ഇന്ത്യയിൽ കൊവിഡ് വാക്‌സിനേഷനുകളുടെ എണ്ണം 120.27 കോടി പിന്നിട്ടു
ദില്ലി; കഴിഞ്ഞ 24 മണിക്കൂറിൽ 83,88,824 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 120.27 കോടി (1,20,27,03,659) കടന്നു. 1,24,56,121 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.
ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ഡോസുകൾ വിതരണം ചെയ്തത്. 15,52,83,868 ഡോസുകളാണ് സംസ്ഥാനത്ത് നൽകിയത്. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയാണ് ,11 കോടി ഡോസ് വാക്സിൻ, 9 കോടി വാക്സിനുമായി മൂന്നാം സ്ഥാനത്ത് പശ്ചിമബംഗാൾ ആണ്.ഒന്നും രണ്ടും ഡോസിന്റെ കാര്യത്തിലും ഉത്തർപ്രദേശാണ് മുന്നിൽ.ഇതുവരെ 10,87,74,706 ആദ്യ ഡോസുകളാണ് ഉത്തർപ്രദേശ് നൽകിയത്.അതേസമയം കേരളത്തിൽ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 95.9 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,56,17,352), 62.2 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,66,31,675) നല്‍കിയിട്ടുണ്ട്.

അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,868 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,39,77,830 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.33%.തുടർച്ചയായി 152 ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 10,549 പേർക്കാണ്. ഇതിൽ 5987 കേസുകൾ കേരളത്തിലാണ് സ്ഥിരീകരിച്ചത്.നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 1,10,133 പേരാണ്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.32 ശതമാനമാണ് - മാർച്ച് 2020 മുതലുള്ള ഏറ്റവും കുറഞ്ഞ കണക്ക്.
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,81,246 പരിശോധനകൾ നടത്തി. ആകെ 63.71 കോടിയിലേറെ (63,71,06,009) പരിശോധനകളാണ് ഇതുവരെ നടത്തിയത്.പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.89 ശതമാനമാണ് - 12 ദിവസമായി 1% ത്തിൽ താഴെ. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.89 ശതമാനമാണ്. കഴിഞ്ഞ 53 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും, 88 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 133 കോടിയിലധികം (1,33,44,55,000) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.22.70 കോടിയിൽ അധികം (22,70,43,626) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
രാജ്യാന്തര യാത്രക്കാർക്ക് പരിശോധന ശക്തമാക്കി ഇന്ത്യ
ദക്ഷിണാഫ്രിക്കയിൽ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യാന്തര യാത്രക്കാർക്ക് ഇന്ത്യ പരിശോധന ശക്തമാക്കി. ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബോട്‌സ്വാന എന്നീ രാജ്യങ്ങളിൽനിന്നു വരുന്ന യാത്രക്കാർക്കുള്ള പരിശോധന കർശനമാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിട്ടുണ്ട്.
Recommended Video
B.1.1.529 എന്ന് വിളിക്കപ്പെടുന്ന ഭകവേദമാണ് ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ചത്. മ്യൂട്ടേഷനുകളിലൂടെ വളരെ അസാധാരണമായ രൂപം ഇവ കൈവരിച്ചെന്നും അവയ്ക്ക് പ്രതിരോധ ശേഷിയെ എളുപ്പം തകർക്കാനും അതുവഴി കൂടുതൽ പേരിലേക്ക് വ്യാപിക്കാനും സാധിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അതേസമയം ഡാറ്റ പരിമിതമാണെങ്കിലും, പുതിയ വേരിയന്റിനെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള പഠനം ഊർജിതമാക്കിയിരിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസ് പ്രസ്താവനയിൽ അറിയിച്ചു.












Click it and Unblock the Notifications