Get Updates
Get notified of breaking news, exclusive insights, and must-see stories!

നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച; ചോദ്യങ്ങൾ മനഃപാഠമാക്കി എൻടിഎ വിദഗ്‌ധർ, കുറിച്ചുവച്ച് പുറത്തേക്ക്!

ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ സിബിഐ കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികൾക്കായി പരീക്ഷ എഴുതാൻ നാല് ദിവസം മാത്രം ബാക്കിയിരിക്കെയാണ് ചോദ്യ പേപ്പർ ചോർച്ച നടന്നതെന്നാണ് സിബിഐ പറയുന്നത്. സിക്കറിലെ കോച്ചിങ് മേഖലയിലെ ബന്ധങ്ങൾ വഴി ചോദ്യപേപ്പർ ലഭിക്കുമെന്ന് അറിഞ്ഞതിനെ തുടർന്ന് പ്രതിയായ അമിത് കുമാർ മീണ അവിടെ എത്തിയതായും അന്വേഷണ സംഘം ആരോപിക്കുന്നു.

നീറ്റ്-യുജി പരീക്ഷ മെയ് 3ന് ഏകദേശം 20 ലക്ഷം വിദ്യാർഥികൾക്കായി നടത്തിയെങ്കിലും പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണത്തെ തുടർന്ന് പിന്നീട് റദ്ദാക്കി. തുടർന്ന് ജൂൺ 21ന് പുനഃപരീക്ഷ നടത്തുകയായിരുന്നു. സിബിഐ സമർപ്പിച്ച കുറ്റപത്രം പ്രകാരം സിക്കറിലെ പേപ്പർ ചോർച്ച കേസിലെ പ്രധാന കണ്ണികളെന്ന് അന്വേഷണ സംഘം ആരോപിക്കുന്ന മംഗിലാൽ ബിവാളും ദിനേഷ് ബിവാളും ഹ്യുണ്ടായ് വെർണ കാറിലെത്തി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്ന് വിഷയങ്ങളിലെയും ചോദ്യങ്ങൾ ഉൾപ്പെട്ട അച്ചടിച്ച സെറ്റുകൾ അമിത് കുമാർ മീണയ്ക്ക് കൈമാറി.

neet

ചോദ്യപേപ്പറിനുള്ള പണം ഉടൻ നൽകുന്നതിന് പകരം നാല് ഉദ്യോഗാർഥികളുടെ പത്താം, പന്ത്രണ്ടാം ക്ലാസ് ഒറിജിനൽ മാർക്ക് ഷീറ്റുകൾ അമിത് കുമാർ മീണ ഈടായി നൽകിയെന്നാണ് സിബിഐയുടെ ആരോപണം. യഥാർഥ പരീക്ഷയിലെ 150ലധികം ചോദ്യങ്ങളുമായി ചോർന്ന പേപ്പറിലെ ചോദ്യങ്ങൾ ഒത്തുവന്നാൽ മാത്രമേ പണം നൽകേണ്ടിവരൂ എന്നും ധാരണയുണ്ടായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കൈമാറ്റത്തിന് മുമ്പ് അമിതിന്റെ സുഹൃത്ത് രോഹിത് മാവ്ലിയ, ദിനേഷ് ബിവാളിന്റെ മകൻ റിഷി ബിവാളിന്റെ സിക്കറിലെ ഫ്ലാറ്റിൽനിന്ന് ഉദ്യോഗാർഥികളുടെ ഒറിജിനൽ മാർക്ക് ഷീറ്റുകൾ ശേഖരിച്ചതായും സിബിഐ ആരോപിക്കുന്നു.

എൻടിഎയ്ക്കുള്ളിൽ ആഴ്‌ചകൾക്ക് മുമ്പ് ആരംഭിച്ചുവെന്ന് സിബിഐ ആരോപിക്കുന്ന വലിയ ഗൂഢാലോചനയുടെ അവസാനത്തെ നേരിട്ടുള്ള ഇടപാടുകളിൽ ഒന്നായിരുന്നു ഈ കൈമാറ്റമെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ. നീറ്റിനായി സിക്കറിൽ തയ്യാറെടുക്കുന്നതിനിടെയാണ് റിഷി ബിവാളിനെ പരിചയപ്പെട്ടതെന്ന് അമിത് കുമാർ മീണ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു.

നീറ്റ് ചോദ്യപേപ്പർ ലഭിക്കാൻ 10-12 ലക്ഷം രൂപ സംഘടിപ്പിക്കണമെന്ന് റിഷി ആവശ്യപ്പെട്ടെന്നും, 10-12 ഉദ്യോഗാർഥികളെ കണ്ടെത്തിയാൽ ചോദ്യങ്ങൾ സൗജന്യമായി നൽകാമെന്ന് വാഗ്‌ദാനം ചെയ്തെന്നും അമിത് മൊഴി നൽകിയതായി സിബിഐ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഉദ്യോഗാർഥികളെ കണ്ടെത്താൻ സുഹൃത്ത് രോഹിത് മാവ്ലിയയുടെ സഹായം തേടിയെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. എന്നാൽ റിഷിക്ക് നീറ്റിൽ ലഭിച്ചത് 720ൽ വെറും 107 മാർക്കായിരുന്നു.

