുളച്ചു കയറുകയായിരുന്നു. ഇതോടെ അദ്ദേഹം താഴേക്ക് വീഴുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ പോലീസ് സംഭവ സ്ഥലത്ത് എത്തിയിരുന്നു. നിലവിൽ പോലീസ് പിടികൂടിയവരിൽ ഒരാൾ ഹരിയാന സ്വദേശിയും മറ്റൊരാൾ ഉത്തർപ്രദേശ് സ്വദേശിയുമാണ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നാമൻ ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാൾക്ക് വേണ്ടി വ്യാപക വരച്ചിൽ നടത്തി വരികയാണ് പോലീസ്.
സംഭവത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കർശന നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചത്. രണ്ട് പ്രതികളെ പിടികൂടിയെന്നും മൂന്നാമന് വേണ്ടി തിരച്ചിൽ തുടരുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശേഷിക്കുന്ന പ്രതികളെ അറസ്‌റ്റ് ചെയ്യുന്നതിനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും വേഗത്തിലുള്ള നടപടി ഉറപ്പാക്കാൻ മുംബൈ പോലീസിന് അദ്ദേഹം നൽകിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
ഹരിയാന തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അവർക്കൊപ്പം അജിത് പവാറിന്റെ എൻസിപിയും, ഷിൻഡെയുടെ ശിവസേന വിഭാഗവും ഒക്കെയുണ്ടെങ്കിലും ഇപ്പോഴും ഭരണ തുടർച്ച അവകാശപ്പെടാൻ സഖ്യത്തിന് കഴിയില്ല. അതിനിടയിലാണ് ബാബ സിദ്ദിഖിനെ പോലെയൊരു നേതാവിന്റെ വിയോഗം കൂടിയെത്തുന്നത്.
അതേസമയം, എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ നാളത്തെ പരിപാടികൾ മുഴുവൻ റദ്ദാക്കി മുംബൈയിലേക്ക് തിരിച്ചിരിക്കുകയാണ്. നാളെ മുംബൈയിൽ നടത്താനിരുന്ന പരിപാടികളാണ് റദ്ദാക്കിയത്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് എൻസിപിയിലെ മുതിർന്ന നേതാവിന്റെ അപ്രതീക്ഷിത മരണം.












Click it and Unblock the Notifications