സിക്കറിലെ കെമിസ്ട്രി അധ്യാപകനായ ശശികാന്ത് സുതാർ പ്രചരിച്ചിരുന്ന ഒരു 'ഗസ് പേപ്പർ' യഥാർഥ പരീക്ഷാ ചോദ്യപേപ്പറുമായി വളരെ സാമ്യമുള്ളതായി കണ്ടെത്തിയതോടെയാണ് പേപ്പർ ചോർച്ച പുറത്തുവന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. അദ്ദേഹം എൻടിഎയ്ക്ക് ഇമെയിൽ അയച്ചതോടൊപ്പം രാജസ്ഥാൻ പോലീസിനെയും വിവരം അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ 10 മുതൽ 25 ലക്ഷം രൂപ വരെ വാങ്ങി ചോദ്യപേപ്പർ വിൽക്കുന്നതായി അദ്ദേഹം ആരോപിച്ചിരുന്നു.

തുടർന്ന് രാജസ്ഥാൻ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മെയ് 12ന് സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു. പിന്നീട് വിവിധ സംസ്ഥാനങ്ങളിലായി പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ച സിബിഐ, എൻടിഎയിലെ വിഷയ വിദഗ്‌ധർ, ഇടനിലക്കാർ, ഗുണഭോക്താക്കളായ ഉദ്യോഗാർഥികൾ എന്നിവരടങ്ങുന്ന ശൃംഖല കണ്ടെത്തിയതായി അറിയിച്ചു. കേസിൽ ഇതുവരെ 13 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.

നീറ്റ് പേപ്പർ ചോർച്ച ആരംഭിച്ചതെങ്ങനെ?

നീറ്റ്-യുജി രഹസ്യ ചോദ്യപേപ്പർ തയ്യാറാക്കലും വിവർത്തനവും നടക്കുന്ന ഘട്ടത്തിലാണ് ഗൂഢാലോചന ആരംഭിച്ചതെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ചോദ്യപേപ്പറിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവേശനം ഉണ്ടായിരുന്ന വിഷയ വിദഗ്‌ധരായ പിവി കുൽക്കർണി, മനീഷ മന്ധാരെ, മനീഷ ഹവൽദാർ എന്നിവർ ചോദ്യങ്ങൾ ചോർത്തിയത് കുറിപ്പുകളിലൂടെയും എൻസിഇആർടി പുസ്‌തകങ്ങളിലെ ഭാഗങ്ങൾ അടയാളപ്പെടുത്തിയും ചോദ്യങ്ങൾ മനഃപാഠമാക്കിയുമാണെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.

മൂന്ന് സെറ്റുകളിലായി 135 ചോദ്യങ്ങളുടെ ബാക്ക് ട്രാൻസ്ലേഷൻ നടത്തിയിരുന്ന കുൽക്കർണി, രഹസ്യ വിഭാഗത്തിൽ ജോലി ചെയ്യുന്നതിനിടെ എളുപ്പമുള്ള ചോദ്യങ്ങൾ മനഃപാഠമാക്കിയെന്നും പിന്നീട് ഹോട്ടലിൽ തിരിച്ചെത്തിയ ശേഷം അവ എഴുതിയെടുത്തെന്നും സിബിഐ ആരോപിക്കുന്നു. രഹസ്യ വിഭാഗത്തിൽ പ്രവേശിക്കുകയും പുറത്തുവരികയും ചെയ്യുന്ന വിദഗ്‌ധരെ ശരീരപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നില്ലെന്നും അതിനാൽ ഇത്തരം പ്രവർത്തനം സാധ്യമായെന്നും കുറ്റപത്രത്തിൽ പറയുന്നു.

കൂടുതൽ ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾക്കായി കുൽക്കർണി ചെറിയ കൈയെഴുത്ത് കുറിപ്പുകളോ എഴുത്തുകളോ തയ്യാറാക്കിയെന്നും പിന്നീട് അവയുടെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ പുനർനിർമ്മിച്ചെന്നും അന്വേഷണ സംഘം ആരോപിക്കുന്നു. മറ്റൊരു വിദഗ്‌ധയായ മനീഷ മന്ധാരെ ബോട്ടണി ചോദ്യങ്ങൾ വിവർത്തനം ചെയ്യുന്നതിനിടെ എൻസിഇആർടി പുസ്‌തകങ്ങൾ പരിശോധിക്കുകയും രഹസ്യ ചോദ്യങ്ങളുമായി ബന്ധപ്പെട്ട ഭാഗങ്ങൾ അടയാളപ്പെടുത്തുകയും ചെയ്‌തതായി സിബിഐ പറയുന്നു. മനീഷ ഹവൽദാറിനൊപ്പമാണ് ഈ വിദഗ്‌ധർ പിന്നീട് ചോർന്ന ചോദ്യപേപ്പർ പുനർനിർമിച്ചതെന്നാണ് ആരോപണം.

പുനർനിർമിച്ച ചോദ്യങ്ങൾ പിന്നീട് നിരവധി ഇടനിലക്കാർ വഴി പ്രചരിപ്പിച്ചുവെന്നും രാജസ്ഥാൻ, കേരളം എന്നിവിടങ്ങളിലേക്കുള്ള അവയുടെ വ്യാപനം കണ്ടെത്തിയതായും സിബിഐ പറയുന്നു. കേരളത്തിലെ അടൂർ മൗണ്ട് സിയോൺ മെഡിക്കൽ കോളേജിലെ ഹോസ്‌റ്റലിലേക്കും അന്വേഷണത്തിന്റെ ചോദ്യ മുന ചെന്നെത്തിയിരുന്നു.

ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായ ഹിതേഷ് കുമാറിന് സഹപാഠിയായ ലക്ഷയ് രാജ് വഴി ചോർന്ന നീറ്റ് ചോദ്യപേപ്പറിന്റെ പിഡിഎഫ് ലഭിച്ചതായാണ് സിബിഐ കുറ്റപത്രത്തിലെ ആരോപണം. ഝുഝുനു സ്വദേശിയായ ലക്ഷയ്, സിക്കറിലെ അലൻ കോച്ചിങ് സ്ഥാപനത്തിലെ മുൻ വിദ്യാർഥിയായിരുന്നു. ചോർന്ന പിഡിഎഫ് ലഭിച്ച ചാറ്റുകൾ പിന്നീട് ലക്ഷയ് നീക്കം ചെയ്‌തതായും അന്വേഷണ സംഘം ആരോപിക്കുന്നു.

അലൻ കോച്ചിങ് സ്ഥാപനത്തിലെ മുൻ സഹപാഠിയായ രാജത് ചൗധരിയുമായി ലക്ഷയ്‌ക്ക് പരിചയമുണ്ടായിരുന്നു. രാജതിന്റെ ഇളയ സഹോദരൻ റിഷഭ് ചൗധരി നീറ്റ്-യുജി പരീക്ഷ എഴുതാനിരിക്കുകയായിരുന്നു. മെയ് 2ന് രാത്രി 10 മണിയോടെ സച്ചിൻ ധംഗറിന്റെ പരിചയപ്പെടുത്തലിലൂടെ അബിഷേക് സൈനിയിൽ നിന്ന് രാജതിന് ഫോൺ ലഭിച്ചതായാണ് കുറ്റപത്രത്തിൽ പറയുന്നത്. ചോർന്ന നീറ്റ് പേപ്പർ തന്റെ കൈവശമുണ്ടെന്നും അത് നൽകാൻ 40,000 രൂപ വേണമെന്നും അബിഷേക് ആവശ്യപ്പെട്ടതായി സിബിഐ ആരോപിക്കുന്നു.

തുടർന്ന് രാജത്, ലക്ഷയ് രാജിന്റെ രാജസ്ഥാൻ ഗ്രാമീൺ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോൺപേ വഴി 30,000 രൂപ കൈമാറിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഏകദേശം ഒരു മണിക്കൂറിന് ശേഷം പരീക്ഷയ്ക്ക് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ റിഷഭിന് സഹോദരൻ രാജത് വഴി ഏകദേശം 450 പരിഹരിച്ച ചോദ്യോത്തരങ്ങളുടെ പിഡിഎഫ് ലഭിച്ചതായും സിബിഐ പറയുന്നു.

സിക്കറിനെ കേന്ദ്രീകരിച്ച് പ്രവർത്തിച്ച മറ്റൊരു വിതരണ ശൃംഖലയും അന്വേഷണത്തിൽ കണ്ടെത്തിയതായി സിബിഐ പറയുന്നു. ആർകെ എജ്യുക്കേഷണൽ കൺസൾട്ടൻസിയുടെ ഉടമ രാകേഷ് മന്ദവാരിയയുടെ മൊഴി പ്രകാരം, ഏപ്രിൽ 30ന് നിതേഷ് ചൗധരി അദ്ദേഹത്തെ സമീപിക്കുകയും പണത്തിന് നീറ്റ് ചോദ്യപേപ്പർ സംഘടിപ്പിക്കാമെന്ന് പറയുകയും ചെയ്‌തിരുന്നു.

മെയ് 2ന് നിതേഷ് രണ്ട് പിഡിഎഫ് ഫയലുകളുമായി തിരിച്ചെത്തിയെന്നും അതിൽ ഏകദേശം 500 ചോദ്യങ്ങൾ ഉണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. ബ്ലൂടൂത്ത് വഴിയോ പെൻഡ്രൈവ് ഉപയോഗിച്ചോ ഫയലുകൾ കൈമാറാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വാട്‌സാപ്പ് വഴി കൺസൾട്ടൻസിയുടെ ഓഫീസ് കമ്പ്യൂട്ടറിലേക്ക് ഫയലുകൾ കൈമാറിയെന്നാന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+